| Tuesday, 21st January 2025, 9:11 am

ട്രെൻഡാവുമെന്ന് കരുതിയ ആ ഡയലോഗിന് വലിയ കൂവൽ കിട്ടി, ഫ്ലോപ്പായെന്ന് തോന്നിയ ആ ചിത്രം അവസാനം സൂപ്പർഹിറ്റ്: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് കമൽ. മിഴിനീർപൂക്കൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ കമൽ വ്യത്യസ്തമായ ഒരുപാട് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

അത്തരത്തിൽ കമലിന്റെ കരിയറിലെ ഏറ്റവും വിജയമായ ചിത്രമായിരുന്നു നിറം. കുഞ്ചാക്കോ ബോബൻ ശാലിനി എന്നിവർ പ്രധാന വേഷത്തിലെത്തിയ ഒരു ക്യാമ്പസ് പ്രണയ ചിത്രമായിരുന്നു നിറം. വലിയ വിജയമായി മാറിയ സിനിമയായിരുന്നു നിറം.

എന്നാൽ സിനിമ തിയേറ്ററിൽ എത്തിയ ആദ്യ ദിനങ്ങളിൽ വലിയ കൂവലായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ കമൽ. പടം പരാജയപ്പെട്ടു എന്നാണ് താൻ കരുതിയതെന്നും എന്നാൽ അടുത്ത ദിവസം മുതൽ സിനിമയ്ക്ക് മികച്ച അഭിപ്രായം വരാൻ തുടങ്ങിയെന്നും കമൽ പറയുന്നു. സിനിമയിൽ ശാലിനിയും കുഞ്ചാക്കോ ബോബനും പരസ്പരം എടായെന്ന് വിളിക്കുന്ന ഭാഗങ്ങളിലാണ് കൂവലുണ്ടായിരുന്നതെന്നും ട്രെൻഡാവുമെന്ന് കരുതിയാണ് സിനിമയിൽ അതുൾപ്പെടുത്തിയതെന്നും കമൽ കൂട്ടിച്ചേർത്തു.

‘റിലീസിങ് ദിവസം തിയേറ്ററിൽ പോയി എൻ്റെ സിനിമ കാണാനുള്ള ശേഷി എനിക്കില്ല. നിറം റിലീസ് ചെയ്‌ത വ്യാഴാഴ്‌ച കൊടുങ്ങല്ലൂരിൽ ആയിരുന്നു. മോണിങ് ഷോയുടെ ഇൻ്റർവെൽ ആയപ്പോൾ തന്നെ എനിക്ക് റിപ്പോർട്ട് കിട്ടി തിയേറ്ററിനുള്ളിൽ വലിയ കൂവലാണ്. മാറ്റിനിക്കും ഫസ്‌റ്റ് ഷോയ്ക്കും ഇതുതന്നെ അവസ്ഥ. പടം വീണു എന്നുതന്നെ കരുതി. നിർമാതാക്കളായ രാധാകൃഷ്ണനും ജോണി സാഗരികയും വിളിച്ചു. പടം വീണു.

അടുത്ത ദിവസവും തിയേറ്ററിൽ ആളുണ്ട്. പക്ഷേ കൂവലിന് മാത്രം കുറവൊന്നുമില്ല. ഞാൻ സഹപ്രവർത്തകരോടു പറഞ്ഞു, എവിടെയാണ് കൂവൽ എന്ന് എഴുതിക്കൊണ്ടു വരൂ. ആ രംഗങ്ങൾ ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാം എന്നാണ് കരുതിയത്. അപ്പോഴാണ് അറിയുന്നത് കുഞ്ചാക്കോ ബോബനും ശാലിനിയും ‘എടാ’ എന്നു വിളിക്കുന്നിടത്താണ് കൂവൽ. സിനിമയിൽ മുഴുവനും അവർ അങ്ങനെയാണ് വിളിക്കുന്നത്. പുതിയ ട്രെൻഡ് എന്നൊക്കെ പറഞ്ഞാണ് ‘എടാ’ വിളി കൊണ്ടുവന്നത്. ഇനി ഒന്നും ചെയ്യാനില്ല. പടം വീണതുതന്നെ.

മൂന്നാം ദിവസം ഞാനും കുടുംബവും തിരുവനന്തപുരത്ത് വ്യക്തിപരമായ ഒരാവശ്യത്തിന് പോകുന്നു. വഴിക്കു വച്ച് എന്നെ ലിബർട്ടി ബഷീർ വിളിച്ചു. പടം സൂപ്പർ ഹിറ്റാണ്. യൂത്ത് സിനിമ ഏറ്റെടുത്തു. കോഴിക്കോട്ട് ടിക്കറ്റ് കിട്ടാതെ ആൾക്കാർ തിരിച്ചുപോകുന്നു. വർഷം ഇത്ര കഴിഞ്ഞെങ്കിലും ആ ഫോൺകോൾ ഞാനൊരിക്കലും മറക്കില്ല. പിന്നാലെ രാധാകൃഷ്‌ണനും ജോണി സാഗരികയും വിളിച്ചു. തിരുവനന്തപുരത്തും പടം ഹിറ്റാണ്. തിയേറ്ററിൽ ഇപ്പോൾ കൂവലൊന്നും ഇല്ല.

അന്നു രാത്രി തിരുവനന്തപുരത്ത് കൃപ തിയേറ്ററിൽ ചെന്ന് ഞാൻ സിനിമ കണ്ടു സെക്കൻഡ് ഷോ ഹൗസ്‌ഫുൾ. ആൾക്കാരുടെ പ്രതികരണം കണ്ടപ്പോൾ മനസ്സു നിറഞ്ഞു. ക്യാമ്പസിലെ ‘എടാ’ വിളി എല്ലാവരും ഏറ്റെടുത്തു,’കമൽ പറയുന്നു.

Content Highlight: Kamal About First Day Of Niram Movie

We use cookies to give you the best possible experience. Learn more