| Saturday, 5th July 2025, 2:28 pm

സേഫ്റ്റിക്കാണെന്ന് പറഞ്ഞ് ഉപയോഗിച്ച അടിവസ്ത്രത്തിനുള്ളിലാണ് ആ നടന്‍ പണം സൂക്ഷിക്കുക: കലാഭവന്‍ റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കലാഭവന്‍ റഹ്‌മാന്‍. ആദ്യം കലാഭവനിലും പിന്നീട് സ്വന്തം ട്രൂപ്പായ മിമിക്‌സ് ഇന്ത്യയിലൂടെയും നിരവധി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്നത്. മിമിക്രിയിലൂടെ തന്നെയാണ് റഹ്‌മാന്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. 1986ല്‍ രഘുനാഥ് പാലേരി സംവിധാനം ചെയ്ത ഒന്നുമുതല്‍ പൂജ്യംവരെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ റഹ്‌മാന് സാധിച്ചിരുന്നു.

ഇപ്പോള്‍ പണ്ട് മിമിക്രി ചെയ്തിരുന്ന സമയത്ത് നടന്ന രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് കലാഭവന്‍ റഹ്‌മാന്‍. ഒരു പ്രോഗ്രാം കഴിഞ്ഞ് കോഴിക്കോടില്‍ എത്തിയെന്നും താനും ഹരിശ്രീ അശോകനും ലാലും അന്‍സാറും കൂടി തിരുനെല്ലിയിലേക്ക് പോകാന്‍ പ്ലാന്‍ ഇട്ടെന്നും കലാഭവന്‍ റഹ്‌മാന്‍ പറയുന്നു.

പ്രോഗ്രാം കഴിഞ്ഞപ്പോള്‍ പണം അന്‍സാറിന്റെ കയ്യിലാണ് കൊടുത്തതെന്നും തങ്ങള്‍ അത് ചോദിച്ചപ്പോള്‍ അദ്ദേഹം ഉപയോഗിച്ച അടിവസ്ത്രത്തിനുള്ളിലാണ് അത് സൂക്ഷിച്ച് വെച്ചതെന്നും റഹ്‌മാന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ ഒരിക്കല്‍ ഒരു പ്രോഗ്രാമിന് പോയി. കോഴിക്കോടുനിന്ന് പരിപാടി കഴിഞ്ഞ് എല്ലാവരും പിരിയുകയാണ്. എനിക്കും ഹരിശ്രീ അശോകനും ലാലിനും അന്‍സാറിനൊക്കെ കൂടി തിരുനെല്ലിയിലേക്ക് പോകാന്‍ പ്ലാനുണ്ടായിരുന്നു. അതിന്റെയിടയ്ക്ക് കോഴിക്കോട് ബീച്ചില്‍ പോയി. പ്രോഗ്രാമിന്റെ പൈസ അന്‍സാറിന്റെ കൈയിലാണ്. അപ്പോള്‍ ഞങ്ങള്‍, എല്ലാവര്‍ക്കും പൈസ തരാന്‍ പറഞ്ഞു.

അവന്റെ കൈയില്‍ സ്യൂട്ട്‌കേസുണ്ട്. അവന്‍ ബീച്ചില്‍ വെച്ച് അത് തുറന്നു. ഇവന്‍ ഉപയോഗിച്ച അടിവസ്ത്രത്തിന്റെ ഉള്ളിലാണ് പൈസ വെച്ചത്. സേഫ്റ്റിയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞു. പക്ഷേ ഞങ്ങള്‍ അത് എങ്ങനെ വാങ്ങുമെന്നൊരവസ്ഥ കൂടിയില്ലേ. പിന്നെ പൈസ കളയാനാകില്ലല്ലോ. ഇത് അവന്റെ മണ്ടത്തരമെന്ന് പറയാനാകില്ല. അവന്റെ ആത്മാര്‍ത്ഥത കൂടിയതാണ്,’ കലാഭവന്‍ റഹ്‌മാന്‍ പറയുന്നു.

Content Highlight: Kalabhavan Rahman Shares A Incident

We use cookies to give you the best possible experience. Learn more