അനസ്‌ പി
അനസ്‌ പി
kERALA NEWS
സംഘപരിവാറിനെ പേടിയില്ല, ബി.ജെ.പിയുടെ സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനിയും പോവും: തിരുവനന്തപുരത്ത് ബി.ജെ.പിക്കാര്‍ അക്രമിച്ച ക്യാമറ പെഴ്‌സണ്‍ പ്രതികരിക്കുന്നു
അനസ്‌ പി
Thursday 3rd January 2019 11:02am

കോഴിക്കോട്: സംഘപരിവാര്‍ ആക്രമണങ്ങളെ ഭയന്ന് പിന്തിരിഞ്ഞോടില്ലെന്ന് ബി.ജെ.പി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച മാധ്യമപ്രവര്‍ത്തക ഷാജില അലി ഫാത്തിമ. തല്ലിയത് കൊണ്ട് ഒന്നും അവസാനിക്കില്ലെന്നും ബി.ജെ.പി സമരങ്ങളെ പേടിയില്ലെന്നും ഷാജില ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കൈരളി ടിവിയില്‍ ക്യാമറാ പെഴ്‌സണായ ഷാജിലയെ തിരുവനന്തപുരത്ത് ബി.ജെ.പി സമരപന്തലിന് സമീപം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. മര്‍ദ്ദനമേറ്റിട്ടും സംഘര്‍ഷ സ്ഥലത്ത് തുടര്‍ന്ന ഷാജിലയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

വിഷ്വലെടുത്താല്‍ ക്യാമറ അടിച്ചുപൊട്ടിക്കുമെന്ന് ആക്രോശിച്ച് കൊണ്ടാണ് അക്രമിച്ചത്. അക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ വഴങ്ങില്ലെന്ന് ഷാജില പറയുന്നു. ഇതിനേക്കാള്‍ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിട്ടുണ്ട്. ഇത്തരത്തില്‍ ആക്രമണം നേരിടേണ്ടി വന്നിട്ടില്ല. ഒരുപക്ഷെ സ്ത്രീകള്‍ പൊതുസമൂഹത്തില്‍ എത്തുന്നത് ഇക്കൂട്ടര്‍ക്ക് സഹിക്കാന്‍ കഴിയുന്നുണ്ടാവില്ല. ബി.ജെ.പിക്കാരുടെ സമരങ്ങള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യാന്‍ പോവും ഈ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നെങ്കില്‍ ചുമതലയേല്‍പ്പിച്ചാല്‍ ഇനിയും പോകും. ബി.ജെ.പിയെ ഒരു പേടിയുമില്ല. ഷാജില പറയുന്നു.

Also Read ‘ഇന്ന് കച്ചവടം നടക്കില്ലെന്ന് അറിയാം, എന്നാലും ഇതാണ് ഞങ്ങളുടെ പ്രതിഷേധം’; കോഴിക്കോട് വ്യാപാരികള്‍ കടകള്‍ തുറക്കുന്നു

ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതികരണമെടുക്കാന്‍ പോയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്നതും റോഡിലെ ഫ്‌ളകസുകളും മറ്റും തകര്‍ക്കുന്നതും ഷൂട്ട് ചെയ്യുമ്പോളാണ് ഷാജിലയ്ക്ക് നേരെ ആക്രമണമുണ്ടായത്.

മര്‍ദ്ദനമേറ്റിട്ടും കരഞ്ഞുകൊണ്ട് ജോലി തുടരുന്ന ഷാജിലയുടെ ചിത്രം ഇന്ന് മാതൃഭൂമിയും പ്രസിദ്ധീകരിച്ചിരുന്നു.

 

ഒരു ബി.ജെ.പി നേതാവ് എന്നെ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു. നിങ്ങള്‍ നേരത്തെ കൊടുത്ത പല വാര്‍ത്തകളോടുമുള്ള സാധാരണപ്രവര്‍ത്തകരുടെ വികാരമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് അയാള്‍ പറഞ്ഞത്.

എന്ത് അക്രമം നടത്തിയാലും മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലിയുമായി മുന്നോട്ടുപോകും. ഇനി പൊലീസുകാരാണ് ആര്‍.എസ്.എസുകാരെ തല്ലുന്നതെങ്കില്‍ അതും ഞങ്ങള്‍ തന്നെയാണ് ലോകത്തെ അറിയിക്കാനുള്ളത്. ബി.ജെ.പിക്കാരോട് പ്രത്യേകിച്ച് ശത്രുതയില്ല. എന്താണോ വാര്‍ത്ത അത് റിപ്പോര്‍ട്ട് ചെയ്യലാണ് ഞങ്ങളുടെ പണി. ഷാജില പറഞ്ഞു.

അനസ്‌ പി
ഡൂള്‍ന്യൂസ്, സബ്എഡിറ്റര്‍
Advertisement