പിടിച്ചെടുക്കലുകളുടെ കാലത്ത് ഗുരുസ്മരണകള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത്
Sree Narayana Guru
പിടിച്ചെടുക്കലുകളുടെ കാലത്ത് ഗുരുസ്മരണകള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത്
കെ.ടി. കുഞ്ഞിക്കണ്ണന്‍
Tuesday, 21st September 2021, 4:03 pm
അറിവും അധികാരവും കൈയടക്കിയ സ്വാര്‍ത്ഥ തല്‍പരരായ വൈദിക ബ്രാഹ്മണാധികാരം അടിമകളാക്കിയ മനുഷ്യരുടെ വിമോചനത്തിനായുള്ള ജ്ഞാന കലാപമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ 72 വര്‍ഷക്കാലത്തെ ജീവിതമെന്നത്.

ജാതിഭേദം മതവിദ്വേഷമേതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിതെന്ന് വിളംബരം ചെയ്ത ശ്രീ നാരായണ ഗുരുവിന്റെ സമാധി ദിനമാണിന്ന്. മനുഷ്യര്‍ക്കിടയില്‍ വിഭജനചിന്തകളും വിദ്വേഷ സംസ്‌കാരവും പടര്‍ത്തുന്ന മത രാഷ്ട്രവാദികള്‍ക്കും അവരുടെ രാഷ്ട്രീയ അജണ്ടയുടെ മാപ്പുസാക്ഷികളായി വിദ്വേഷ പ്രചരണം നടത്തുന്ന മത പൗരോഹിത്യത്തിനുമെതിരായ തിരിച്ചറിവിന്റെയും പ്രതിരോധത്തിന്റെയും സന്ദേശമാണ് ഗുരുസ്മരണകള്‍ ഉണര്‍ത്തുന്നത്.

മനുഷ്യര്‍ക്കിടയില്‍ വിഭജനചിന്തകളും വിദ്വേഷ സംസ്‌കാരവും പടര്‍ത്തരുതെന്ന വിനീത അപേക്ഷയോടെയാണ് ഇന്ന് നാം ഗുരുസ്മരണകളിലൂടെ കടന്നുപോകുന്നത്. ലവ് ജിഹാദും ഘര്‍വാപസിയുമെല്ലാം ന്യൂനപക്ഷ ഹത്യക്കായുള്ള സംഘപരിവാര്‍ അജണ്ടയില്‍ രൂപപ്പെട്ട വിദ്വേഷ പദ്ധതികളാണ്.  ഇന്ത്യന്‍ ഫാസിസത്തിന്റെ വിദ്വേഷരാഷ്ടീയ പദ്ധതികള്‍.

ഗുജറാത്തും കന്ധമഹലും മുസാഫര്‍നഗറും സൃഷ്ടിച്ച വംശഹത്യകള്‍ക്കും കലാപങ്ങള്‍ക്കും വഴിമരുന്നിട്ട അജണ്ട. മതാന്ധതയും നിക്ഷിപ്ത താല്‍പര്യങ്ങളും ചേര്‍ന്നു നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ സൃഷ്ടിക്കുന്ന ആപത്തുകളെ കുറിച്ചാരും അജ്ഞത നടിക്കരുത്. വിഭജന ചിന്തകള്‍ക്കും വര്‍ഗീയതക്കുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടും പോരാട്ടവുമാണ് ഗുരുചിന്തകള്‍ ഓരോ മലയാളിയോടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത്.

സര്‍വ വിഭജന ചിന്തകളെയും ജാതിവിവേചനങ്ങളെയും മതവിദ്വേഷ പ്രചരണങ്ങളെയും എതിര്‍ത്ത മാനവികതയുടെ മഹാപ്രവാചകനായിരുന്നു നാരായണഗുരു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നതായിരുന്നു അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രം. അറിവും അധികാരവും കൈയടക്കിയ സ്വാര്‍ത്ഥ തല്‍പരരായ വൈദിക ബ്രാഹ്മണാധികാരം അടിമകളാക്കിയ മനുഷ്യരുടെ വിമോചനത്തിനായുള്ള ജ്ഞാന കലാപമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ 62 വര്‍ഷക്കാലത്തെ ജീവിതമെന്നത്.

