കോടതിയും വക്കീലുമുള്ള സിനിമ എന്നു കേട്ടപ്പോള്‍ ആദ്യം വലിയ ആകാംക്ഷ ഒന്നും ഉണ്ടായിരുന്നില്ല. ഒറിജിനല്‍ വക്കീല്‍ താരങ്ങള്‍ മുതല്‍ മിമിക്രി താരങ്ങള്‍ വരെ നിരന്തരം കോമഡി ആയിട്ടും ട്രാജഡി ആയിട്ടും ഒക്കെ വെള്ളിത്തിരയില്‍ പകര്‍ന്നാടിയ ഒരുപാട് വക്കീല്‍ വേഷങ്ങള്‍ കണ്ടതാണ് മലയാളിയുടെ കണ്ണുകള്‍.
മലയാള സിനിമയില്‍ ഇപ്പോഴും ‘ഉയരേ ‘ തന്നെ നില്‍ക്കുന്ന ആസിഫ് അലിക്ക്, ആദ്യ വക്കീല്‍ വേഷമാണ് ഇതെങ്കിലും, രണ്ടര മണിക്കൂര്‍ വാദിക്കാന്‍ മാത്രം ഉള്ള കേസൊക്കെ അമ്മിണിപ്പിള്ളയില്‍ ഉണ്ടോ എന്നൊരു സംശയവും ട്രെയിലര്‍ കണ്ടപ്പോള്‍ വന്നു .
ഒരു കഥ പ്രേക്ഷകന് എളുപ്പം പകര്‍ന്നു നല്‍കാന്‍, ‘ഹാസ്യരസം’ ഉപയോഗിക്കുന്നതാണ് സിനിമകളിലെ വിജയകരമായ ഒരു നടപ്പുരീതി. ടൈറ്റില്‍ റോള്‍ ആയ ‘അമ്മിണിപ്പിള്ള’ എന്ന കഥാപാത്രം ചെയ്യുന്നത് ഒഴിവാക്കി രാഷ്ട്രീയഭാവി തേടുന്ന ഒരു വക്കീലിന്റെ വേഷം ആണ് ആസിഫ് അലിയുടേത്. വിജയ് സൂപ്പര്‍ ടൈപ്പ് നായകന്‍ അല്ലെങ്കിലും അഭിനയം ആ ഒരു രീതി തന്നെയാണ്. അദ്ദേഹത്തിന്റെ നായക വേഷത്തിന്റെ സഹായികള്‍ ആയി ബേസില്‍ ജോസഫും നിര്‍മ്മല്‍ പാലാഴിയുമുണ്ട്. നായക പ്രാധാന്യമുള്ള കഥാപാത്രങ്ങളുടെ നിലനില്‍പ്പിന് ‘സഹായികള്‍ വേണം’ എന്ന് സെന്‍സര്‍ ബോര്‍ഡിന്റെ നിബന്ധന ഉണ്ടോ എന്നു വരെ തോന്നിപ്പോകും, മലയാള സിനിമ സ്ഥിരമായി ഫോളോ ചെയ്യുന്ന ആ പാറ്റേണ്‍ കാണുമ്പോള്‍.
സാള്‍ട്ട് & പേപ്പറിലെ കെ.ടി മിറാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്ത തിരക്കഥാകൃത്ത് അഹമ്മദ് സിദ്ദിഖ് ആണ് അമ്മിണിപ്പിള്ളയുടെ റോളില്‍. ശ്രീകാന്ത് മുരളി അവതരിപ്പിച്ച കുടുംബക്കോടതി ജഡ്ജിന്റെ വേഷം സ്വാഭാവികം ആയിരുന്നു എന്നത് എടുത്തു പറയണം. വിജയരാഘവനും ബേസില്‍ ജോസഫും കയ്യടി നേടുന്നു .
കുടുംബക്കോടതികള്‍ എങ്ങനെ നടക്കുന്നു എന്നും കൗണ്‍സിലിംഗ് മുതല്‍ കേസ് വിധി വരെയുള്ള നാള്‍ വഴികള്‍ എന്താണെന്നുള്ളതും സവിസ്തരം പ്രതിപാദിക്കുന്ന ദൃശ്യങ്ങള്‍ മലയാള സിനിമയ്ക്ക് താരതമ്യേന പുതിയ അനുഭവം ആണ്, അത് നാടകീയത വിട്ട് ന്യൂ ജന്‍ സിനിമകളിലെപ്പോലെ സ്വാഭാവികം ആയി ചിത്രീകരിക്കാന്‍ ശ്രമിച്ചത് വളരെ നന്നായി.
കഥയുടെ കെട്ടുറപ്പിന് , ‘കാന്തി’ എന്ന കഥാപാത്രത്തിന്റെ ‘നിഷ്‌കളങ്കത’ 20 കിലോ വര്‍ധിപ്പിച്ച് ഏറ്റെടുത്ത ഷിബിലയും നന്നായി.
ദാമ്പത്യ ബന്ധങ്ങളില്‍ നിന്ന് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അര്‍ത്ഥം വേര്‍തിരിച്ചെടുക്കാനുള്ള തിരക്കഥാകൃത്ത് സനിലേഷിന്റെ ശ്രമങ്ങള്‍ വിജയിക്കുന്നുണ്ട്. പക്ഷെ കുടുംബക്കോടതി എന്ന ഒരു കഥാപരിസരത്തിന് മുന്നില്‍ തുറന്നു കിടക്കുന്ന സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ ചിത്രം ഇതിലും മികച്ചതാവുമായിരുന്നു എന്ന് നിസംശയം പറയാം.
തമാശയുടെ കയര്‍ അരയില്‍ക്കെട്ടി ബന്ധങ്ങളുടെ ഊഷ്മളതയിലേക്ക് ആഴ്ന്നിറങ്ങി പ്രേക്ഷകന്റെ കണ്ണ് നനയിപ്പിക്കുന്നതാണ് സിനിമയെക്കുറിച്ച് പോസിറ്റീവ് ആയി റിവ്യൂ എഴുതാന്‍ ക്രിട്ടിക്കുകളെ പ്രചോദിപ്പിക്കുന്ന ഒരു വലിയ ഘടകം. കുടുംബമായി സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് ഒന്നുകൂടി പരസ്പരം സ്‌നേഹിച്ചാല്‍ കൊള്ളാം എന്ന തോന്നല്‍ ഉളവാക്കുന്നു എന്നത്, ഒരു സിനിമയുടെ സമൂഹത്തിനുള്ള മികച്ച സംഭാവന തന്നെയാണ്. വളരെ നല്ല ദൃശ്യാവിഷ്‌കാരത്തിലൂടെ ആ സന്ദേശം ഭംഗിയായി പകര്‍ന്നു നല്‍കിയ സംവിധായകന്‍ ദിന്‍ജിത്തിന് നല്‍കാം ഈ ആഴ്ചയിലെ ഹാന്‍ഡ് ഷേക്ക് .
