അച്ഛനും അമ്മയും സിനിമയിലുള്ള ഞങ്ങൾ പിന്നെ എവിടെ പോകണം?; പൃഥ്വിരാജും ദുൽഖറും ഇൻസ്പിരേഷൻ: കല്യാണി പണിക്കർ
Malayalam Cinema
അച്ഛനും അമ്മയും സിനിമയിലുള്ള ഞങ്ങൾ പിന്നെ എവിടെ പോകണം?; പൃഥ്വിരാജും ദുൽഖറും ഇൻസ്പിരേഷൻ: കല്യാണി പണിക്കർ
നന്ദന എം.സി
Friday, 5th June 2026, 11:41 am

സിനിമാ താരങ്ങളുടെ മക്കൾ അഭിനയരംഗത്തേക്ക് എത്തുന്നതും അതുമായി ബന്ധപ്പെട്ട് ഉയരുന്ന ‘നെപോ കിഡ്’ ചർച്ചകളും ഇന്ത്യൻ സിനിമയിൽ എന്നും ശ്രദ്ധ നേടുന്ന വിഷയങ്ങളാണ്.

പലപ്പോഴും കടുത്ത വിമർശനങ്ങൾക്കും സോഷ്യൽ മീഡിയ ട്രോളുകൾക്കും ഇത്തരം താരപുത്രന്മാരും പുത്രിമാരും ഇരയാകാറുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ബിന്ദു പണിക്കറുടെ മകൾ കൂടിയായ കല്യാണി പണിക്കർ.

ദി ഷോസ്കേപ്പ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് കല്യാണി നെപോട്ടിസം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ‘നെപോ കിഡ്’ എന്ന വിശേഷണം ആദ്യം കേൾക്കുമ്പോൾ തനിക്ക് അസ്വസ്ഥത തോന്നിയിരുന്നുവെന്ന് കല്യാണി പറയുന്നു.

ഇപ്പോഴും സോഷ്യൽ മീഡിയയിൽ താൻ പങ്കുവയ്ക്കുന്ന വീഡിയോകൾക്കും റീലുകൾക്കും താഴെ ‘ഈസി ഓപ്പർച്യുണിറ്റി’ പോലുള്ള കമന്റുകൾ വരാറുണ്ടെന്നും താരം വ്യക്തമാക്കി.

എന്നാൽ പുറമേ നിന്ന് കാണുന്നവർക്ക് കാര്യങ്ങൾ എളുപ്പമാണെന്ന് തോന്നാമെങ്കിലും യഥാർത്ഥ യാത്ര അത്ര ലളിതമായിരുന്നില്ലെന്നാണ് കല്യാണിയുടെ അഭിപ്രായം.

ഓരോരുത്തരുടെയും പോരാട്ടങ്ങളും അനുഭവങ്ങളും പുറത്തുള്ളവരോട് വിശദീകരിക്കാൻ കഴിയില്ലെന്നും അതിനാൽ ഇത്തരം വിമർശനങ്ങൾക്ക് അധികം പ്രാധാന്യം നൽകാറില്ലെന്നും താരം പറഞ്ഞു.

‘അതിനെ ഒരു പ്രഷറായി കാണാതെ കഴിയുന്നത്ര മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാനാണ് ഞാൻ ശ്രമിക്കുന്നത്. സിനിമയിൽ നിലനിൽക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ്. അതിനപ്പുറം ഒന്നും ഞാൻ ചിന്തിക്കുന്നില്ല,’ കല്യാണി പറഞ്ഞു.

നെപോ കിഡ്സിനെതിരായ വിമർശനങ്ങളെയും താരം ചോദ്യം ചെയ്തു. സിനിമാ കുടുംബത്തിൽ ജനിച്ച കുട്ടികൾക്ക് സ്വാഭാവികമായി സിനിമയോടാണ് കൂടുതൽ അടുപ്പമുണ്ടാകുക എന്നും അവർ ആ മേഖലയിലേക്ക് വരുന്നതിൽ തെറ്റൊന്നുമില്ലെന്നും കല്യാണി അഭിപ്രായപ്പെട്ടു.

‘അച്ഛനോ അമ്മയോ സിനിമയിലുള്ളവരാണെങ്കിൽ ഞങ്ങൾ പിന്നെ എവിടെ പോകണം? സിനിമയുമായി വളർന്നുവന്ന ഒരാളെന്ന നിലയിൽ ആ ലോകത്തേക്ക് എത്താൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്,’ എന്നാണ് താരം പറയുന്നത്.

കല്യാണി പണിക്കർ, Photo: X.com

മലയാള സിനിമയിൽ നെപോ കിഡ് എന്ന വിശേഷണത്തോടെ എത്തിയ നിരവധി താരങ്ങൾ സ്വന്തം കഴിവുകൊണ്ട് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്നും കല്യാണി ചൂണ്ടിക്കാട്ടി.

പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളെയാണ് താൻ പ്രചോദനമായി കാണുന്നതെന്നും അവർ തങ്ങളുടെ അഭിനയ മികവും കഠിനാധ്വാനവും കൊണ്ടാണ് പ്രേക്ഷക സ്വീകാര്യത നേടിയെടുത്തതെന്നും താരം പറഞ്ഞു.

Content Highlight: Kalyani Panicker responds to criticism that she is a Nepo kid

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.