ശ്രീ നാരായണ ഗുരു

കേരളത്തിലും ഇന്ത്യയിലും നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയുടെ പൂര്‍വരൂപം ചാതുര്‍വര്‍ണ്യമാണെന്ന തിരിച്ചറിവില്‍ മനുഷ്യത്വരഹിതമായ ജാതി വ്യവസ്ഥയെ സാധൂകരിച്ച് നിര്‍ത്തുന്ന ശങ്കരന്റെ അദ്വൈത വേദാന്തത്തെയും തത്ത്വശാസ്ത്ര ഗീര്‍വാണങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് ഗുരു കേരളീയ നവോത്ഥാനത്തിന്റെ ജ്ഞാനമണ്ഡലത്തെ വികസിപ്പിച്ചെടുത്തത്. ബ്രാഹ്മണാധികാരം സൃഷ്ടിച്ച ഹിംസയുടെയും സര്‍വമാനമായ ജീര്‍ണ്ണതകളുടെയും ഘട്ടത്തില്‍ വൈദിക മഹാത്മ്യത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് വന്ന ബുദ്ധ ദര്‍ശനങ്ങളുടെ തുടര്‍ച്ചയായിരുന്നു ഗുരുദര്‍ശനങ്ങള്‍. അതുകൊണ്ടാണ് ഗുരുവിനെ പല സാമൂഹ്യചിന്തകരും രണ്ടാം ബുദ്ധനെന്ന് വിശേഷിപ്പിക്കുന്നത്.

ചാതുര്‍വര്‍ണ്യത്തെയും വേദമാഹാത്മ്യത്തെയും ചോദ്യം ചെയ്ത ബൗദ്ധദര്‍ശനങ്ങള്‍ ഇന്ത്യന്‍ ജനതയുടെ ജീവിത മണ്ഡലത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. പുരോഗതിയുടെയും സമാധാനത്തിന്റെയും സാമൂഹ്യശക്തികളെ അതഴിച്ചുവിട്ടുവെങ്കിലും വൈദിക മേധാവിത്വത്തെ ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയപദ്ധതികളുടെ അഭാവത്തില്‍, ശങ്കരന്‍ നേതൃത്വം കൊടുത്ത അദ്വൈത വേദാന്തികളുടെ ക്രൂര തീര്‍ത്ഥാടനങ്ങള്‍ക്കു മുമ്പില്‍ അതിന് പിടിച്ചു നില്‍ക്കാനായില്ല. ബ്രാഹ്മണാധികാരത്തിന്റെ ഗുണ്ടാസേനകളുടെ നിരന്തരമായ ആക്രമണത്തെ തുടര്‍ന്നത് തകരുകയായിരുന്നു.
ഈയൊരു സാഹചര്യത്തെ തുടര്‍ന്നുള്ള ചാതുര്‍വര്‍ണ്യത്തിന്റെ സംഘടിതവും ആസൂത്രിതവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് കടുത്ത ജാതിവിവേചനത്തിലും മതവിദ്വേഷത്തിലുമധിഷ്ഠിതമായ ഇന്നത്തെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും.

ബ്രഹ്മസൂത്രഭാഷ്യകാരനായ ശങ്കരന്‍ ചാതുര്‍വര്‍ണ്യത്തെ സാധൂകരിക്കാനായി നടത്തിയ ബുദ്ധിപരമായ കസര്‍ത്തുകളെ കളിയാക്കിക്കൊണ്ട് ഗുരു പറഞ്ഞത്; ചാതുര്‍വര്‍ണ്യത്തെ ന്യായീകരിക്കാന്‍ ശങ്കരന്‍ ബുദ്ധികൊണ്ടു പറന്നുവെന്നാണ്. ശൂദ്രനും സ്ത്രീകള്‍ക്കും ഇഹത്തിലും പരത്തിലും രക്ഷയില്ലെന്ന് സമര്‍ത്ഥിക്കാന്‍ ശങ്കരന്‍ പ്രമാണമായി സ്വീകരിച്ചത് മനുസ്മൃതിയെ തന്നെയായിരുന്നു! ശൂദ്രരെ മോചനമില്ലാത്ത അടിമകളാക്കി എന്നും അടിച്ചമര്‍ത്തി നിര്‍ത്താനായി രചിക്കപ്പെട്ട മനുസ്മൃതിയായിരുന്നു ശങ്കരന്റെ തത്ത്വദര്‍ശനം.

ശങ്കരാചാര്യന്‍

മനുവാദികളായ ആര്‍.എസ്.എസ്‌കാര്‍ ശങ്കരനെപ്പോലെ ഗുരുവും അദ്വൈതിയായിരുന്നുവെന്നൊക്കെയുള്ള സത്താരഹിതവും ചരിത്രവിരുദ്ധവുമായ സമീകരണ സിദ്ധാന്തങ്ങള്‍ എഴുന്നെള്ളിക്കാറുണ്ട്. ശങ്കരന്റെ പ്രതിലോമപരമായ ദര്‍ശന ദൗത്യത്തിന് നേര്‍വിപരീതമായ സാമൂഹ്യദര്‍ശനമാണ് ഗുരു മുന്നോട്ട് വെച്ചത്. ബ്രാഹ്മണമതത്തിലെ ഹിംസയ്ക്കും ക്രൂരതക്കുമെതിരെ പ്രജ്ഞയുടെയും കരുണയുടെയും മതമായി അവതരിച്ച ബുദ്ധദര്‍ശനങ്ങളുടെ വഴിയിലാണ് ഗുരു സഞ്ചരിച്ചത്.

ബുദ്ധനെ പോലെ ഗുരുവും വേദകാല ദൈവങ്ങളിലും ദര്‍ശനങ്ങളിലും വൈദികാധികാരങ്ങളിലും അധിഷ്ഠിതമായ പ്രാചീന വരേണ്യതയെ നിഷേധിക്കുകയും അപ്രസക്തമാക്കുകയുമാണ് ചെയ്തത്. ബുദ്ധന്‍ ചോദ്യം ചെയ്ത ജാത്യാധിഷ്ഠിതവും ക്രൂരവുമായ വൈദികാധികാര വ്യവസ്ഥയെ രക്ഷിക്കുക എന്ന ദര്‍ശന ദൗത്യമായിരുന്നു ശങ്കരന്റെതെങ്കില്‍, ഗുരു ബുദ്ധനെ പോലെ ബ്രാഹ്മണാധികാരത്തെ ചോദ്യം ചെയ്യുന്ന ജ്ഞാന കര്‍മ്മ മാര്‍ഗങ്ങള്‍ മുന്നോട്ട് വെക്കുകയാണ് ചെയ്തത്.

വിദ്വേഷവും ഹിംസയുമായിരുന്നു ശങ്കരന്റെ മാര്‍ഗ്ഗമെങ്കില്‍ അറിവുകൊണ്ട് ആത്മബോധം നേടാനും സംഘടന കൊണ്ട് ശക്തരാവാനുമാണ് ഗുരു നിരന്തരം ഉദ്ബോധിപ്പിച്ചത്. എല്ലാ മതങ്ങളിലെയും പ്രജ്ഞയുടെയും കരുണയുടെയും ആദര്‍ശങ്ങളെ വീണ്ടെടുക്കാനാണ് ഗുരു പഠിപ്പിച്ചത്.

എല്ലാ മതങ്ങളുടെയും സാരസവര്‍സ്വം കരുണയും പരസ്പരസ്നേഹവുമാണെന്ന് കണ്ടെത്താനുള്ള സംവാദാത്മകമായൊരു ജ്ഞാനാന്വേഷണമായിരുന്നു ഗുരു നടത്തിയത്. ക്രിസ്തുവും മുഹമ്മദുമെല്ലാം സ്നേഹത്തെയും പരമകാരുണ്യത്തെയും കുറിച്ച് പഠിപ്പിച്ച സുവിശേഷകരും പ്രബോധകരുമായിരുന്നുവെന്നും അവരെല്ലാം അറിവ് നേടാനും കര്‍മങ്ങളിലൂടെ നല്ല മനുഷ്യരാവാനും പഠിപ്പിച്ചവരായിരുന്നുവെന്നുമാണ് ഗുരു കണ്ടത്.

1924ല്‍ ആലുവയില്‍ സംഘടിപ്പിച്ച സര്‍വ മതസമ്മേളനം വാദിക്കാനും ജയിക്കാനുമുള്ള പൗരോഹിത്യാധിഷ്ഠിതമായ വിശ്വാസ അന്ധതക്ക് പകരം അറിയാനും അറിയിക്കാനുമുള്ള സംവാദത്മകതയുടേതായ വിശാല സംസ്‌കാരത്തിനു വേണ്ടിയുള്ള ബൃഹത്തായൊരു ഇടപെടലായിരുന്നു. മതവിദ്വേഷത്തെയും വിഭജനചിന്തകളെയും മുറിച്ചുകടക്കാന്‍ മലയാളിക്ക് നവോത്ഥാനത്തിന്റയും ഗുരുചിന്തകളുടെയും ചരിത്രത്തെയും ദര്‍ശനങ്ങളെയും വീണ്ടെടുത്തുകൊണ്ടേ കഴിയൂ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K.T Kunjikannan writes on Sree Narayana guru on his death anniversary

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