വാഴ 2നൊപ്പമുള്ള റിലീസ് കളക്ഷനില്‍ കുറവ് വരുത്തിയെങ്കിലും ഒ.ടി.ടി റിലീസിന് പിന്നാലെ സിനിമാപേജുകളിലെ സ്ഥിരം ചര്‍ച്ചയായിരിക്കുകയാണ് മോഹിനിയാട്ടം. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും മോഹിനിയാട്ടത്തെ വിശേഷിപ്പിക്കുന്നത്. ഡാര്‍ക്ക് കോമഡി സിനിമകളില്‍ മലയാളത്തിലെ ബെഞ്ച് മാര്‍ക്കായി മാറിയ മോഹിനിയാട്ടത്തിലെ ഓരോ സീനും ഡയലോഗും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.

സ്‌ക്രീനില്‍ വന്നുപോയ ഓരോ കഥാപാത്രവും അവരുടെ സ്‌പെയ്‌സ് കൃത്യമായി അടയാളപ്പെടുത്തി എന്നതാണ് മോഹിനിയാട്ടത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. ആദ്യഭാഗത്തിലെ പ്രധാന താരങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും ഇത്തവണ രംഗപ്രവേശം നടത്തിയിട്ടുണ്ട്. എല്ലാവരും അവരുടെ ഭാഗം കൃത്യമായി ചെയ്തിട്ടുണ്ട്.

അതില്‍ എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ചത് കലാരഞ്ജിനി അവതരിപ്പിച്ച സരസ്വതിയമ്മ എന്ന കഥാപാത്രമാണ്. സ്‌ക്രീനില്‍ വരുന്ന സീനിലെല്ലാം അപാര സ്‌കോറിങ്ങാണ് സരസ്വതിയമ്മ നടത്തുന്നത്. തന്നിലെ കോമഡി താരത്തെ മലയാളസിനിമ ഇനിയും ഉപയോഗിക്കാനുണ്ടെന്ന് കലാരഞ്ജിനി ഒരിക്കല്‍ കൂടി തെളിയിച്ചെന്ന് പറയാം.

സുരാജ് അവതരിപ്പിച്ച ഗോവിന്ദരാജ എന്ന കഥാപാത്രത്തെ കഴുത്തൊടിച്ച് കൊന്നതിന് ശേഷം കലാരഞ്ജിനി ഇടുന്ന എക്‌സ്പ്രഷനെല്ലാം ഗംഭീരമായിരുന്നു. മോഹിനീശ്വരി ദേവിയുടെ ഫോട്ടോ കുടുംബക്കാര്‍ കണ്ടതിന് ശേഷം കൈയിലൊരു തേങ്ങാമുറിയും പിടിച്ചുകൊണ്ടുള്ള നില്‍പ്പ് കണ്ടാല്‍ ആരായാലും ചിരിക്കും. നോട്ടം കൊണ്ട് മാത്രമല്ല, ഡയലോഗുകള്‍ കൊണ്ടും സരസ്വതിയമ്മ ചിരിപ്പിക്കുന്നുണ്ട്.

ഗോവിന്ദരാജയെ വീട്ടില്‍ പോയി കാണാമെന്നും ആള് കൂടിയാല്‍ പാമ്പ് ചാകില്ലെന്നും ശശിധരന്‍ പറയുമ്പോള്‍ വളരെ കൂളായി ‘ആ പാമ്പ് ചത്തു മോനെ’ എന്ന ഡയലോഗ് സിനിമാപേജുകളില്‍ വൈറലാണ്. ഗോവിന്ദയുടെ ബോഡി എന്ത് ചെയ്യുമെന്നറിയാതെ നില്‍ക്കുമ്പോള്‍ ‘നമുക്ക് കുറച്ച് അച്ചപ്പവും മുറുക്കുമായി പൊലീസിനെ പോയി കാണാം’ എന്ന ചോദ്യം വളരെ നിഷ്‌കളങ്കമാണ്.

വലിയൊരു ക്രൈം ചെയ്തിട്ടും അതിന്റെ യാതൊരു കുറ്റബോധവും സരസ്വതിയമ്മയിലില്ല. ഈ കഥാപാത്രത്തിന്റെയുള്ളില്‍ ഒരു സൈക്കോ ഒളിഞ്ഞിരിപ്പുന്നുണ്ടെന്ന് സംവിധായകന്‍ ഈ സീനുകളിലൂടെ പറയാതെ പറയുകയാണോ എന്നും ചില പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. ചിത്രത്തില്‍ അധികം ശ്രദ്ധിക്കാതെ പോയ ജോക്കര്‍ റഫറന്‍സും ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചയായി.

ഗോവിന്ദരാജയുടെ ബോഡി വീടിന് പുറത്തേക്ക് എങ്ങനെ എത്തിക്കുമെന്നറിയാതെ എല്ലാവരും നില്‍ക്കുമ്പോള്‍ ‘ബോഡി ഇതുപോലെ പുറത്തേക്ക് കൊണ്ടുപോകാതിരുന്നാല്‍ പോരെ’ എന്ന് ചോദിക്കുന്ന സീനില്‍ സരസ്വതിയമ്മക്ക് ജോക്കറിന്റെ ഷെയ്ഡാണ് സംവിധായകന്‍ നല്‍കിയത്. ഇത്തരത്തില്‍ ഒരുപാട് ഹിഡന്‍ ഡീറ്റെയിലുകളാണ് ചിത്രത്തിലുടനീളം.

Content Highlight: Kalaranjini’s dialogue and scenes in Mohiniyattam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