| Thursday, 13th February 2025, 9:42 pm

ആ ചിത്രത്തിൽ മോഹൻലാൽ ഉണ്ടെന്ന രഹസ്യം അയാൾ പരസ്യമാക്കുമോയെന്ന പേടി ഞങ്ങൾക്കുണ്ടായിരുന്നു: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എവർഗ്രീൻ സംവിധായകരിൽ ഒരാളാണ് കമൽ. മിഴിനീർ പൂവുകൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ കമൽ വ്യത്യസ്തമായ ഒരുപാട് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

അത്തരത്തിൽ കമൽ ഒരുക്കി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ ചിത്രമായിരുന്നു പെരുവണ്ണാപുരത്തെ വിശേഷങ്ങൾ. ജയറാം, പാർവതി, ഇന്നസെന്റ്, ജഗതി, കെ.പി.എ.സി ലളിത തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രത്തിൽ മോഹൻലാലും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

എന്നാൽ ചിത്രത്തിൽ മോഹൻലാലിനെ അഭിനയിപ്പിച്ചത് പുറത്തുള്ള ആരും അറിയാതെ ആണെന്നും അക്കാര്യത്തിൽ താൻ പേടിച്ചിരുന്നത് പി.ആർ.ഓ വാഴൂർ ജോസിനെയാണെന്നും കമൽ പറയുന്നു. മോഹൻലാലിന്റെ ഷൂട്ടിനു മുമ്പ് ജോസിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ആ സിനിമ റിലീസ് ചെയ്തപ്പോൾ ഉണ്ടായ തമാശ, മോഹൻലാൽ സിനിമയിൽ അഭിനയിക്കുന്നുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഒന്നുമുള്ള കാലമല്ലല്ലോ. ആകെ അന്ന് ഞങ്ങൾക്ക്‌ പേടി ഉണ്ടായിരുന്നത് വാഴൂർ ജോസിനെ ആയിരുന്നു. കാരണം വാഴൂർ ജോസ് അന്നും പി.ആർ.ഒ ആയിരുന്നു. എല്ലാ സിനിമയിലും പി.ആർ.ഒ വാഴൂർ ജോസ് ആണല്ലോ.

ജോസ് ഇത് അറിഞ്ഞുകഴിഞ്ഞാൽ എന്തായാലും ഒരു വാർത്തയായിട്ട് വല്ല പ്രസിദ്ധീകരണത്തിലും കൊടുക്കുമെന്ന് ഉറപ്പാണ്. നാന മാസികയാണ് അന്നുള്ളത്. നാനയിൽ ഇത് വന്ന് കഴിഞ്ഞാലും എല്ലാവരും അറിയും. ഞാൻ ആദ്യമേ പറഞ്ഞത് ആ വാഴൂർ ജോസിന്റെ വായ ഒന്ന് മൂടികെട്ടാൻ ആയിരുന്നു.

ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ്, ലാൽ വരുന്നതിന് തൊട്ട് മുമ്പ് ഞാൻ ജോസിനെ സെറ്റിലേക്ക് വിളിച്ചു വരുത്തി. എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഞാൻ ജോസിനോട് പറഞ്ഞു, എനിക്ക് നിങ്ങളെ മാത്രമേ വിശ്വാസമുള്ളൂ വേറെയാരെയും വിശ്വാസമില്ലെന്ന്. വേറെ ഏതാളോട് പറഞ്ഞാലും ഈ വിവരം പുറത്ത് പോവുമെന്ന് എനിക്കുറപ്പാണ് അതുകൊണ്ടാണ് ജോസിനോട് പറയുന്നത്, ഈ സിനിമയിൽ മോഹൻലാലുണ്ട്.

അത് കേട്ടതും ജോസ് മോഹൻലാൽ ഉണ്ടോയെന്ന് അത്ഭുതത്തോടെ ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. ഈ വിവരം പുറത്ത് പോവരുത്, ജോസ് പുറത്ത് പറയില്ലെന്ന് എനിക്കുറപ്പുണ്ട് എന്നാലും ലീക്കാവും എന്ന് ഞാൻ പറഞ്ഞു. ജോസിന് കാര്യം മനസിലായി. ജോസ് ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാൻ ആരോടും പറയില്ലെന്ന്. പിന്നെയത് വാഴൂർ ജോസിന്റെ ആവശ്യമായി മാറി ആ വിവരം പുറത്ത് പോവാതെ നോക്കേണ്ടത്,’ കമൽ പറയുന്നു.

Content Highlight: Kamal About Mohanlal’s Guest Role In Peruvennapurathe Visheshangal Movie

We use cookies to give you the best possible experience. Learn more