അനൗണ്‍സ് ചെയ്ത് അഞ്ച് വര്‍ഷമായിട്ടും ഇതുവരെ ഷൂട്ട് പോലും ആരംഭിക്കാത്ത ചിത്രമാണ് വാടിവാസല്‍. സൂര്യയെ നായകനാക്കി വെട്രിമാരന്‍ ഒരുക്കുന്ന ചിത്രം ആരാധകര്‍ ഉപേക്ഷിച്ച മട്ടാണ്. വാടിവാസലിന് ശേഷം വെട്രിമാരന്‍ രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത് മൂന്നാമത്തെ പ്രൊജക്ടിലേക്ക് കടന്നിരിക്കുകയാണ്.
അഞ്ച് വര്‍ഷമായിട്ടും ഷൂട്ട് ആരംഭിക്കാത്ത വാടിവാസലിനെക്കുറിച്ച് നിര്‍മാതാവ് കലൈപ്പുള്ളി എസ്. താനു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വെട്രിമാരന്‍ തനിക്ക് നല്ല പ്രൊജക്ടുകളാണ് സമ്മാനിച്ചിട്ടുള്ളതെന്ന് താനു പറഞ്ഞു. അസുരന്‍ എന്ന സിനിമ തനിക്ക് ഒരുപാട് ലാഭം സമ്മാനിച്ചെന്നും അതിന് ശേഷം അരസന്‍ എന്ന സിനിമയും വെട്രിമാരനൊപ്പം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍മാതാവ് കലൈപ്പുള്ളി എസ്. താനു Phot: Screen grab/ Whistle
‘അരസന് ശേഷം ഒരു ബിഗ് ബജറ്റ് പ്രൊജക്ട് ഞങ്ങള്‍ ചെയ്യുന്നുണ്ട്. അതിന് ശേഷം വാടിവാസലും ചെയ്യുന്നുണ്ട്. വാടിവാസല്‍ ഉപേക്ഷിച്ചിട്ടില്ല. അതിന്റെ അനിമട്രോണിക്‌സ് വര്‍ക്കുകള്‍ ലണ്ടനില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന് നല്ല സമയമെടുക്കും. എന്തായാലും വാടിവാസല്‍ പ്രേക്ഷകരിലേക്കെത്തും. അത് ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല,’ തനു പറഞ്ഞു.
എന്നാല്‍ തനുവിന്റെ അഭിമുഖത്തിന് ട്രോളുകളാണ് ലഭിക്കുന്നത്. അഞ്ച് വര്‍ഷമായിട്ടും ഷൂട്ട് ആരംഭിക്കാത്ത സിനിമയില്‍ ഇനി പ്രതീക്ഷ വെക്കുന്നതില്‍ കാര്യമില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴുള്ള രീതിവെച്ച് മുന്നോട്ട് പോവുകയാണെങ്കില്‍ ഷൂട്ട് ആരംഭിക്കാന്‍ ഇനിയും പത്ത് വര്‍ഷമെടുത്തേക്കുമെന്നും ചിലര്‍ പരിഹസിച്ചു.
‘അന്ന് വാങ്ങിയ കാള വയസ്സായി മരിച്ചാലും ഷൂട്ട് ആരംഭിക്കാന്‍ സാധ്യതയില്ല’, ‘ഇനി ധ്രുവ നച്ചത്തിരത്തിന്റെ ഒപ്പം റിലീസ് ചെയ്യാനാണോ വാടിവാസലിന്റെ പ്ലാന്‍?’, ‘ഇനിയും പറ്റിക്കാനാണോ പ്ലാന്‍’, എന്നിങ്ങനെയാണ് പല കമന്റുകളും. ഒരു സിനിമ ചെയ്തുതീര്‍ക്കാന്‍ വെട്രിമാരന്‍ എടുക്കുന്ന കാലതാമസത്തെയും വിമര്‍ശിക്കുന്നവരുണ്ട്.
അരസന് ശേഷം വടചെന്നൈ 2 ചെയ്യുമോ അതോ വാടിവാസല്‍ ചെയ്യുമോ എന്ന് ചോദിച്ചാല്‍ വെട്രിമാരന് ഉത്തരമുണ്ടാകില്ലെന്നാണ് പ്രധാന വിമര്‍ശനം. ഏട്ട് വര്‍ഷമായി കാത്തിരിക്കുന്ന വടചെന്നൈയുടെ രണ്ടാം ഭാഗവും അഞ്ച് വര്‍ഷമായി കാത്തിരിക്കുന്ന വാടിവാസലും വെറും മിത്തായിരിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
തമിഴിലെ ബെസ്റ്റ് സെല്ലിങ് നോവലുകളിലൊന്നാണ് വാടിവാസല്‍. സി.എസ് ചെല്ലപ്പ എഴുതിയ നോവല്‍ രണ്ട് കാലഘട്ടങ്ങളിലായാണ് നടക്കുന്നത്. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണ് വാടിവാസല്‍ ഒരുങ്ങിയിട്ടുള്ളത്. സൂര്യയുടെ കരിയറിലെ ഏറ്റവും ഹൈപ്പുള്ള ചിത്രമായിരുന്നു വാടിവാസല്‍.
Content Highlight: Kalaipulli S Thanu’s statement about Vaadivaasal movie getting trolls