| Wednesday, 30th April 2025, 3:49 pm

അച്ഛന്റെ സിനിമകൾ ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്, പക്ഷേ അതേ സിനിമ ഇപ്പോൾ എടുത്താൽ വിജയിക്കുമോയെന്ന് അറിയില്ല: കല്യാണി പ്രിയദർശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെ മകൾ എന്ന ലേബലിൽ നിന്ന് നടി കല്യാണി പ്രിയദർശൻ എന്ന ഐഡന്റിറ്റിയിലേക്ക് മാറാൻ കല്യാണിക്ക് പെട്ടെന്ന് തന്നെ കഴിഞ്ഞിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണി മലയാള സിനിമയിലേക്ക് വരുന്നത്. അതിന് ശേഷം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളിലൂടെ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

തനിക്ക് കോമഡി സിനിമകൾ ചെയ്യാൻ ഇഷ്ടമാണെന്ന് കല്യാണി പ്രിയദർശൻ പറയുന്നു. തന്റെ അച്ഛൻ പ്രിയദർശന്റെ സിനിമകൾ ഒരുപാട് താൻ ആസ്വദിച്ചിട്ടുണ്ടെന്നും എന്നാൽ അതേ സിനിമ ഇപ്പോൾ എടുത്താൽ അത് വിജയിക്കുമോ എന്ന് അറിയില്ലെന്നും കല്യാണി പറഞ്ഞു.

തമാശകൾ കാലത്തിനും തലമുറകൾക്കും അനുസരിച്ച് മാറികൊണ്ടിരിക്കുമെന്നും തനിക്ക് ഇഷ്ടമുള്ള തമാശ ആയിരിക്കില്ല തന്റെ അനിയനിഷ്ടമെന്നും അതായിരിക്കില്ല തന്റെ അച്ഛനിഷ്ടമെന്നും കല്യാണി കൂട്ടിച്ചേർത്തു. സിനിമ തന്റെ പാഷനായതുകൊണ്ടുതന്നെ സമയമെടുത്താണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നതെന്നും നടി വ്യക്തമാക്കി. ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല്യാണി പ്രിയദർശൻ.

‘എനിക്ക് കോമഡി സിനിമകൾ ചെയ്യാൻ ഇഷ്ടമാണ്. അച്ഛന്റെ സിനിമകൾ ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. പക്ഷേ, അതേ സിനിമ ഇപ്പോൾ എടുത്താൽ അത് വിജയിക്കുമോ എന്ന് അറിയില്ല. തമാശകൾ കാലത്തിനനുസരിച്ച്, തലമുറകൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. എനിക്ക് ഇഷ്ടമുള്ള തമാശകളായിരിക്കില്ല എന്റെ അനിയന് ഇഷ്ടം. അതായിരിക്കില്ല എന്റെ അച്ഛന് ഇഷ്ടം. ഓരോരുത്തർക്കും വ്യത്യസ്‌തമായിരിക്കും.

സമയമെടുത്താണ് ഞാൻ ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത്. അതെൻ്റെ പാഷനായതുതന്നെയാവാം അതിനുള്ള കാരണം. ഒരുപാട് ആളുകൾക്ക് സിനിമ അവരുടെ തൊഴിലും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള ഉപാധിയും കൂടിയാണ്. എനിക്കിപ്പോൾ അങ്ങനെയുള്ള ഉത്തരവാദിത്തങ്ങളൊന്നുമില്ല,’ കല്യാണി പ്രിയദർശൻ പറയുന്നു.

Content Highlight: Kalyani Priyadarshan says she likes to act in comedy movies

We use cookies to give you the best possible experience. Learn more