ഓട്ടൻതുള്ളൽ പഠിച്ച ഒരുത്തി, ആകപ്പാടെ ഉരുണ്ടുപരണ്ട് ഇരിക്കുന്നവള്‍; സ്‌നേഹയെ അധിക്ഷേപിച്ച് സത്യഭാമ
Kerala
ഓട്ടൻതുള്ളൽ പഠിച്ച ഒരുത്തി, ആകപ്പാടെ ഉരുണ്ടുപരണ്ട് ഇരിക്കുന്നവള്‍; സ്‌നേഹയെ അധിക്ഷേപിച്ച് സത്യഭാമ
രാഗേന്ദു. പി.ആര്‍
Tuesday, 6th January 2026, 3:38 pm

കോഴിക്കോട്: നര്‍ത്തകിയും അഭിനേത്രിയുമായ സ്‌നേഹയെ അധിക്ഷേപിച്ചും ബോഡി ഷെയിം ചെയ്തും കലാമണ്ഡലം സത്യഭാമ. സ്‌നേഹയെ ‘പിണ്ഡോദരി മോളെ’ എന്ന് വിളിച്ചുകൊണ്ടാണ് സത്യഭാമയുടെ അധിക്ഷേപം. ഇന്നലെ (തിങ്കള്‍) ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സത്യഭാമ സ്‌നേഹയെ ബോഡി ഷെയിം ചെയ്തത്.

മഴവില്‍ മനോരമയിലെ ‘മറിമായം’ എന്ന പരിപാടിയില്‍ സ്‌നേഹ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘മണ്ഡോദരി’ എന്നാണ്. ഇതിനെ മുന്‍നിര്‍ത്തിയാണ് സത്യഭാമയുടെ അധിക്ഷേപം.

നേരത്തെ നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചതില്‍ സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാമകൃഷ്ണന്റെ നിറത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തുകയായിരുന്നു.

ഇതിനുപിന്നാലെയാണ് സ്‌നേഹയെ അധിക്ഷേപിച്ചും സത്യഭാമ രംഗത്തെത്തിയിരിക്കുന്നത്. രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സ്‌നേഹ ഉള്‍പ്പെടെയുള്ളവര്‍ സത്യഭാമയെ വിമര്‍ശിച്ചിരുന്നു.

തന്നെ വിമര്‍ശിച്ചുകൊണ്ടുള്ള സ്‌നേഹയുടെ വീഡിയോ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നാണ് സത്യഭാമ പറയുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ ഒരു വിവാദമായിട്ട് തോന്നിയിട്ടില്ലെന്നും സത്യഭാമ വീഡിയോയില്‍ പറയുന്നു.

‘കലാമണ്ഡലത്തില്‍ നിന്ന് ഓട്ടൻതുള്ളൽ പഠിച്ച ഒരുത്തി. പക്ഷെ എന്ത് തുള്ളലാ അവള്‍ പഠിച്ചതെന്ന് എനിക്കറിയില്ല. ഞാന്‍ പിന്നീടാണ് അതിനെ കുറിച്ചെല്ലാം അറിയുന്നത്. യൂട്യൂബില്‍ മറിമായം എന്ന ഒരു സാധനം പോകുന്നുണ്ടല്ലോ? സാമാന്യം നല്ല ആര്‍ട്ടിസ്റ്റുകളാണ് അതിലുള്ളത്. മണികണ്ഠന്‍, നിയാസ്, ഉണ്ണി എന്നിവരെല്ലാം… ഈ മാറിമയത്തിലാണ് എനിക്കെതിരെ പോസ്റ്റിട്ട ആ ഒരുത്തി ഉള്ളത്. അവളെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമറിയാം. കൂര്‍ത്ത കവിളും ആകപ്പാടെ ഉരുണ്ടുപരണ്ട് ഇരിക്കുന്ന ഒരുത്തി,’ സത്യഭാമയുടെ പരാമര്‍ശം.

ഡാന്‍സിന്റെ ഇന്റര്‍വ്യൂവില്‍ സെലക്റ്റ് ആകാതിരുന്നതിനാലല്ലേ സ്നേഹ ഓട്ടൻതുള്ളൽ എടുത്തതെന്നും എന്നിട്ടിപ്പോള്‍ നീ എന്താണ് തുള്ളിക്കൊണ്ടിരിക്കുന്നതെന്നും സത്യഭാമ ചോദിക്കുന്നുണ്ട്.

കഞ്ഞി കുടിച്ച് ജീവിക്കാനല്ലേ നീ മറിമായത്തില്‍ പോയത്? നീ നല്ല ആര്‍ട്ടിസ്റ്റാണെന്നാണോ നിന്റെ വിചാരം? കലാമണ്ഡലത്തില്‍ നിന്ന് അന്തസായി പഠിച്ചിറങ്ങിയ വ്യക്തിയാണ് താനെന്നും സത്യഭാമ പറയുന്നു.

നിന്റെ ഭര്‍ത്താവ് പീഡനക്കേസില്‍ കുടുങ്ങിയ സംഭവം തങ്ങളാരും മറയ്ക്കില്ലെന്ന് പറഞ്ഞും സ്‌നേഹയെ സത്യഭാമ അധിക്ഷേപിക്കുന്നുണ്ട്. എന്തുകൊണ്ടാണ് നിന്നെ ആരും ഉര്‍വശി, ശാന്ത എന്നൊന്നും വിളിക്കാത്തത്? നിന്റെ ഇപ്പോഴത്തെ ഫിഗറിന് പറ്റിയ പേരാണ് മറിമായം ടീം നല്‍കിയിരിക്കുന്നതെന്നും സ്‌നേഹയെ ബോഡി ഷെയിം ചെയ്തുകൊണ്ട് സത്യഭാമ പറയുന്നുണ്ട്.

Content Highlight: Kalamandalam Sathyabhama insults and body-shames Marimayam Fame Sneha

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.