| Sunday, 19th January 2025, 7:13 pm

കുഞ്ചാക്കോ ബോബനോട് പിടിച്ചു നിൽക്കാൻ പറ്റിയ ആരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് കമൽ. മിഴിനീർപൂക്കൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ കമൽ വ്യത്യസ്തമായ ഒരുപാട് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അത്തരത്തിൽ കമലിന്റെ കരിയറിലെ ഏറ്റവും വിജയമായ ചിത്രമായിരുന്നു നിറം. കുഞ്ചാക്കോ ബോബൻ ശാലിനി എന്നിവർ പ്രധാന വേഷത്തിലെത്തിയ ഒരു ക്യാമ്പസ് പ്രണയ ചിത്രമായിരുന്നു നിറം.

നിറത്തിന്റെ കഥ ആലോചിച്ചപ്പോൾ തന്നെ കുഞ്ചാക്കോ ബോബനെ നായകനാക്കാനാണ് താൻ തീരുമാനിച്ചതെന്നും എന്നാൽ അനിയത്തിപ്രാവിന് ശേഷമിറങ്ങിയ ചാക്കോച്ചന്റെ പല സിനിമകളും പരാജയമായതിനാൽ പലരും തന്നോട് കുഞ്ചാക്കോ ബോബനെ വിളിക്കേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും കമൽ പറയുന്നു. നായികയാവാൻ ശാലിനിയെ ആദ്യം സമീപിച്ചെങ്കിലും ഒരു തമിഴ് സിനിമയുടെ തിരക്കുകാരണം നോ പറഞ്ഞെന്നും പിന്നീട് പലർക്കും ഓഡിഷൻ നടത്തിയെങ്കിലും ആരും കുഞ്ചാക്കോ ബോബനുമായി പിടിച്ചുനിന്നില്ലെന്നും കമൽ കൂട്ടിച്ചേർത്തു. ഒടുവിൽ ശാലിനി തന്നെ സിനിമയുടെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു.

‘ചെറുപ്പത്തിന്റെ കഥ പറയാൻ തീരുമാനിക്കുമ്പോൾ എന്റെ മനസിൽ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു. കുഞ്ചാക്കോ ബോബൻ. പക്ഷേ, ചാക്കോച്ചനെ വച്ചു സിനിമ ചെയ്യുന്നതു റിസ്‌ക് ആണെന്നു പറഞ്ഞു പലരും എന്നെ വിലക്കി. ‘അനിയത്തി പ്രാവി’ൻ്റെ വൻവിജയത്തിനു ശേഷം വന്ന ചാക്കോച്ചന്റെ കുറേ സിനിമകളിൽ പലതും സാമ്പത്തികമായി വിജയിച്ചില്ല. പക്ഷേ, കുഞ്ചാക്കോ ബോബൻ ഇല്ലെങ്കിൽ ഈ സിനിമ ഇല്ല എന്ന നിലപാടായിരുന്നു എനിക്ക്.

കുഞ്ചാക്കോ ബോബന്റെ ജോഡിയായി മനസിൽ വന്നതു ശാലിനിയാണ്. അവരെ കുട്ടിക്കാലം മുതൽക്കേ അറിയാം. ശാലിനിയുടെ അച്ഛൻ ബാബുവും സുഹൃത്താണ്. എൻ്റെ ‘കൈക്കുടന്ന നിലാവ്’ എന്ന സിനിമയിൽ ശാലിനി അഭിനയിച്ചു പോയതേയുള്ളൂ.

അങ്ങനെ എന്തുകൊണ്ടും ശാലിനി തന്നെ നായിക എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ബാബുവിൻ്റെ ഫോൺ. ഒരു തമിഴ് സിനിമയ്ക്ക് ശാലിനി നേരത്തെ ഡേറ്റ് കൊടുത്തിട്ടുണ്ട്. ശാലിനി ഈ സിനിമയിൽ ഉണ്ടാവികില്ല എന്നു പറയാനാണ് ബാബു വിളിച്ചത്.

പുതുമുഖങ്ങളെ നോക്കാനായിരുന്നു അടുത്ത തീരുമാനം പത്രപരസ്യം കൊടുത്തു ധാരാളം പെൺകുട്ടികൾ ഓഡിഷനു വന്നു. പക്ഷേ, കുഞ്ചാക്കോ ബോബനോട് പിടിച്ചു നിൽക്കാൻ പറ്റിയ ആരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. അങ്ങനെ നായികയെ കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണു ഭാഗ്യം വീണ്ടും ശാലിനിയുടെ രൂപത്തിൽ വരുന്നത്. അവരുടെ തമിഴ് സിനിമ ഷൂട്ടിങ് മാറ്റിവച്ചത്രെ. ഫോണിലുടെ പറഞ്ഞ കഥ ശാലിനിക്കു വളരെ ഇഷ്ടമായി,’കമൽ പറയുന്നു.

Content Highlight: Kamal About Niram Movie Casting And Kunchako Boban

We use cookies to give you the best possible experience. Learn more