നോര്‍ത്ത് ഇന്ത്യയില്‍ പലരും എന്നെ തിരിച്ചറിയുന്നത് ആ തെലുങ്ക് സിനിമ കാരണമാണ്: കാജല്‍ അഗര്‍വാള്‍
Indian Cinema
നോര്‍ത്ത് ഇന്ത്യയില്‍ പലരും എന്നെ തിരിച്ചറിയുന്നത് ആ തെലുങ്ക് സിനിമ കാരണമാണ്: കാജല്‍ അഗര്‍വാള്‍
അമര്‍നാഥ് എം.
Monday, 20th July 2026, 7:30 am

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരിലൊരാളാണ് കാജല്‍ അഗര്‍വാള്‍. 2007ല്‍ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിലൂടെയാണ് കാജല്‍ നായികയായി അരങ്ങേറിയത്. പിന്നീട് തമിഴിലും തെലുങ്കിലും വമ്പന്‍ സിനിമകളുടെ ഭാഗമായിക്കൊണ്ട് സൗത്ത് ഇന്ത്യന്‍ സിനിമകളിലെ അവിഭാജ്യഘടകമായി മാറി. വിവാഹശേഷം സിനിമാലോകത്ത് അത്ര സജീവമല്ലെങ്കിലും വര്‍ഷത്തില്‍ ഓരോ സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിക്കുന്നുണ്ട്.

ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഏറ്റവും ചെലവേറിയ പ്രൊജക്ടായി ഒരുങ്ങുന്ന രാമായണയിലും കാജല്‍ ഭാഗമാണ്. മണ്ഡോദരിയായാണ് കാജല്‍ രാമായണയില്‍ വേഷമിടുന്നത്. ബോളിവുഡില്‍ അത്ര സജീവമല്ലെങ്കിലും രാമായണ താരത്തിന് വലിയ മൈലേജ് നല്‍കുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഹിന്ദി പ്രേക്ഷകര്‍ക്ക് താന്‍ അത്ര സുപരിചിതയല്ലായിരുന്നെന്ന് പറയുകയാണ് കാജല്‍ അഗര്‍വാള്‍.

കാജല്‍ അഗര്‍വാള്‍ Photo: Screen grab/ News Book

ഹിന്ദിയില്‍ സിങ്കം അടക്കം വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്ന് താരം പറഞ്ഞു. എന്നാല്‍ താന്‍ ചെയ്ത സൗത്ത് ഇന്ത്യന്‍ സിനിമകളുടെ ഹിന്ദി പതിപ്പ് യൂട്യൂബില്‍ നിരവധിയാളുകള്‍ കണ്ടിട്ടുണ്ടെന്നും എവിടെയെങ്കിലും പോകുമ്പോള്‍ ആ സിനിമകളെക്കുറിച്ച് ആരെങ്കിലുമൊക്കെ സംസാരിക്കുമെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു. ന്യൂസ് ബുക്കിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ അഭിനയിച്ച സൗത്ത് ഇന്ത്യന്‍ സിനിമകളുടെ ഹിന്ദി ഡബ്ബ് വേര്‍ഷനായിരിക്കും പലരും കണ്ടിട്ടുണ്ടാവുക. അതില്‍ പലരും എന്നെ തിരിച്ചറിയുന്നത് ആര്യ 2 എന്ന സിനിമ കാരണമാണ്. നോര്‍ത്ത് ഇന്ത്യയില്‍ പലയിടത്തും ആ സിനിമ വൈറലാണ്. അല്ലു അര്‍ജുന്റെ സിനിമയിലെ നായികയല്ലേ എന്ന് ഒരുപാട് ആളുകള്‍ ചോദിച്ചിട്ടുണ്ട്.

അക്കാരണം കൊണ്ടുതന്നെ എനിക്ക് ആ സിനിമ വളരെ സ്‌പെഷ്യലാണ്. അതിലെ പാട്ടുകളും എന്റെ ക്യാരക്ടറുമെല്ലാം ഗംഭീരമാണെന്ന് പലരും പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും. തെലുങ്കിലും ആ സിനിമക്ക് പ്രത്യേക ഫാന്‍ ബേസുണ്ടെന്ന് അറിയാം. ആ സിനിമ കരിയറില്‍ ഒരു നല്ല അനുഭവമായിരുന്നെന്ന് തന്നെ പറയാം,’ കാജല്‍ അഗര്‍വാള്‍ പറയുന്നു.

അതേസമയം 3000 കോടിയിലേറെ ചെലവഴിച്ച് ഒരുക്കുന്ന രാമായണയാണ് കാജലിന്റെ അടുത്ത റിലീസ്. രാവണ പത്‌നിയായ മണ്ഡോദരിയെ താരം എങ്ങനെ അവതരിപ്പിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. കന്നഡ സൂപ്പര്‍താരം യഷ് ആണ് രാവണനായി വേഷമിടുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഈ വര്‍ഷം ദീപാവലിക്ക് തിയേറ്ററുകളിലെത്തും.

Content Highlight: Kajal Agarwal about Arya 2 movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം