| Tuesday, 4th February 2025, 10:39 am

വെട്ടം; എന്റെ പ്രായത്തില്‍ ചെയ്യേണ്ട വേഷമായിരുന്നില്ല; എന്നെ അട്രാക്ട് ചെയ്തത് അദ്ദേഹം: കലാഭവന്‍ നവാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2004ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ദിലീപ്, ഭാവ്‌ന പാനി എന്നിവര്‍ ഒന്നിച്ച് എത്തിയ ഹിറ്റ് ചിത്രമാണ് വെട്ടം. ഉദയകൃഷ്ണ, സിബി കെ. തോമസ്, പ്രിയദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. 1995ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് കിസ്സ് എന്ന സിനിമയെ ആധാരമാക്കിയാണ് വെട്ടം നിര്‍മിച്ചിരിക്കുന്നത്.

ദിലീപ്, ഭാവ്‌ന പാനി എന്നിവര്‍ക്ക് പുറമെ കലാഭവന്‍ മണി, ഇന്നസെന്റ്, ജനാര്‍നന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, രാധ രവി, സുകുമാരി, ജഗദീഷ്, മാമുക്കോയ, മിഥുന്‍ രമേഷ്, സ്ഫടികം ജോര്‍ജ്, ബിന്ദു പണിക്കര്‍, സോന നായര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.

വെട്ടത്തില്‍ കലാഭവന്‍ നവാസും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. പ്രിന്‍സ് എന്ന കഥാപാത്രമായാണ് നവാസ് എത്തിയത്. ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍വെട്ടം സിനിമയെ കുറിച്ച് പറയുകയാണ് നടന്‍.

‘എനിക്ക് ഏറെ അത്ഭുതം തോന്നിയിട്ടുള്ള ഒരു കഥാപാത്രമാണ് വെട്ടം എന്ന സിനിമയിലേത്. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ കഥാപാത്രമായിരുന്നു. എന്റെ പ്രായത്തില്‍ ഞാന്‍ ചെയ്യേണ്ട വേഷമായിരുന്നില്ല. അന്ന് എനിക്ക് 28 വയസോ മറ്റോ ആയിരുന്നു. എന്റെ ഓപ്പോസിറ്റ് വന്നതാകട്ടെ ബിന്ദു ചേച്ചിയായിരുന്നു.

ഒരു ഷോ കഴിഞ്ഞ് വിദേശത്ത് നിന്ന് വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് വെട്ടത്തിലേക്ക് എനിക്ക് കോള് വരുന്നത്. ഉദയകൃഷ്ണയും സിബി കെ. തോമസുമായിരുന്നു അതിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. ഹ്യൂമര്‍ കണക്ട് ചെയ്ത് വന്ന കഥാപാത്രമായത് കൊണ്ടാകണം അവര്‍ എന്നെ വിളിച്ചത്.

ഒരുപാട് ആര്‍ട്ടിസ്റ്റുകളുള്ള സിനിമയായിരുന്നു വെട്ടം. ഈ സിനിമ വീണ്ടും വരാന്‍ പോകുകയാണ്. അതും 4കെ യില്‍. അങ്ങനെയുള്ള ഒരു സൂചന എനിക്ക് തന്നിരുന്നു. എന്നെ സംബന്ധിച്ച് വളരെ പെട്ടെന്ന് വന്ന കഥാപാത്രമാണ് വെട്ടത്തിലേത്.

പ്രിയന്‍ സാറിന്റെ സിനിമയാണ്. അത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. എന്നെ ഏറ്റവും കൂടുതല്‍ അട്രാക്ട് ചെയ്തതും അതായിരുന്നു. അദ്ദേഹത്തിന്റെ ഒരു പടം ചെയ്യാനുള്ള അവസരം എനിക്ക് അതിന് മുമ്പ് ലഭിച്ചിരുന്നില്ല. പ്രിയന്‍ സാറിന്റെ സിനിമയില്‍ ഒരു ഷോട്ട് കിട്ടിയാല്‍ പോലും ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്,’ കലാഭവന്‍ നവാസ് പറഞ്ഞു.

Content Highlight: Kalabhavan Navas Talks About Vettam Movie And Priyadarshan

Latest Stories

We use cookies to give you the best possible experience. Learn more