കിരീടം എന്നെ വളരെ ഹോണ്ട് ചെയ്യുന്ന ഒരു സിനിമയാണ്: കലാഭവൻ ഷാജോൺ
Malayalam Cinema
കിരീടം എന്നെ വളരെ ഹോണ്ട് ചെയ്യുന്ന ഒരു സിനിമയാണ്: കലാഭവൻ ഷാജോൺ
കെ.എസ് ഷാബിന
Friday, 24th July 2026, 9:24 am

മലയാള സിനിമയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച അതുല്യ കലാകാരനാണ് കലാഭവൻ ഷാജോൺ. വില്ലൻ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹം, ‘ദൃശ്യം’ സിനിമയിലെ ‘സഹദേവൻ’ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിലും ഷാജോൺ എത്തിയെങ്കിലും നിരവധി ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോൾ തനിക്ക് പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് മനസ് തുറക്കുകയാണ് കലാഭവൻ ഷാജോൺ. ‘ദി ക്യൂ’വിന് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ തന്നെ വല്ലാതെ സ്വാധീനിച്ച സിനിമകളെക്കുറിച്ച് സംസാരിച്ചത്.

കലാഭവൻ ഷാജോൺ.Photo:Filmibeat

ചെറുപ്പം മുതലേ താൻ കണ്ടുവളർന്നത് ലാലേട്ടന്റെ സിനിമകളായിരുന്നുവെന്നും, ‘തൂവാനത്തുമ്പികൾ’ എന്ന സിനിമയൊക്കെ കണ്ട് ലാലേട്ടനെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഷാജോൺ പറയുന്നു. ‘കിരീടം’ എന്ന സിനിമ തന്നെ വല്ലാതെ ഹോണ്ട് ചെയ്യുന്ന സിനിമയാണെന്നും ഷാജോൺ പറഞ്ഞു

‘നമ്മൾ ഒരുപാട് അനുകരിച്ചിട്ടുള്ളത് ലാലേട്ടന്റെ സിനിമകളായിരുന്നു. സിനിമകൾ നമ്മളെ ഹോണ്ട് ചെയ്യുന്നത് വളരെ ഭീകരമാണ്. ‘കിരീടം’ എന്നെ ഒരുപാട് ഹോണ്ട് ചെയ്ത ഒരു സിനിമയാണ്. കാരണം എന്റെ ചാച്ചനും പൊലീസുകാരനായിരുന്നു.

കിരീടം.Photo:Redddit

അതുകൊണ്ടുതന്നെ നമുക്ക് ഭയങ്കരമായിട്ട് അതെല്ലാം കണക്റ്റ് ആയി. മാമുക്കോയ ചെയ്ത പൊലീസുകാരനായാലും, സ്റ്റേഷനിൽ ചെന്നിട്ട് ശമ്പളം കിട്ടുന്ന അന്ന് കോഴി മേടിക്കാൻ ലാലേട്ടൻ നിൽക്കുന്നതുമെല്ലാം എനിക്ക് നന്നായി അറിയാം.

ഞാനും ചേട്ടനും ഹോളി ഫാമിലി സ്കൂളിലാണ് പഠിച്ചത്. സ്കൂളിന്റെ അടുത്തുതന്നെയായിരുന്നു പോലീസ് സ്റ്റേഷനും. ഞങ്ങൾ സ്കൂൾ കഴിഞ്ഞിട്ട് ചാച്ചനെ കാണാൻ ഓഫീസിൽ കയറി ചെല്ലും; ചാച്ചൻ ഞങ്ങൾക്ക് പൈസ തന്നു വിടുന്നതൊക്കെ ഞാൻ ഓർക്കുന്നു. അതുകൊണ്ട് ‘കിരീടം’ വളരെ കണക്റ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണ്’ കലാഭവൻ ഷാജോൺ പറയുന്നു.

Content Highlight: Kalabhavan Shajon says Kireedam is a movie that deeply haunts him

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.