| Monday, 17th March 2025, 12:54 pm

മോനെ, നീ ഡയലോഗ് പഠിച്ച് പറഞ്ഞു, പക്ഷേ അഭിനയം വന്നിട്ടില്ല; ലാലേട്ടന്‍ പറഞ്ഞു തന്നപ്പോഴാണ് അതെനിക്ക് മനസിലായത്: ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയത്തിന്റെ കാര്യത്തില്‍ തനിക്കുണ്ടായിരുന്ന ചില തെറ്റിദ്ധാരണകളെ കുറിച്ചും മോഹന്‍ലാലിനൊപ്പമഭിനയിച്ച ഒരു സിനിമയില്‍ അദ്ദേഹം അത് തിരുത്തി തന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ കലാഭവന്‍ ഷാജോണ്‍.

ഡയലോഗ്, ബൈ ഹാര്‍ട്ട് പഠിച്ച് പറയുന്നതാണ് അഭിനയമെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ അങ്ങനെ അല്ലെന്ന് തനിക്ക് അതോടെ മനസിലായെന്നും ഷാജോണ്‍ പറയുന്നു.

‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമ, സിദ്ദിഖ് സാറിന്റെ സിനിമയാണ്. അതില്‍ ലാലേട്ടന്റെ കൂട്ടുകാരന്‍, ഡ്രൈവര്‍, മാനേജര്‍ എല്ലാം ആയിട്ടുള്ള ഒരു ക്യാരക്ടറാണ് എന്റേത്. ഒരു സീനില്‍ ലാലേട്ടന് ഡയലോഗില്ല. എനിക്ക് മാത്രമാണ് ഡയലോഗ്.

ഇന്നിത് പൊളിക്കും ഞാന്‍, ലാലേട്ടനെ ഞെട്ടിച്ചേ കാര്യമുള്ളൂ, നമ്മളുടെ അടുത്താണ് കളി, നമ്മള്‍ ഇത്രയും പരിപാടി കഴിഞ്ഞ് വന്നേക്കുവാ എന്നൊക്കെ മനസില്‍ കരുതി വന്നിരിക്കുകയാണ് ഞാന്‍.

ഡയലോഗൊക്കെ മനപാഠം പഠിച്ചിട്ട് റിഹേഴ്‌സല്‍ ടൈമില്‍, ഓക്കെ ആക്ഷന്‍ എന്ന് പറഞ്ഞതും ഞാന്‍ ഒരു അലക്കങ്ങ് അലക്കി.

ഞാന്‍ വിചാരിച്ചത് അത് കഴിഞ്ഞ ഉടനെ ലാലേട്ടന്‍ വന്നിട്ട്, ഗുഡ്, എന്താ ഇത്, ഞാന്‍ വിചാരിച്ച പോലെ അലല്ലോ, പൊളിച്ചല്ലോ എന്നൊക്കെ പറയുമെന്നാണ്.

അങ്ങനെ റിഹേഴ്‌സല്‍ കഴിഞ്ഞ് ഞാന്‍ ലാലേട്ടനെ നോക്കി. എങ്ങനെയുണ്ട് ലാലേട്ടാ എന്ന് ചോദിച്ചു. കാണാതെ പഠിച്ച് പറഞ്ഞു, ഇനി അഭിനയിക്ക് എന്ന് പറഞ്ഞു.

അപ്പോള്‍ ഞാന്‍ അഭിനയിക്കുകയല്ലായിരുന്നോ എന്ന് ചോദിച്ചു. മോനെ അങ്ങനെ അല്ല മോനെ ഇത് വേറെ പരിപാടിയാണ് എന്ന് പറഞ്ഞു.

അതായത് മോന്‍ അവിടെ നില്‍ക്കുമ്പോള്‍ ചേട്ടന്‍ ഈ ഗ്ലാസ് അവിടെ കൊണ്ടുവയ്ക്കും അപ്പോള്‍ മോന്‍ അതില്‍ ഇച്ചിരി വെള്ളമൊഴിക്കണം. ഞാനത് എടുത്തിട്ട് മോനെ ഇങ്ങനെ നോക്കും. അപ്പോഴേ അടുത്ത ഡയലോഗ് പറയാവൂ.

അത് പറഞ്ഞു കഴിയുമ്പോള്‍ ഞാന്‍ ഒരു ഗ്ലാസുമായി ഇവിടെ വന്നിരിക്കും എന്നിട്ട് ഞാന്‍ ഒരു രണ്ട് സെക്കന്റ് ആലോചിച്ച് ഒന്നുകൂടി നോക്കുമ്പോഴേക്ക് നീ അടുത്ത ഡയലോഗ് പറയണമെന്നൊക്കെ പറഞ്ഞു തന്നു.

അപ്പോഴാണ് ഇതിന് ഒരു ലൈഫ് ഉണ്ട് എന്ന് എനിക്ക് മനസിലാകുന്നത്. ഇതിനൊരു മീറ്റര്‍ ഉണ്ട്. ഒരു ഗ്യാപ്പുണ്ട്. അതൊക്കെ നമുക്ക് മനസിലാകുന്നത് ഇവരുടെ കൂടെ അഭിനയിക്കുമ്പോഴാണ്.

എല്ലാ ഡയലോഗിനും ഒരു ഫീലുണ്ട്. അത് പറയുന്നതിന് മുന്‍പ് ഒരു സൈലന്റുണ്ട്. ഞാന്‍ പലപ്പോഴും ലാലേട്ടന്‍ ആക്ഷന്‍ പറയുന്നത് കേട്ടിട്ടില്ലെന്ന് വിചാരിച്ച സമയമുണ്ട്.

ഡയറക്ടര്‍ ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ പുള്ളി തിരിഞ്ഞു വരാനൊക്കെ ഇച്ചിരി ലേറ്റ് ആകും. ആക്ഷന്‍ കേട്ടിട്ടില്ല.. പണി പാളി എന്നൊക്കെ ഞാന്‍ മനസില്‍ പറഞ്ഞിരിക്കുമ്പോള്‍ പുള്ളി പയ്യെ തിരിച്ച് വന്ന് എന്നെ ഒന്ന് നോക്കിയിട്ടേ ഡയലോഗ് പറയുകയുള്ളൂ.

ഇത് സ്‌ക്രീനില്‍ കാണുമ്പോഴാണ് ഇതിന്റെ ഇംപാക്ട് മനസിലാകുക. ആ റിഥം മനസിലാകുക. ഇതാണ് ഇതിന്റെ പരിപാടി. അതുപോലെ തന്നെയാണ് മമ്മൂക്കയും. മൈന്യൂട്ട് ആക്ഷന്റെ കാര്യവും ക്യാരക്ടറില്‍ വരുത്താവുന്ന വ്യത്യാസങ്ങളും എല്ലാം പറഞ്ഞുതരും,’ ഷാജോണ്‍ പറഞ്ഞു.

Content Highlight: Kalabhavan Shajon about Mohanlal

We use cookies to give you the best possible experience. Learn more