| Sunday, 18th May 2025, 10:23 am

അവാര്‍ഡ് തന്നില്ല, പക്ഷേ പടത്തില്‍ ഞാന്‍ വേണമല്ലേ എന്ന് അദ്ദേഹത്തോട് ചോദിച്ചു: കൈതപ്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള ചലച്ചിത്ര രംഗത്ത് വര്‍ഷങ്ങളായി തുടരുന്ന സംഗീത പ്രതിഭയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നൂറ് കണക്കിന് ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച കൈതപ്രത്തിന്റെ ഗാനങ്ങള്‍ മൂളാത്ത മലയാളികള്‍ വിരളമായിരിക്കും. മലയാള സിനിമയില്‍ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കിരീടം. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രത്തിന് നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു. ജോണ്‍സണ്‍ മാഷ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ക്ക് വരികള്‍ നല്‍കിയത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്.

ഇപ്പോള്‍ തനിക്ക് കിരീടം സിനിമയ്ക്ക് ഒരു അവാര്‍ഡും ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് കൈതപ്രം. അഭിനയത്തിനും സംഗീതത്തിനുമൊക്കെ കീരീടം സിനിമയില്‍ മറ്റുള്ളവര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചുവെന്നും തനിക്ക് മാത്രം ഒന്നും കിട്ടിയില്ലെന്നും കൈതപ്രം പറയുന്നു. അന്ന് ജൂറിയിലുണ്ടായിരുന്നത് തന്റെ സുഹൃത്ത് ഭരത് ഗോപിയാണെന്നും എനിക്ക് എന്തുകൊണ്ടാണ് അവാര്‍ഡൊന്നും ഇല്ലാതിരുന്നതെന്ന് താന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ടെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം സംവിധാനം ചെയ്ത ഒരു സിനിമയില്‍ താനുണ്ടായിരുന്നുവെന്നും അവാര്‍ഡൊന്നും ഇല്ലെങ്കിലും സിനിമയില്‍ താന്‍ വേണമല്ലേ എന്ന് ഭരത് ഗോപിയോട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു കൈതപ്രം.

‘കിരീടത്തിലെ പാട്ടിന് ബാക്കിയെല്ലാവര്‍ക്കും അവാര്‍ഡ് കിട്ടി എനിക്ക് മാത്രം കിട്ടിയില്ല. അത് അവിടെ ഇരിക്കുന്ന ഒരോരുത്തരുടെ ടേസ്റ്റാണ് അത് അത്രയേ ഉള്ളു. പാടിയതിന് കൊടുക്കാം, മ്യൂസിക്കിന് കൊടുക്കാം, അഭിനയിച്ചതിന് കൊടുക്കാം, സംവിധായകന് കൊടുക്കാം എനിക്ക് മാത്രം തരാന്‍ പറ്റില്ല. അത് എന്ത് കൊണ്ടാണ്. അന്ന് ജൂറി ചെയര്‍മാന്‍ ആയിരുന്നത് എന്റെ സുഹൃത്തായിട്ടുള്ള കൊടിയേറ്റം ഗോപിയാണ്.

അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു പടത്തില്‍ ഞാനുണ്ടായിരുന്നു. ഒരു ദിവസം ഏതൊ ഒരു ഹോട്ടലില്‍ ലിഫ്റ്റില്‍ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു. ‘നിങ്ങള്‍ എന്തേ എനിക്ക് അവാര്‍ഡ് തന്നില്ലല്ലോ, പക്ഷേ പടത്തില് ഞാന്‍ തന്നെ വേണമല്ലേട’ എന്ന് ചോദിച്ചിരുന്നു. അയ്യോ, അതൊന്നും പറയല്ലേ, അതിനൊക്കെ വേറെ കാരണങ്ങളുണ്ട് എന്നാണ് പുള്ളി പറഞ്ഞത്,’ കൈതപ്രം പറയുന്നു.

Content Highlight: Kaithapram says he has not received any award for the movie Kireedam

We use cookies to give you the best possible experience. Learn more