| Thursday, 6th February 2025, 12:50 pm

ആ സീൻ ഫസ്റ്റ് ടേക്കിൽ ഞാൻ ഓക്കെയാക്കിയിട്ടും രാജുവിന് റീടേക്ക് വേണമെന്നായി, അവന്റെ മറുപടി എന്നെ ഞെട്ടിച്ചു: കലാഭവൻ ഷാജോൺ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍.

മൂന്ന് ഭാഗങ്ങളിലായി പുറത്തിറങ്ങുമെന്ന് അറിയിച്ച ചിത്രത്തിന്റെ ആദ്യഭാഗം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. എമ്പുരാന്റെ ആദ്യ ടീസർ ഈയിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച അഭിപ്രായമായിരുന്നു ടീസറിന് ലഭിച്ചത്.

വമ്പൻ താരനിര അണിനിരന്ന ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. അലോഷി എന്ന വേഷത്തിലായിരുന്നു ഷാജോൺ എത്തിയത്. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം തന്റെ കള്ളത്തരം തിരിച്ചറിയുന്ന സീനിൽ ഷാജോൺ ഞെട്ടുന്ന ഒരു ഭാഗമുണ്ട്.

തന്റെ അഭിനയം ക്യാമറമാന് ഓക്കെയായിരുന്നുവെന്നും എന്നാൽ പൃഥ്വി തന്നോട് മറ്റൊരു രീതിയിൽ ഞെട്ടനാണ് പറഞ്ഞതെന്നും ഷാജോൺ പറയുന്നു. സാധാരണ സിനിമയിൽ കാണാത്ത ഞെട്ടൽ വേണമെന്നായിരുന്നു പൃഥ്വി ആവശ്യപ്പെട്ടതെന്നും ഷാജോൺ സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ലാലേട്ടന്റെ കഥാപാത്രം, അലോഷി,കുഞ്ഞ് സുഖമായിട്ട് ഇരിക്കുന്നോ എന്ന് ചോദിക്കുമ്പോൾ എന്റെ കഥാപാത്രത്തിന്റെ ഒരു ഞെട്ടലുണ്ട്. ഫസ്റ്റ് ടേക്കിൽ തന്നെ ഞാൻ അത് ഓക്കെയാക്കി. ക്യാമറമാൻ സുജിത് വാസുദേവ് നന്നായിട്ടുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റ് പോയി. എന്നാൽ രാജു പെട്ടെന്ന് എന്റെ നേരെ വന്നിട്ട് പറഞ്ഞു, ചേട്ടാ ഒന്നുകൂടെ എടുക്കാമെന്ന്.

എന്നിട്ട് എന്നോട് പറഞ്ഞു, ചേട്ടന്റെ ആ ഞെട്ടൽ ഞാൻ വേറെ ഒന്ന് രണ്ട് സിനിമകളിൽ കണ്ടിട്ടുണ്ട് നമുക്കിത് വേണ്ട വേറൊരു ഞെട്ടൽ ഇടുമോ എന്ന് ചോദിച്ചു. രാജു പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. കാരണം നമ്മളുടെ കയ്യിൽ ആകെ ഒന്ന് രണ്ട് ഞെട്ടലും ചിരിയുമൊക്കെയല്ലേ ഉള്ളൂ. അതിലൊക്കെയാണ് നമ്മൾ പിടിച്ചു നിൽക്കുന്നത്. ഞാൻ ചോദിച്ചത് വേറേ ഏത്‌ ഞെട്ടൽ ഞെട്ടനാണെന്നാണ്,’കലാഭവൻ ഷാജോൺ പറയുന്നു.

Content Highlight: Kalabhavan Shajon About Prithviraj’s Film Making

We use cookies to give you the best possible experience. Learn more