നടിപ്പ് ചക്രവര്‍ത്തിമാരുടെ കാന്താ
D-Review
നടിപ്പ് ചക്രവര്‍ത്തിമാരുടെ കാന്താ
അമര്‍നാഥ് എം.
Friday, 14th November 2025, 4:09 pm

വിശപ്പടക്കാന്‍ വേണ്ടി തെരുവുനാടകം ചെയ്ത് പിന്നീട് കഷ്ടപ്പെട്ട് സിനിമയിലേക്കെത്തിയ ടി.കെ മഹാദേവന്‍ ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്നു. സിനിമാലോകത്തെ സൂപ്പര്‍സ്റ്റാറായി മാറിയ മഹാദേവനും അയാളെ കൈപിടിച്ചുയര്‍ത്തിയ സംവിധായകനും തമ്മിലുള്ള ഈഗോ ക്ലാഷും. കാന്താ എന്ന സിനിമയുടെ കഥയെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.

പകുതിക്ക് വെച്ച് ഷൂട്ട് മുടങ്ങിയ ശാന്താ എന്ന ചിത്രം പിന്നീട് വീണ്ടും ചെയ്യാന്‍ മഹാദേവന്‍ തയാറാകുന്നു. തന്റെ ആരാധകര്‍ നിരാശരാകാതിരിക്കാനായി ക്ലൈമാക്‌സില്‍ താന്‍ മരിക്കുന്ന രംഗം മാറ്റിയെഴുതിക്കുന്നു. സംവിധായകനും നായകനും തമ്മിലുള്ള ഈഗോ വീണ്ടും അതിന്റെ പീക്കിലെത്തുന്നു. 1950കളുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു കഥ പറയുന്ന ചിത്രം നല്ല അനുഭവമായിരുന്നു.

 

ആദ്യ പകുതി ഈഗോ ക്ലാഷായിരുന്നെങ്കില്‍ രണ്ടാം പകുതി ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയിലേക്ക് ഷിഫ്റ്റാവുകയായിരുന്നു. പെട്ടെന്നുള്ള ഴോണര്‍ മാറ്റം അതുവരെയുള്ള സിനിമയുടെ ഫ്‌ളോയ്ക്ക് ചെറിയ ഇളക്കമുണ്ടാക്കി. എന്നാല്‍ ഗംഭീര പെര്‍ഫോമന്‍സുകളാല്‍ നിറഞ്ഞ ക്ലൈമാക്‌സും എന്‍ഡ് ക്രെഡിറ്റും കാന്തയെ മനോഹരമാക്കി.

പകുതിമുക്കാല്‍ രംഗങ്ങളും ഒരു സ്റ്റുഡിയോ ഫ്‌ളോറില്‍ മാത്രം നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരം സിനിമയെ ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ പറയുക എന്ന ഉത്തരവാദിത്തം സംവിധായകന്‍ ഗംഭീരമായി നിറവേറ്റിയിട്ടുണ്ട്. ക്യാമറക്ക് മുന്നിലുള്ളവരും പിന്നിലുള്ളവരും ഒരുപോലെ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്ത സിനിമയായി കാന്തായെ കണക്കാക്കാം.

രണ്ടാം പകുതിയിലെ ഴോണര്‍ ഷിഫ്റ്റ് സിനിമയെ ചെറുതായി പിന്നോട്ട് വലിക്കുന്നുണ്ടെങ്കിലും അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് കൊണ്ട് അത് മറികടക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് കാന്തായുടെ നെടും തൂണുകള്‍. മൂന്ന് പേരില്‍ ആരാണ് മികച്ചതെന്ന് പറയുക പ്രയാസമാണ്.

ഇന്റര്‍വെല്ലിനോടടുപ്പിച്ച് വരുന്ന മിറര്‍ സീന്‍, ക്ലൈമാക്‌സ് എന്നീ രംഗങ്ങളില്‍ ദുല്‍ഖറിന്റെ പ്രകടനം അതിഗംഭീരമെന്നേ പറയാനാകൂ. ഇതുവരെ ഒരു സംവിധായകനും ഉപയോഗിക്കാത്ത രീതിയില്‍ ദുല്‍ഖറിലെ അഭിനേതാവിനെ പിഴിഞ്ഞെടുക്കാന്‍ ഈ ഭാഗത്തെല്ലാം സെല്‍വമണി സെല്‍വരാജിന് സാധിച്ചിട്ടുണ്ട്. നടിപ്പ് ചക്രവര്‍ത്തിയായ ടി.കെ മഹാദേവന്‍ ദുല്‍ഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാകുമെന്ന് ഉറപ്പാണ്.

