| Tuesday, 25th February 2025, 8:43 am

സിനിമ ശ്രദ്ധിക്കപ്പെടിലെങ്കിലും ആ നടിയുടെ പെര്‍ഫോമന്‍സ് ശ്രദ്ധിക്കപ്പെടും, അസാധ്യമായ കഴിവുള്ളവളാണ് അവര്‍: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന കമല്‍ 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥ, നിര്‍മാണം, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ തുടങ്ങി സകലമേഖലയിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് അമരന്‍. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറഞ്ഞ ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തില്‍ നായികയായെത്തിയത് സായ് പല്ലവിയായിരുന്നു. ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തിലൂടെ സായ് പല്ലവിക്ക് ഒരുപാട് പ്രശംസ ലഭിക്കുകയും ചെയ്തു.

സായ് പല്ലവിയെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. സായ് അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യൂ കാണുന്നതിനിടെയാണ് താന്‍ ആദ്യമായി സായ് പല്ലവിയെ പരിചയപ്പെട്ടതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. അപാരമായ കഴിവുള്ള നടിയാണ് സായ് പല്ലവിയെന്നും അന്ന് പരിചയപ്പെട്ടപ്പോള്‍ തന്നോട് ഒരു പരിഭവം പറഞ്ഞിരുന്നെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ വെറും റൗഡി ബേബിയായി മാത്രമേ പല സിനിമാക്കാരും കാണുന്നുള്ളൂവെന്ന് സായ് തന്നോട് പറഞ്ഞെന്നും എന്നാല്‍ അതിനെക്കാള്‍ കഴിവുള്ള നടിയാണ് അവരെന്ന് തനിക്ക് അറിയാമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ അതില്‍ സായ് പല്ലവിയുടെ പെര്‍ഫോമന്‍സ് പലപ്പോഴും ശ്രദ്ധിക്കപ്പെടുമെന്നും ഒരു ആര്‍ട്ടിസ്റ്റിന്റെ ഏറ്റവും വലിയ കഴിവ് അതാണെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. അമരന്റെ വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

‘സായ് പല്ലവിയെ ആദ്യമായി കാണുന്നത് അഞ്ചാറു വര്‍ഷം മുമ്പാണ്. ചെന്നൈ നുങ്കമ്പാക്കത്തുള്ള ഒരു പ്രിവ്യൂ തിയേറ്ററില്‍ അവരുടെ സിനിമയുടെ പ്രിവ്യൂ കാണാന്‍ പോയപ്പോഴായിരുന്നു അത്. അപാരമായ കഴിവുള്ള നടിയാണ് അവരെന്ന് അന്നേ മനസിലായി. എന്നാല്‍ അന്ന് സംസാരിച്ചപ്പോള്‍ എന്നോട് അവര്‍ ഒരു പരിഭവം പറഞ്ഞു.

‘എന്നെ വെറും റൗഡി ബേബി മാത്രമായിട്ടാണ് എല്ലാവരും കാണുന്നത്’ എന്നായിരുന്നു സായ് പറഞ്ഞത്. എന്നാല്‍ അവര്‍ വെറും റൗഡി ബേബി മാത്രമല്ലെന്ന് എനിക്ക് നന്നായി അറിയാം. അവര്‍ നായികയായി വരുന്ന സിനിമകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും ആ സിനിമയിലെ സായ്‌യുടെ പെര്‍ഫോമന്‍സ് ശ്രദ്ധിക്കപ്പെടാറുണ്ട്. ഒരു ആര്‍ട്ടിസ്റ്റിന്റെ ഏറ്റവും വലിയ കഴിവാണത്,’ കമല്‍ ഹാസന്‍ പറയുന്നു.

Content Highlight: Kamal Haasan about Sai Pallavi and her performances

We use cookies to give you the best possible experience. Learn more