ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന നടനാണ് കമല്‍ ഹാസന്‍. ആറാം വയസില്‍ സിനിമയിലേക്കെത്തിയ കമല്‍ ഹാസന്‍ ആദ്യചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കി. പിന്നീട് സിനിമയുടെ സകല മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ കമല്‍ ഹാസന്‍ സ്വന്തമാക്കാത്ത അവാര്‍ഡുകളിലില്ല. നടനായും താരമായും ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചുരുക്കം അഭിനേതാക്കളിലൊരാളാണ് കമല്‍ ഹാസന്‍.
താന്‍ ഇപ്പോഴും പുതിയ നടന്മാരുമായി മത്സരിക്കുകയാണെന്ന് പറയുകയാണ് കമല്‍ ഹാസന്‍. തന്റെ മത്സരം ആരോടാണെന്ന് ചോദിച്ചാല്‍ ഒരുപാട് നടന്മാരുടെ പേര് പറയുമെന്നും അതിലൊരാള്‍ സിലമ്പരസനാണെന്നും അദ്ദേഹം പറഞ്ഞു. അയാളുമായി പിടിച്ചുനില്‍ക്കുക എന്നതാണ് തന്റെ ഉദ്ദേശമെന്നും അതിനായി ശ്രമിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഗള്‍ട്ട് പ്രോ ചാനലിനോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
‘എല്ലാവരും എന്നോട് ചോദിക്കാറുണ്ട്, ആരുമായിട്ടാണ് ഞാന്‍ മത്സരിക്കുന്നതെന്ന്. ഇപ്പോള്‍ വരുന്ന പുതിയ നടന്മാരുടെ കൂടെയെല്ലാം ഞാന്‍ മത്സരിക്കാറുണ്ട്. സിലമ്പരസന്റെ കൂടെയാണ് ഇപ്പോള്‍ എന്റെ മത്സരം. അയാളുടെ കൂടെ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. അതിന് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
അത് സാധിച്ചുകഴിഞ്ഞാല്‍ ചിലപ്പോള്‍ അയാളുടെ മകന്‍ സിനിമയിലേക്കെത്തുമായിരിക്കും. അപ്പോള്‍ അയാളോടൊപ്പവും ഞാന്‍ മത്സരിക്കേണ്ടി വരും. ഇന്‍ഡസ്ട്രിയില്‍ ഞാന്‍ എത്രകാലം നിലനില്‍ക്കുന്നുണ്ടോ, അത്രയും കാലം ഓരോ പുതിയ നടന്മാരുടെ കൂടെയും ഞാന്‍ മത്സരിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ മാത്രമേ നിലനില്‍പുണ്ടാകുള്ളൂ,’ കമല്‍ ഹാസന്‍ പറയുന്നു.
കമല്‍ ഹാസന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം തഗ് ലൈഫ് റിലീസിന് തയാറെടുക്കുകയാണ്. മണിരത്‌നമാണ് ചിത്രത്തിന്റെ സംവിധായകന്‍ 36 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്. തമിഴിലെ മികച്ച നടന്മാരിലൊരാളായ സിലമ്പരസനും ചിത്രത്തില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. 24 വര്‍ഷത്തിന് ശേഷമാണ് റഹ്‌മാന്‍ കമല്‍ ഹാസന്റെ ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. തൃഷയും അഭിരാമിയുമാണ് ചിത്രത്തിലെ നായികമാര്‍. നാസര്‍, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍ തുടങ്ങി വന്‍ താരനിര തഗ് ലൈഫില്‍ അണിനിരക്കുന്നുണ്ട്. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Kamal Haasan saying he is now competing with Silambarasan TR