| Sunday, 17th January 2021, 1:08 pm

അദ്ദേഹത്തിന്റ കൂടെ നിന്ന് ചിത്രമെടുക്കാന്‍ പറ്റുന്നത് നിന്റെ ഭാഗ്യമാണ്; മോഹന്‍ലാലിനെ കാണാന്‍ പുറപ്പെട്ട പേരക്കുട്ടിയോട് കലാമണ്ഡലം ഗോപി പറഞ്ഞത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലും കഥകളി കലാകാരന്‍ കലാമണ്ഡലം ഗോപിയും തമ്മില്‍ നീണ്ട നാളത്തെ സൗഹൃദമാണ് ഉള്ളത്. വാനപ്രസ്ഥം എന്ന സിനിമയില്‍ ഒരുമിച്ചഭിനയിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഇരുവരുടെയും സൗഹൃദം. ഇപ്പോഴിതാ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാവുന്ന ആറാട്ട് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിക്കുകയാണ്. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിലെ ഒരു ഗാനരംഗത്തിലാണ് കലാമണ്ഡലം ഗോപിയും മോഹന്‍ലാലും ഒരിമിച്ചഭിനയിച്ചത്.

സിനിമയിലെ ഗാനരംഗത്തിനായി കലാമണ്ഡലം ഗോപിയെ വേണമെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാലാണ് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞത്. വരിക്കാശ്ശേരി മനയില്‍ വെച്ച് നടക്കുന്ന ഷൂട്ടിങ്ങിനായി പോവാന്‍ പുറപ്പെട്ടപ്പോള്‍ പേരക്കുട്ടിയായ മാളവിക കൂടെ വരാന്‍ പുറപ്പെട്ട കാര്യം കലാമണ്ഡലം ഗോപി മനോരമയോട് പറഞ്ഞു.

‘വലിയൊരു കലാകാരനെ കാണാന്‍ പറ്റുക, കൂടെ നിന്ന് ചിത്രമെടുക്കാന്‍ പറ്റുക എന്നതെല്ലാം എന്നതെല്ലാം നിന്റെ ഭാഗ്യമായിക്കാണണം. ഒരു കലാകാരന് വലിയ കലാകാരന്മാരെ കാണുന്നതിലും വലിയ ഭാഗ്യമില്ല,’ വീട്ടില്‍ നിന്ന് ഇങ്ങുന്നതിന് മുമ്പ് ഗോപി പേരക്കുട്ടിയോട് പറഞ്ഞതിങ്ങനെയാണ്.

സിനിമയിലെ ഗാനത്തിന്റെ ചിത്രീകരണത്തില്‍ ലാലിനും ഗോപിയ്ക്കുമൊപ്പം നെടുമുടി വേണുവും ഉണ്ടായിരുന്നു.

ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഉദയ്കൃഷ്ണയാണ്. പുലി മുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്.

ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഒരു ഐ.എ.എസ് ഓഫിസറായിട്ടാണ് താരം എത്തുന്നത്. ബി. ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്നത്. മോഹന്‍ലാലിനെവച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ആറാട്ടിലെ മറ്റു താരങ്ങള്‍.

ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍. പാലക്കാട്, ഹൈദരാബാദ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kalamandalam Gopi experience with Mohanlal

Latest Stories

We use cookies to give you the best possible experience. Learn more