റിലീസ് ചെയ്ത് മൂന്നാം വാരത്തേലേക്ക് കടക്കുമ്പോഴും നിവിന്‍ പോളി നായകനായ സര്‍വം മായ മികച്ച രീതിയില്‍ മുന്നേറുകയാണ്. മലയാളത്തില്‍ ആദ്യമായി ഫീല്‍ ഗുഡ് ഹൊറര്‍ എന്ന വ്യത്യസ്തമായ ഴോണര്‍ സര്‍വം മായയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച പ്രഭേന്ദുവിനെപ്പോലെ പ്രേക്ഷക മനസില്‍ ഇടംനേടിയ കഥാപാത്രമാണ് ഡെലുലു.
ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധ നേടിയ റിയ ഷിബുവാണ് ഡെലുലുവിനെ പ്രേക്ഷകരിലേക്കെത്തിച്ചത്. ആദ്യ സിനിമയുടെ യാതൊരു പതര്‍ച്ചയുമില്ലാത്ത പ്രകടനമായിരുന്നു റിയയുടേത്. സോഷ്യല്‍ മീഡിയ മുഴുവന്‍ ഡെലുലു മയമാണ്. നായകനല്ലാതെ മറ്റാര്‍ക്കും കാണാനാകാത്ത, മായ എന്നര്‍ത്ഥം വരുനന പേരാണ് ഡെലുലു. എന്നാല്‍ ഇത്തരത്തിലൊരു ഡെലുലു കഥാപാത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ വന്നിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ മലയാളികളുടെ സ്വന്തം കല്പന അവതരിപ്പിച്ച മായ എന്ന കഥാപാത്രം ഡെലുലുവിന്റെ മറ്റൊരു വേര്‍ഷനാണെന്ന് പറയുന്ന പോസ്റ്റ് വൈറലായിരിക്കുകയാണ്. കല്പന ചേച്ചി ഈ സീന്‍ നേരത്തെ വിട്ടതാ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
കല്പന Photo: Screen grab/ AP International
കല്പന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും സര്‍വം മായയില്‍ റിയയുടെ പേരും മായ എന്നാണെന്ന് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിസ്മയത്തുമ്പത്തില്‍ കല്പനയുടെ കോമഡി രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. തന്നെ ആര്‍ക്കും കാണാനാകുന്നില്ലെന്ന് ചിന്തിച്ച് നടക്കുന്ന മായ എന്ന മാനസിക വിഭ്രാന്തിയുള്ള കഥാപാത്രത്തെയാണ് കല്പന അവതരിപ്പിച്ചത്.
മുകേഷ്, ഹരിശ്രീ അശോകന്‍, സലിം കുമാര്‍ എന്നിവര്‍ക്കൊപ്പമുള്ള കല്പനയുടെ കോമഡി രംഗങ്ങള്‍ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ നയന്‍താര അവതരിപ്പിച്ച റീത്ത എന്ന കഥാപാത്രത്തിനും ഡെലുലുവുമായി സാമ്യതയുണ്ടെന്ന് നേരത്തെ പോസ്റ്റുകള്‍ വൈറലായിരുന്നു. തനിക്കെന്ത് സംഭവിച്ചു എന്നറിയാത്ത ആത്മാവാണ് റീത്ത എന്ന കഥാപാത്രം.
എന്നാല്‍ ഈ തീം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവതരിക്കുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് ഒട്ടും ബോറടിക്കാതെ അവതരിപ്പിക്കാന്‍ സര്‍വം മായയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. റിയ ഷിബുവിന്റെ പെര്‍ഫോമന്‍സും ഡയലോഗ് ഡെലിവറിയുമെല്ലാം ഫ്രഷ് ഫീല്‍ സമ്മാനിച്ചു. പ്രഭേന്ദുവിന്റെ കൂടെ കൂടിയ മായ മലയാളസിനിമയില്‍ ഒരു കലക്ക് കലക്കുമെന്ന് ഉറപ്പാണ്.