| Sunday, 18th May 2025, 7:55 pm

ആ മോഹന്‍ലാല്‍ ചിത്രത്തിന് എല്ലാവര്‍ക്കും അവാര്‍ഡ് കിട്ടി, എനിക്ക് മാത്രം കിട്ടിയില്ല, ജൂറിയിലുണ്ടായിരുന്ന നടനോട് അതിനെപ്പറ്റി ചോദിച്ചു: കൈതപ്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ഗാനരചയിതാക്കളിലൊരാളാണ് കൈതപ്രം ദാമോദരന്‍. 1986ല്‍ പുറത്തിറങ്ങിയ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെയാണ് കൈതപ്രം ചലച്ചിത്രഗാനലോകത്തേക്ക് കടന്നുവന്നത്. നൂറിലധികം ചിത്രങ്ങള്‍ക്ക് പാട്ടുകളൊരുക്കിയ കൈതപ്രത്തിന് മൂന്ന് വട്ടം മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 1989ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കിരീടം. ചിത്രത്തില്‍ തനിക്ക് മാത്രം അവാര്‍ഡ് കിട്ടിയില്ലെന്ന് പറയുകയാണ് കൈതപ്രം ദാമോദരന്‍. ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അവാര്‍ഡ് ലഭിച്ചെന്ന് കൈതപ്രം പറഞ്ഞു.

മോഹന്‍ലാല്‍, സിബി മലയില്‍, ലോഹിതദാസ് എന്നിവര്‍ക്കൊക്കെ അവാര്‍ഡ് ലഭിച്ചെന്നും എന്നാല്‍ പാട്ടുകളെഴുതിയ തനിക്ക് മാത്രം അവാര്‍ഡൊന്നും ലഭിച്ചില്ലെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു. അന്ന് ജൂറിയില്‍ ഉണ്ടായിരുന്നത് നടനും സംവിധായകനുമായ ഭരത് ഗോപിയായിരുന്നെന്നും അദ്ദേഹം തന്റെ സുഹൃത്താണെന്നും കൈതപ്രം പറയുന്നു.

പിന്നീട് ഗോപി നിര്‍മിച്ച പാഥേയം എന്ന സിനിമയിലേക്ക് തന്നെ പാട്ടുകളെഴുതാന്‍ വിളിച്ചിരുന്നെന്ന് കൈതപ്രം പറഞ്ഞു. തനിക്ക് അവാര്‍ഡ് തരാത്തതിന്റെ പരിഭവം താന്‍ ഭരത് ഗോപിയോട് പങ്കുവെച്ചിരുന്നെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ് അങ്ങനെ സംസാരിച്ചതെന്നും കൈതപ്രം പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു കൈതപ്രം.

‘കിരീടം എന്ന സിനിമ എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. അതില്‍ വര്‍ക്ക് ചെയ്ത എല്ലാവര്‍ക്കും അവാര്‍ഡ് കിട്ടിയിട്ടുണ്ട്. മികച്ച സിനിമ, മികച്ച നടന്‍, സംവിധാനം, തിരക്കഥ, സംഗീതം എന്നിങ്ങനെ പല വിഭാഗത്തിനും അവാര്‍ഡ് കിട്ടി. പക്ഷേ, പാട്ടുകളെഴുതിയ എനിക്ക് മാത്രം ഒന്നും കിട്ടിയില്ല. അന്ന് ജൂറിയിലുണ്ടായിരുന്നത് കൊടിയേറ്റം ഗോപിയായിരുന്നു.

പിന്നീട് ഗോപി ഒരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. പാഥേയം എന്ന് പടമായിരുന്നു അത്. ആ സിനിമയില്‍ പാട്ടെഴുതാന്‍ വേണ്ടി എന്നെ സമീപിച്ചു. കിരീടം റിലീസായിട്ട് കുറേ കഴിഞ്ഞിട്ടായിരുന്നു അത്. ഗോപി എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. ആ സൗഹൃദത്തിന്റെ പുറത്ത് ഞാന്‍ കിരീടത്തിന് അവാര്‍ഡ് കിട്ടാത്തത് സൂചിപ്പിച്ചു. ‘നിങ്ങള്‍ എനിക്ക് അവാര്‍ഡ് തരില്ല, പക്ഷേ, നിങ്ങളുടെ പടത്തില്‍ എന്റെ പാട്ട് വേണമല്ലേ’ എന്ന് തമാശരൂപത്തില്‍ ചോദിച്ചു,’ കൈതപ്രം പറയുന്നു.

Content Highlight: Kaithapram Damodaran about Kireedam movie songs

We use cookies to give you the best possible experience. Learn more