'പാപ്പമാ എക്‌സ്പ്രഷന്‍' അച്ഛന്‍ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഞങ്ങളും സ്റ്റിക്കറയച്ച് ട്രോളാറുണ്ട്: കാളിദാസ് ജയറാം
Malayalam Cinema
'പാപ്പമാ എക്‌സ്പ്രഷന്‍' അച്ഛന്‍ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഞങ്ങളും സ്റ്റിക്കറയച്ച് ട്രോളാറുണ്ട്: കാളിദാസ് ജയറാം
അമര്‍നാഥ് എം.
Saturday, 31st January 2026, 8:01 pm

മലയാളസിനിമയിലെ മികച്ച അച്ഛന്‍ -മകന്‍ കോമ്പോയാണ് ജയറാമും മകന്‍ കാളിദാസും. വെറും രണ്ട് സിനിമകളില്‍ മാത്രമേ ഒന്നിച്ചിട്ടുള്ളൂവെങ്കിലും ഇരുവരും തമ്മിലുള്ള വൈബ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമായ ആശകള്‍ ആയിരം റിലീസിനൊരുങ്ങുകയാണ്. അച്ഛനും മകനുമായി തന്നെയാണ് ചിത്രത്തില്‍ ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനിടെ കാളിദാസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ജയറാമിനെ സോഷ്യല്‍ മീഡിയയില്‍ പലരും ട്രോളുന്ന മേജര്‍ ശ്രീകുമാര്‍ മീമുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു കാളിദാസ്. തന്നെ വീട്ടിലുള്ളവരെല്ലാം കളിയാക്കാനായി ഈ മീം ഉപയോഗിക്കാറുണ്ടെന്ന ജയറാമിന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു കാളിദാസ്.

‘അഭിനയത്തെക്കുറിച്ച് ആദ്യം വിമര്‍ശനം വരുന്നത് വീട്ടില്‍ നിന്നാണ്. അവിടുന്നാണ് എല്ലാം തുടങ്ങുന്നത്. അതുകൊണ്ട് പുറത്തുനിന്നുള്ള ട്രോളുകളൊന്നും എന്നെ തീരെ ബാധിക്കാറില്ല. വീട്ടില്‍ കണ്ണനും മകളുമൊക്കെയാണ് ട്രോളാനായി മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വീട്ടില്‍ തന്നെ ‘പാപ്പമാ’ എന്ന് ട്രോളുന്നതുകൊണ്ട് വലിയ കുഴപ്പമൊന്നും തോന്നാറില്ല’ ജയറാം പറയുന്നു. ഇതിന് കാളിദാസ് മറുപടി നല്‍കുകയും ചെയ്തു.

‘ഫാമിലി ഗ്രൂപ്പില്‍ തന്നെ മേജര്‍ ശ്രീകുമാറിന്റെ സ്റ്റിക്കറുകള്‍ ഞങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇന്നലെ നടന്ന ട്രെയ്‌ലര്‍ ലോഞ്ചിലും ആ റിയാക്ഷനുണ്ടായിരുന്നു (ജയറാമിനെ അനുകരിക്കുന്നു). ബൈ ഡിഫോള്‍ട്ടാണ് ആ എക്‌സ്പ്രഷന്‍. അച്ഛന്‍ അറിഞ്ഞോണ്ട് ചെയ്യുന്നതല്ല. അതുകൊണ്ടാണ് എല്ലായിടത്തും ഇത് കാണിക്കുന്നത്’ കാളിദാസ് പറഞ്ഞു. മാതൃഭൂമി സംഘടിപ്പിച്ച ‘ക’ അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ജോഷി സംവിധാനം ചെയ്ത സലാം കാശ്മീരിലാണ് ജയറാമിന്റെ കരിയറിലെ ഐക്കോണിക് മീം ആദ്യമായി കാണുന്നത്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ട്രോള്‍ പേജുകളിലെ പ്രധാന ഇരയായി മേജര്‍ ശ്രീകുമാര്‍ മാറി. കഴിഞ്ഞദിവസം നടന്ന ട്രെയ്‌ലര്‍ ലോഞ്ചിലും ജയറാം ഐക്കോണിക് പോസ് ആവര്‍ത്തിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്നിവക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആശകള്‍ ആയിരം. ജൂഡ് ആന്തണി ജോസഫാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ആശ ശരത്, ഇഷാനി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. രമേഷ് പിഷാരടി, ഷറഫുദ്ദീന്‍, ആനന്ദ് മന്മഥന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഫെബ്രുവരി അഞ്ചിന് ആശകള്‍ ആയിരം തിയേറ്ററുകളിലെത്തും.

Content Highlight: Kalidas Jayaram about the iconic meme of Jayaram

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം