ജയറാമും മകന്‍ കാളിദാസും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു ആശകള്‍ ആയിരം. റിലീസിന് മുമ്പ് അത്യാവശ്യം ഹൈപ്പുണ്ടായിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററില്‍ ലഭിച്ചത്. ഓസ്‌ലറിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ജയറാമിന് ഇത്തവണ ചെറുതായി അടിതെറ്റി. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയിലെത്തിയിരുന്നു.
തിയേറ്ററിലേത് പോലെ സമ്മിശ്ര പ്രതികരണം തന്നെയാണ് ഒ.ടി.ടിയിലും ചിത്രത്തിന് ലഭിക്കുന്നത്. മികച്ച ആദ്യപകുതിയും ശരാശരിയില്‍ ഒതുങ്ങിയ രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേതെന്ന് പലരും അഭിപ്രായപ്പെടുന്നു. ചിത്രത്തില്‍ പലരും എടുത്തുപറയുന്ന മറ്റൊരു നെഗറ്റീവാണ് കാളിദാസിന്റെ കഥാപാത്രവും പ്രകടനവും.
കാളിദാസ് Photo: Screen grab/ Zee 5
സിനിമാനടനാകാന്‍ കഷ്ടപ്പെടുന്ന അജീഷ് ഹരിഹരന്‍ എന്ന കഥാപാത്രത്തെയാണ് കാളിദാസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. നടനാകാന്‍ ആഗ്രഹമുണ്ടെങ്കിലും അഭിനയിക്കാനറിയാത്തയാളാണ് അജീഷെന്ന് പല സീനിലും കാണിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്യുന്ന റീലിലെല്ലാം അജീഷിന്റെ മോശം പ്രകടനമാണ് കാണുന്നത്.
എന്നാല്‍ അഭിനയിക്കാനറിയാത്ത അജീഷ് എന്ന കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാന്‍ കാളിദാസിന് സാധിച്ചിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സിനിമയിലെത്താന്‍ അജീഷ് നടത്തുന്ന സ്ട്രഗിളുകളും അച്ഛനോടുള്ള വാശിയുമെല്ലാം ഒരുവിധത്തില്‍ ചെയ്ത് ഫലിപ്പിച്ചെങ്കിലും അഭിനയിക്കാനറിയാത്ത ഭാഗങ്ങള്‍ ചെയ്തപ്പോള്‍ കാളിദാസിന് പാളിയിട്ടുണ്ട്.
എന്നാല്‍ രണ്ടാം പകുതിയില്‍ ചിലയിടങ്ങളില്‍ ജയറാം- കാളിദാസ് കോമ്പോ മികച്ച രീതിയില്‍ വര്‍ക്കായിട്ടുണ്ട്. ഒരുമിച്ച് ഇരുന്ന് മദ്യപിക്കുന്ന സീനില്‍ രണ്ടാളും കട്ടക്ക് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ക്ലൈമാക്‌സിലെ ഇമോഷണല്‍ സീനിലും കാളിദാസ് ഗംഭീര പെര്‍ഫോമാന്‍സാണ് കാഴ്ചവെച്ചത്. ജയറാമുമായുള്ള ഇമോഷണല്‍ സീന്‍ എല്ലാവരുടെയും കണ്ണ് നനയിക്കുകയും ചെയ്തു. ചെറുപ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് നേടിയ കാളിദാസിന്റെ കൈയില്‍ ഒരു വെടിക്കുള്ള മരുന്ന് ഇപ്പോഴുമുണ്ട്.
ഒരുപാട് സാധ്യതകളുണ്ടായിരുന്നിട്ടും എങ്ങുമെത്താതെ പോയ ശ്രമമായി ആശകള്‍ ആയിരത്തെ കണക്കാക്കാം. സിനിമയില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്ന അച്ഛന്റെയും മകന്റെയും ഈഗോ ക്ലാഷിനെ കൃത്യമായി എക്‌സ്‌പ്ലോര്‍ ചെയ്യുന്നതില്‍ എഴുത്തുകാരും സംവിധായകനും പരാജയപ്പെട്ടിട്ടുണ്ട്. ഈഗോ ക്ലാഷ് ആംഗിളിന് പകരം സിനിമാക്കാരുടെ കഷ്ടപ്പാട് എന്ന ക്ലീഷേ ട്രാക്കാണ് ചിത്രത്തില്‍ ഉപയോഗിച്ചത്.
Content Highlight: Kalidas Jayaram’s performance in Aashakal Aayiram movie