സമുദ്രക്കനി. ക്യാരക്ടര്‍ റോളുകളില്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച ആര്‍ട്ടിസ്റ്റുകളിലൊരാളാണ് താനെന്ന് സമുദ്രക്കനി ഒരിക്കല്‍ കൂടി തെളിയിച്ചു. അയ്യാ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് സമുദ്രക്കനി കാഴ്ചവെച്ചത്. മിറര്‍ സീനിന് മുമ്പ് ദുല്‍ഖറുമായുള്ള സംഭാഷണം, ക്ലൈമാക്‌സ് എന്നീ സീനുകളിലെ പ്രകടനം വര്‍ണിക്കാന്‍ വാക്കുകളില്ല.

ഭാഗ്യശ്രീ ബോര്‍സെ. തെലുങ്കിലൂടെ സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയ ഭാഗ്യശ്രീയുടെ തമിഴ് അരങ്ങേറ്റം ഒട്ടും മോശമായില്ല. കുമാരി എന്ന കഥാപാത്രത്തെ മറ്റാരെ വെച്ചും സങ്കല്പിക്കാനാകാത്ത വിധം ഭാഗ്യശ്രീ ഗംഭീരമാക്കി. ചില സീനുകളില്‍ ദുല്‍ഖറിനെ പിന്നിലാക്കാന്‍ ഭാഗ്യശ്രീക്ക് സാധിച്ചു. ഇത്തരം അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ തെരഞ്ഞെടുത്ത് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലേക്കെത്താന്‍ ഭാഗ്യശ്രീക്ക് സാധിക്കുമെന്ന് ഉറപ്പാണ്.

രണ്ടാം പകുതിയിലെത്തുന്ന റാണാ ദഗ്ഗുബട്ടിക്ക് കഥയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഫീനിക്‌സ് എന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായുള്ള പ്രകടനം നന്നായിരുന്നെങ്കിലും കഥയുമായി ചെറിയ ചേര്‍ച്ചക്കുറവ് തോന്നി. ദുല്‍ഖറുമായുള്ള ഫേസ് ഓഫ് സീനിലെ പ്രകടനം നല്ലതായിരുന്നു. വയ്യാപുരി, ഗായത്രി ശങ്കര്‍, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍ എന്നിവരും അവരവരുടെ വേഷം ഗംഭീരമായി ചെയ്തു.

ഈ വര്‍ഷം തൊട്ടതെല്ലാം പൊന്നാക്കിയ ജേക്‌സ് ബിജോയ് കാന്തായിലും തന്റെ ബി.ജി.എം കൊണ്ട് ഞെട്ടിച്ചു. ഒ.എസ്.ടി റിലീസാകുമ്പോള്‍ ജേക്‌സിന് കൂടുതല്‍ പ്രശംസ ലഭിക്കുമെന്ന് ഉറപ്പാണ്. ഝാനു ചന്ദര്‍ ഒരുക്കിയ ഗാനങ്ങളെല്ലാം മികച്ചതായിരുന്നു. ‘പനിമലരേ’ എന്ന ഗാനം ഗംഭീരമെന്നേ പറയാനാകുള്ളൂ.

സ്പാനിഷ് ഛായാഗ്രഹകനായ ഡാനി സാഞ്ചെസ് ലോപ്പസ് ഒരുക്കിയ ഫ്രെയിമുകളെല്ലാം ഗംഭീരം തന്നെ. മോണോക്രോമിലും കളറിലും കാണിച്ച ഫ്രെയിമുകളും റേഷ്യോ മാറ്റിക്കാണിച്ച വിഷ്വലുകളുമെല്ലാം നല്ല അനുഭവമായിരുന്നു. പീരിയോഡിക് ഡ്രാമ എന്ന ഴോണറിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഛായാഗ്രഹണമായിരുന്നു ഡാനിയുടേത്.

1950കളെ പുനസഷ്ടിച്ച രാമലിംഗത്തിന്റെ കലാസംവിധാനവും മികച്ചു നിന്നു. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുക എന്ന വലിയ ടാസ്‌ക് സെല്‍വമണി സെല്‍വരാജ് മികച്ച രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മൊത്തത്തില്‍ പീരിയഡ് ഡ്രാമ എന്ന ഴോണറിനോട് നീതി പുലര്‍ത്തിയ സിനിമയെന്ന് കാന്തായെ വിശേഷിപ്പിക്കാം.

Content Highlight: Kaantha Movie Review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം