കടകംപള്ളിയും അടൂര്‍ പ്രകാശും പോറ്റിയുടെ വീട്ടില്‍ വരാറുണ്ട്; വെളിപ്പെടുത്തലുമായി മഹസര്‍ സാക്ഷി വിക്രമന്‍ നായര്‍
Kerala
കടകംപള്ളിയും അടൂര്‍ പ്രകാശും പോറ്റിയുടെ വീട്ടില്‍ വരാറുണ്ട്; വെളിപ്പെടുത്തലുമായി മഹസര്‍ സാക്ഷി വിക്രമന്‍ നായര്‍
നിഷാന. വി.വി
Wednesday, 21st January 2026, 12:56 pm

തിരുവനന്തപുരം: ശബരിമല സ്വര്‍ണകടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ മുന്‍ ദേവസ്വം മന്ത്രിയും സി.പി.ഐ.എം നേതാവുമായ കടകംപള്ളി സുരേന്ദ്രനും യു.ഡി.എഫ് കണ്‍വീനറായ അടൂര്‍ പ്രകാശും വരാറുണ്ടെന്ന വെളിപ്പെടുത്തലുമായി പോറ്റിയുടെ അയല്‍വാസിയും മഹസര്‍ സാക്ഷിയുമായ വിക്രമന്‍ നായര്‍.

കടകംപളളി സുരേന്ദ്രന്‍ രണ്ട് തവണയും അടൂര്‍ പ്രകാശ് നിരവധി തവണയും പോറ്റിയുടെ വീട്ടില്‍ വന്നതായും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.

കൂടാതെ ആറ്റിങ്ങല്‍ എം.എല്‍.എയായ ഒ.എസ് അംബികയും പ്രയാര്‍ ഗോപാലകൃഷ്ണനും വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടകംപള്ളി സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ പോറ്റിയുടെ വീട്ടിലെത്തുന്നത് പരസ്യമായ രഹസ്യമാണെന്നും ക്യാമറയില്‍ പറയാന്‍ ആരും തയ്യാറാവത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പോറ്റിയുടെ അച്ഛന്‍ മരിച്ചപ്പോള്‍ തന്റെ മണ്ഡലത്തിലെ വോട്ടര്‍ എന്ന നിലയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നുവെന്ന് ഒ.എസ് അംബിക പ്രതികരിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.

പോറ്റി അറസ്റ്റിലായിട്ട് 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 90 ദിവസം കഴിഞ്ഞിട്ടും എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കോടതി സ്വാഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു.

അതേസമയം കട്ടിളപാളി കേസിലും പ്രതിയായതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍ തന്നെ തുടരും. ഈ കേസില്‍ 90 ദിവസം പൂര്‍ത്തിയാകാന്‍ ഇനിയും മൂന്നാഴ്ച സമയം കൂടിയുണ്ട്.

Content Highlight: Kadakampally and Adoor Prakash often visit Potty’s house; Mahasar Sakshi Vikraman Nair reveals

 

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.