| Friday, 13th June 2025, 3:19 pm

'കറുപ്പിനഴക്' സ്ത്രീയെ കുറിച്ചുള്ള പാട്ടാണെന്ന് തെറ്റിദ്ധരിച്ചു; എന്നാല്‍ അതല്ല: കൈതപ്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച വ്യക്തികളാണ് കൈതപ്രം ദാമദോരന്‍ നമ്പൂതിരിയും, മോഹന്‍ സിതാരയും. ഇരുവരും ചേര്‍ന്ന് മലയാള സിനിമക്ക് ഒരു കാലത്ത് നല്‍കിയത് ഹിറ്റ് പാട്ടുകളുടെ ഒരു നീണ്ട പട്ടിക തന്നെയായിരുന്നു.

അത്തരത്തിലൊരു ഹിറ്റ് ഗാനമാണ് സ്വപ്‌നക്കൂട് എന്ന ചിത്രത്തിലെ ‘കറുപ്പിനഴക്.’ അതുവരെ വന്ന പാട്ടുകളില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവമാണ് കറുപ്പിനഴക് മലയാളിക്ക് സമ്മാനിച്ചത്. വിദേശ രാജ്യങ്ങളില്‍ പോയി ഷൂട്ട് ചെയ്ത ആദ്യ മലയാള ഗാനമെന്ന പ്രത്യേകതയും കറുപ്പിനഴകിനുണ്ടായിരുന്നു. ഇപ്പോള്‍ പാട്ട് എഴുതുമ്പോഴുണ്ടായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് കൈതപ്രം.

കറുപ്പിനഴക് എന്ന ഗാനം എഴുതിയത് തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നും ഭാരതപ്പുഴയുടെ കരയില്‍ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്കുകൂടി പങ്കാളിത്തമുള്ള റിസോര്‍ട്ടില്‍ ഇരുന്നാണ് താന്‍ അത് എഴുതിയതെന്നും കൈതപ്രം പറയുന്നു. അതിമനോഹരമായ ഒരു സ്ഥലമായിരുന്നു അതെന്നും മുന്നില്‍ ഭാരതപ്പുഴയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിസോര്‍ട്ടിന്റെ മുറിക്ക് മുന്‍പില്‍ ഒരു പൂമുഖമുണ്ടായിരുന്നുവെന്നും സന്ധ്യയായപ്പോള്‍ തങ്ങള്‍ (കമല്‍, മോഹന്‍ സിതാര) എല്ലാവരും അവിടെ ഇരുന്നുവെന്നും കൈതപ്രം പറയുന്നു.

മോഹന്‍ ട്യൂണ്‍ ഇട്ടിട്ടും താന്‍ വരികള്‍ എഴുതാന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിറ്റേന്ന് പുലര്‍ച്ചെ പൂമുഖത്തേക്ക് ഇറങ്ങിയപ്പോള്‍ ഭാരതപ്പുഴ സുന്ദരിയായി തനിക്ക് തോന്നിയെന്നും പുഴയുടെ ഒരു ഭാഗത്ത് ഇരുട്ട്, മറുഭാഗത്ത് വെളിച്ചം വന്നുകൊണ്ടിരുന്നെന്നും. ശരിക്കും ആ പ്രകൃതിയെയാണ് താന്‍ അപ്പോള്‍ എഴുതിയതെന്നും കൈതപ്രം പറഞ്ഞു. ശരിക്കും ഒരു സ്ത്രീയെ കുറിച്ചുള്ള പാട്ടല്ല അതെന്നും ആളുകള്‍ തെറ്റിദ്ധരിച്ചുവെന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. മനോരമ ആഴ്ച്ചപതിപ്പില്‍ സംസാരിക്കുകയായിരുന്നു കൈതപ്രം.

‘ആ പാട്ടെഴുതിയത് എനിക്ക് നല്ല ഓര്‍മയുണ്ട്. ഭാരതപ്പുഴയുടെ കരയില്‍ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്കുകൂടി പങ്കാളിത്തമുള്ള ഒരു റിസോര്‍ട്ടില്‍ ഇരുന്നാണ് എഴുതിയത്. അതിമനോഹരമായ ഒരു സ്ഥലമായിരുന്നു അത്. മുന്നില്‍ ഭാരതപ്പുഴയാണ്. റിസോര്‍ട്ടിന്റെ മുറിക്കു മുന്‍പില്‍ ഒരു പൂമുഖമുണ്ട്. സന്ധ്യയായപ്പോള്‍ മുതല്‍ ഞങ്ങള്‍ സംവിധായകന്‍ കമലും ഞാനും മോഹനും മറ്റും അവിടെ ഇരുന്നു. രാത്രിയായി. മോഹന്‍ ട്യൂണിട്ടു ‘തരത്തിരരരാ…’. കേള്‍ക്കുമ്പോള്‍ ലളിതമായ ട്യൂണ്‍. പക്ഷേ വരികള്‍ എഴുതാന്‍ ശരിക്കും ബുദ്ധിമുട്ടാണ്.

ഒരു വികാരം പുറത്തുകൊണ്ടുവരാനുള്ളത്ര സമയമില്ല. വരി കിട്ടിയില്ല. പിറ്റേന്നു ഞാന്‍ പുലര്‍ച്ചെ പൂമുഖത്തേക്ക് ഇറങ്ങിയപ്പോള്‍ ഭാരതപ്പുഴ സുന്ദരിയായി തോന്നി. ഭാരതപ്പുഴയുടെ ഒരു ഭാഗത്ത് ഇരുട്ട്. മറുഭാഗത്ത് വെളിച്ചം വന്നുകൊണ്ടിരിക്കുന്നു. ശരിക്കും ആ പ്രകൃതിയെയാണ് ഞാന്‍ എഴുതിയത്. അതാണ് കറുപ്പിനഴക്, വെളുപ്പിനഴക് എന്നെഴുതിയത്. കറുപ്പിന് എന്തൊരഴകാണ്! അതു പോലെ വെളുപ്പിനും അഴകുണ്ട്. പുലരിയിലെ പനിമഴയ്ക്ക് പതിനേഴഴകാണ്. ശരിക്കും സ്ത്രീയെക്കുറിച്ചുള്ള പാട്ടല്ല അത്. പ്രക്യ തിയെക്കുറിച്ചുള്ള പാട്ടാണ്. ആളുകള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്,’ കൈതപ്രം പറഞ്ഞു.

Content highlight: Kaithapram talks about ‘karuppinazhaku’ song from swapnakoodu

Latest Stories

We use cookies to give you the best possible experience. Learn more