മമ്മൂട്ടിയുടേത് സാദാ പെര്‍ഫോമന്‍സ്, വിനായകന്‍ മിസ്‌കാസ്റ്റ്, കളങ്കാവല്‍ ഓവര്‍റേറ്റഡെന്ന് ചിലര്‍, ഭ ഭ ബയെ രക്ഷിക്കാനാണോയെന്ന് കമന്റുകള്‍
Malayalam Cinema
മമ്മൂട്ടിയുടേത് സാദാ പെര്‍ഫോമന്‍സ്, വിനായകന്‍ മിസ്‌കാസ്റ്റ്, കളങ്കാവല്‍ ഓവര്‍റേറ്റഡെന്ന് ചിലര്‍, ഭ ഭ ബയെ രക്ഷിക്കാനാണോയെന്ന് കമന്റുകള്‍
അമര്‍നാഥ് എം.
Friday, 16th January 2026, 11:40 am

തിയേറ്ററില്‍ വന്‍ വിജയം സ്വന്തമാക്കുകയും കേരളത്തിന് പുറത്ത് ചര്‍ച്ചയാവുകയും ചെയ്ത ചിത്രമായിരുന്നു കളങ്കാവല്‍. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയിരുന്നു. ഒരിക്കല്‍ കൂടി മമ്മൂട്ടിയെന്ന നടന്റെ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സാണ് കളങ്കാവലിന്റെ ഹൈലൈറ്റ്.

എന്നാല്‍ ഒ.ടി.ടിയിലെത്തിയതിന് ശേഷം കളങ്കാവലിന് നേരെ ഒരുകൂട്ടമാളുകള്‍ നെഗറ്റീവ് ക്യാമ്പയിനുമായി ഇറങ്ങിയിരിക്കുകയാണ്. എല്ലാവരും തള്ളിമറിക്കുന്നതുപോലെയൊന്നും കളങ്കാവല്‍ ഗംഭീരമല്ലെന്നാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്. സീരിയല്‍ ലെവല്‍ മേക്കിങ്ങും ഒട്ടും പിടിച്ചിരുത്താത്ത കഥയുമാണെന്നും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്.

കളങ്കാവല്‍ Photo: Attiprakkal Jimmy/ Facebook

മമ്മൂട്ടി വെറുതേ നില്‍ക്കുന്ന ഷോട്ടുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ‘ഇതാണോ എല്ലാവരും പൊക്കിയടിച്ചുവെച്ച മഹാനടനം? സാദാ പെര്‍ഫോമന്‍സാണല്ലോ’ എന്നും ചോദ്യങ്ങളുയരുന്നുണ്ട്. നായകനായി വേഷമിട്ട വിനായകനെയും ഇവര്‍ വെറുതെ വിടുന്നില്ല. നത്ത് എന്ന കഥാപാത്രമായി വിനായകന്‍ മിസ്‌കാസ്റ്റാണെന്നും ചില പോസ്റ്റുകളുണ്ട്. എന്നാല്‍ ഈ പോസ്റ്റുകളുടെയെല്ലാം കമന്റ് ബോക്‌സില്‍ വലിയ വിമര്‍ശനമാണ്. കളങ്കാവലിനൊപ്പം ഒ.ടി.ടിയിലെത്തിയ ഭ ഭ ബയെ രക്ഷിച്ചെടുക്കാനാണോ ഈ ശ്രമമെന്നാണ് ഭൂരിഭാഗം കമന്റുകളും.

വന്‍ ഹൈപ്പിലെത്തി കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറിയ ഭ ഭ ബ കഴിഞ്ഞദിവസം രാത്രി ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററിലേതുപോലെ ഒ.ടി.ടിയിലും ഭ ഭ ബയെ കീറിമുറിക്കുന്നുണ്ട്. സ്പൂഫ് എന്ന് പറഞ്ഞ് കോമാളിത്തരം കാണിച്ചുവെച്ച ചിത്രമാണെന്നാണ് കൂടുതല്‍ പോസ്റ്റുകളും.

ഭ ഭ ബ Photo: AjMal/ Facebook

 

അതിഥിവേഷത്തിലെത്തിയ മോഹന്‍ലാലും ട്രോള്‍ മെറ്റീരിയലാകുന്നുണ്ട്. നാലര പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മോശം വേഷമാണ് ഭ ഭ ബയിലെ ഗില്ലി ബാലയെന്ന് പരക്കെ വിമര്‍ശനമുയരുന്നു. ബിഗ് ബ്രദര്‍, ബാറോസ് എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും മീം മെറ്റീരിയലാകുന്ന കാഴ്ചയാണ് ഭ ഭ ബയില്‍ കാണാന്‍ സാധിക്കുന്നത്.

40 കോടി ബജറ്റിലെത്തിയ ചിത്രം ഹിറ്റാകണമെങ്കില്‍ 70 കോടിയെങ്കിലും ആവശ്യമായിരുന്നു. എന്നാല്‍ ക്രിസ്മസ് അവധി പോലും മുതലാക്കാനാകാതെ ആദ്യ വീക്കെന്‍ഡില്‍ തന്നെ ഭ ഭ ബ വീണു. 46 കോടി മാത്രമാണ് ചിത്രം നേടിയത്. നവാഗതനായ ധനജ്ഞയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം വരും ദിവസങ്ങളില്‍ വീണ്ടും ‘എയറി’ലാകുമെന്ന് ഉറപ്പാണ്.

Content Highlight: Kalamkaval getting postive and Bha Bha Ba getting negative response after OTT release

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം