രാജ്യത്തിന്, തൊഴിലാളികള്‍ക്ക്, ജനങ്ങള്‍ക്കാകെ വേണ്ടിയുള്ള ഒരു ദേശീയ പണിമുടക്ക്
All India Strike
രാജ്യത്തിന്, തൊഴിലാളികള്‍ക്ക്, ജനങ്ങള്‍ക്കാകെ വേണ്ടിയുള്ള ഒരു ദേശീയ പണിമുടക്ക്
K Sahadevan
Tuesday, 8th July 2025, 12:34 pm
കേന്ദ്ര ഗവണ്‍മെന്റ് 2019ല്‍ പുറത്തിറക്കിയ മിനിമം വേജസ് ആക്ട് അനുസരിച്ച് ഒരു തൊഴിലാളിയുടെ ഏറ്റവും കുറഞ്ഞ പ്രതിദിന വേതനം 178 രൂപയാണ്. അതായത് ഒരു തൊഴിലാളിയുടെ പ്രതിമാസ വേതനം 4628 രൂപമാത്രം! മിനിമം വേതനത്തില്‍ 25% വര്‍ദ്ധനയെങ്കിലും ആവശ്യമാണെന്ന സുപ്രീം കോടതി വിധിയെപ്പോലും തള്ളിക്കളഞ്ഞാണ് ഈ പ്രഖ്യാപനം. എന്നാല്‍ ഈ കാലയളവിലെ ഭക്ഷ്യ വസ്തുക്കളിന്മേലും മറ്റ് ഉപഭോക്തൃ സാധനങ്ങളിന്മേലും ഉള്ള വില വര്‍ദ്ധനവ് 15% മുതല്‍ 39% വരെയാണെന്നത് തൊഴിലാളികളുടെ ജീവിതാവസ്ഥകളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നതാണ് | കെ. സഹദേവന്‍ എഴുതുന്നു

രാജ്യത്തെ പത്തോളം ട്രേഡ് യൂണിയന്‍ സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ജൂലൈ 9ന്റെ ദേശീയ പണി മുടക്ക് രാജ്യത്തെ തൊഴില്‍-കാര്‍ഷിക-സാമ്പത്തിക മേഖലയില്‍ മോദി ഭരണകൂടം നടത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനങ്ങളുടെ താക്കീതായി മാറേണ്ടതുണ്ട്.

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഫലമായി കര്‍ഷക മാരണ നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായെങ്കിലും അമേരിക്കന്‍ ഫ്രീ ട്രേഡ് കരാറുകള്‍ അടക്കം കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാക്കി മാറ്റിക്കൊണ്ട് മോദി സര്‍ക്കാര്‍ തങ്ങളുടെ കര്‍ഷക വിരുദ്ധ നിലപാട് തുടരുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി prime minister narendra modi

പ്രധാനമന്ത്രി നരേന്ദ്ര മോദി

തൊഴില്‍ മേഖലയിലെ നൂറോളം വരുന്ന നിയമങ്ങളെ നാല് ലേബര്‍ കോഡുകളായി ചുരുക്കിക്കൊണ്ട്, തൊഴില്‍ സമയം വര്‍ധിപ്പിച്ചും, പണി മുടക്കാനുള്ള അവകാശങ്ങള്‍ റദ്ദുചെയ്തും മോദി സര്‍ക്കാര്‍ തങ്ങളുടെ കോര്‍പ്പറേറ്റ് അജണ്ടകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

തൊഴില്‍ മേഖലയില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ ഇവയൊക്കെയാണ്:

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട 44ഓളം സുപ്രധാന നിയമങ്ങളും 100ഓളം സംസ്ഥാന നിയമങ്ങളെയും നാല് ലേബര്‍ കോഡുകളായി തിരിച്ച് നിരവധി ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് 2019 സെപ്തംബര്‍ 23ന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗാംഗ് വാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.

സന്തോഷ് ഗാംഗ് വാര്‍ santhosh gangwar

സന്തോഷ് ഗാംഗ് വാര്‍

പുതുതായി അവതരിപ്പിച്ച ലേബര്‍ കോഡുകള്‍ ഇവയാണ്: 1. ദ കോഡ് ഓണ്‍ വേജസ് 2019; 2. ദ ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത് ആന്റ് വര്‍കിംഗ് കണ്ടീഷന്‍ കോഡ് 2020, 3. സോഷ്യല്‍ സെക്യൂരിറ്റി കോഡ് 2020, 4. ദ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് 2020. ഇതില്‍ കോഡ് ഓണ്‍ വേജസ് 2019ല്‍ തന്നെ പാര്‍ലമെന്റ് പാസാക്കി നിയമമായിത്തീര്‍ന്നതാണ്.

1999 ഒക്ടോബര്‍ 15ന് നിലവില്‍ വന്ന, രവീന്ദ വര്‍മ ചെയര്‍മാനായ, രണ്ടാം ദേശീയ ലേബര്‍ കമ്മീഷന്‍ 2002 ജൂണ്‍ 29ന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ നിയമങ്ങളെ 4 വ്യത്യസ്ത കോഡുകളായി തിരിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, പുതുതായി തയ്യാറാക്കി അവതരിപ്പിച്ച ലേബര്‍ കോഡുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വേളയില്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങള്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ്.

തൊട്ടടുത്ത ദിവസങ്ങളില്‍ കാര്‍ഷിക ഭേദഗതി നിയമങ്ങളുമായി ബന്ധപ്പെട്ട് 8ഓളം അംഗങ്ങളെ രാജ്യസഭയില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭാ ബഹിഷ്‌കരണം തുടരുന്ന വേളയിലാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞത്.

411 ക്ലോസ്സുകളും 13 ഷെഡ്യൂളുകളും അടങ്ങിയ 350 പേജുകള്‍ വരുന്ന ലേബര്‍ കോഡ് ബില്‍ 2020 പാസാക്കുന്നതിന് വേണ്ടി 3 മണിക്കൂര്‍ സമയമാണ് പാര്‍ലമെന്റില്‍ അനുവദിക്കപ്പെട്ടത് എന്നുകൂടി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.

പുതിയ ലേബര്‍ കോഡുകള്‍ ഇല്ലാതാക്കുന്നതെന്തൊക്കെ?

2019ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച, പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മറ്റി പരിശോധിച്ച ബില്ലില്‍ നിന്ന് പൂര്‍ണ്ണമായും വ്യത്യസ്തമായ ഒന്നാണ് പുതുതായി അവതരിപ്പിച്ച ബില്‍.

  • 1946ലെ ഫാക്ടറീസ് ആക്ട് അനുസരിച്ച് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന, 10 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തെ ഫാക്ടറി എന്ന് നിര്‍വ്വചിക്കുന്നുണ്ട്. വൈദ്യുതി ഇല്ലാത്ത സ്ഥാപനമാണെങ്കില്‍ അത് തൊഴിലാളികളുടെ എണ്ണം 20വരെ. പുതിയ നിയമം അനുസരിച്ച് അത് യഥാക്രമം 20, 40 ആയി ഉയര്‍ത്തിയിരിക്കുന്നു. ഇതിനര്‍ത്ഥം 20, 40 തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഫാക്ടറി ആക്ടില്‍ പെടില്ല എന്നതാണ്.

  • പുതിയ ലേബര്‍ കോഡ് അനുസരിച്ച് 300ല്‍ താഴെ തൊഴിലാളികളുള്ള ഒരു സ്ഥാപനം അടച്ചുപൂട്ടുന്നതിന് സര്‍ക്കാര്‍ അനുമതി തേടേണ്ട ആവശ്യമില്ല. നേരത്തെ, നൂറിലധികം ജീവനക്കാരുള്ള കമ്പനികള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടേണ്ടതായിരുന്നു. (Chapter IX & X). അറുപത് ദിവസങ്ങള്‍ക്കകം സര്‍ക്കാര്‍ അനുമതി നല്‍കുന്നത് സംബന്ധിച്ചകാര്യങ്ങളില്‍ പ്രതികരിച്ചില്ലെങ്കില്‍ അനുമതി നല്‍കപ്പെട്ടതായി കരുതാന്‍ നിയമം അനുവദിക്കുന്നു (Chapter IX, Clause 78).
  • തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ മുമ്പ് വിവിധ ഫോറങ്ങളെ ആശ്രയിക്കാമെന്ന അവകാശം എടുത്തുകളയുകയും conciliation officer, tribunal എന്നീ രണ്ട് ഫോറങ്ങള്‍ മാത്രമാക്കി ചുരുക്കുകയും ചെയ്തു. (Chapter VII)
  • 300 തൊഴിലാളികള്‍ വരെ ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് അതിന്റെ തൊഴിലാളികള്‍ക്ക് സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ ആവശ്യമില്ല. (വ്യാവസായിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പെരുമാറ്റച്ചട്ടങ്ങളാണ് സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍.) (Clause 28)

  •  തുല്യ ജോലിക്ക് തുല്യ വേതനം എന്ന അവകാശത്തെ അട്ടിമറിക്കുന്നു.
  • തൊഴിലുടമകള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് തൊഴിലാളികളെ ഹയര്‍ ആന്റ് ഫയര്‍ ചെയ്യാനുള്ള അവകാശം പുതിയ നിയമം ഉറപ്പാക്കുന്നു.
  • ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സ്ഥാപനത്തിലെ 51% ശതമാനം തൊഴിലാളികളുടെ പിന്തുണ ഉറപ്പുവരുത്തുന്ന തൊഴിലാളി സംഘടനകള്‍ക്ക് മാത്രമേ അവരുടെ ഏജന്‍സി ഏറ്റെടുക്കാനുള്ള അധികാരം ഉണ്ടായിരിക്കുകയുള്ളൂ എന്ന് നിയമം അനുശാസിക്കുന്നു. (Chapter III, Section 14).

  • തൊഴില്‍ സമരത്തെ ഇല്ലാതാക്കുന്നതിന് കൂട്ട കാഷ്വല്‍ അവധി എടുക്കുന്നതില്‍ നിന്നും തൊഴിലാളികളെ വിലക്കുന്നു.
  • തൊഴില്‍ സമരം ആരംഭിക്കുന്നതിന് 14 ദിവസത്തിന് മുമ്പ് ഉടമയ്ക്ക് നോട്ടീസ് നല്‍കണമെന്ന് എല്ലാ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കി. നേരത്തെ റെയില്‍വെ, പോസ്റ്റല്‍, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍ നോട്ടിഫൈ ചെയ്ത മേഖലകള്‍ എന്നിവിടങ്ങളില്‍ മാത്രമേ മുന്‍കൂര്‍ നോട്ടീസിന്റെ ആവശ്യം ഉണ്ടായിരുന്നുള്ളൂ. (Sections 62&63).
  • തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് മേല്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നും തൊഴിലുടമകളെ രക്ഷിക്കുന്നു.
  • തൊഴില്‍ സമയം പന്ത്രണ്ട് മണിക്കൂര്‍ വരെയാക്കി ഉയര്‍ത്തി.

  • തൊഴിലുടമകളുടെ ആവശ്യത്തിനനുസരിച്ച് കരാര്‍ തൊഴിലാളികളെ നിയമിക്കുവാനുള്ള അവകാശം.
  • പഴയ കാല ലേബര്‍ ഇന്‍സ്പെക്ടര്‍മാരുടെ തസ്തിക ‘ഇന്‍സ്പെക്ടര്‍ കം ഫസിലിറ്റേറ്റര്‍’ എന്നാക്കി മാറ്റി. (Chapter VII)
  • 1961ലെ അപ്രന്റീസ് ആക്ട് പ്രകാരം അപ്രന്റീസ് കാലാവധി ഒരു വര്‍ഷമായി നിശ്ചയിച്ചിരുന്നത് തിരുത്തി. ഇനിമുതല്‍ തൊഴിലുടമയ്ക്ക് എത്രകാലം വേണമെങ്കിലും ഒരു വ്യക്തിയെ അപ്രന്റീസായി തൊഴിലെടുപ്പിക്കാം. (Chapter VII)
  • പുതിയ നിയമത്തില്‍ പുതുതായ ചില തൊഴിലാളി വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നുണ്ട്. ‘ഗിഗ് വര്‍ക്കേര്‍സ്’, (Section 2(35) ‘പ്ലാറ്റ്ഫോം വര്‍കേര്‍സ്'(Section 2(60))), ‘അണ്‍ഓര്‍ഗനൈസ്ഡ് വര്‍കേര്‍സ്’ (Section 2(86)) എന്നിവരാണിവര്‍.  തൊഴിലാളി ക്ഷേമപദ്ധതികളില്‍ ഇവരെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് പ്രത്യക്ഷത്തില്‍ ഗുണകരമായി തോന്നാമെങ്കിലും മേല്‍പ്പറഞ്ഞ തൊഴില്‍ വിഭാഗങ്ങളുടെ എണ്ണം കൂടുമെന്നതിന്റെ സൂചനയാണത്. യഥാര്‍ത്ഥത്തില്‍ അസ്ഥിര തൊഴിലാളികള്‍ എന്ന പ്രത്യേക തൊഴിലാളി വിഭാഗത്തിന്റെ വര്‍ദ്ധനവ് സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നുവെന്നര്‍ത്ഥം.

തൊഴിലാളികളെ എങ്ങിനെയൊക്കെ ബാധിക്കും

‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ എന്നത് സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്താനെന്ന പേരില്‍ ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും മുന്നോട്ടുവെച്ച മന്ത്രമാണ്. ഈ വളര്‍ച്ചാ മൂലമന്ത്രത്തിന് അനുരൂപമാകുന്ന നിലയില്‍ രാഷ്ട്രങ്ങള്‍ തങ്ങളുടെ തൊഴില്‍ മേഖലയിലെ നിയന്ത്രണങ്ങള്‍ പരിഷ്‌കരിക്കേണ്ടതാണെന്ന് മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നു.

വ്യാപാര-വ്യവസായ മേഖലകളിലെ വളര്‍ച്ച ലക്ഷ്യം വെച്ചുകൊണ്ട് ലോകത്തിലെ 115ഓളം രാജ്യങ്ങള്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ചതായി ലോകബാങ്ക് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു (Doing Business 2020, Comparing Business Regulation 190 Countries, World Bank).

ഇന്ത്യാ ഗവണ്‍മെന്റും രാജ്യത്ത് നിലവിലുള്ള 44ഓളം അടിസ്ഥാന തൊഴില്‍ നിയമങ്ങളെ നാല് വ്യത്യസ്ത കോഡുകളാക്കി തിരിച്ച് (Labour Codes) തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് ഭേദഗതി ചെയ്തിരിക്കുകയാണ്.

അസംഘടിത മേഖലകളില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു രാജ്യമെന്ന നിലയില്‍ മിനിമം വേതനം ഉയര്‍ത്തണമെന്ന ആവശ്യത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ നിയമ ഭേദഗതികള്‍ പാസാക്കപ്പെട്ടത്.

കുറഞ്ഞ വേതനം 375 രൂപ മുതല്‍ 447 രൂപവരെ ആയി ഉയര്‍ത്തണമെന്ന് അനൂപ് സത്പതി അദ്ധ്യക്ഷനായുള്ള വിദഗ്ദ്ധ സമിതി 2019 ഫെബ്രുവരി മാസത്തില്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍’ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കേന്ദ്ര സര്‍ക്കാരിന് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ലെന്ന് മിനിമം വേതനം സംബന്ധിച്ച തൊഴില്‍ വകുപ്പ് മന്ത്രാലയത്തിന്റെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നു.

കേന്ദ്ര ഗവണ്‍മെന്റ് 2019ല്‍ പുറത്തിറക്കിയ മിനിമം വേജസ് ആക്ട് അനുസരിച്ച് ഒരു തൊഴിലാളിയുടെ ഏറ്റവും കുറഞ്ഞ പ്രതിദിന വേതനം 178 രൂപയാണ്. അതായത് ഒരു തൊഴിലാളിയുടെ പ്രതിമാസ വേതനം 4628 രൂപമാത്രം! മിനിമം വേതനത്തില്‍ 25% വര്‍ദ്ധനയെങ്കിലും ആവശ്യമാണെന്ന സുപ്രീം കോടതി വിധിയെപ്പോലും തള്ളിക്കളഞ്ഞാണ് ഈ പ്രഖ്യാപനം.

എന്നാല്‍ ഈ കാലയളവിലെ ഭക്ഷ്യ വസ്തുക്കളിന്മേലും മറ്റ് ഉപഭോക്തൃ സാധനങ്ങളിന്മേലും ഉള്ള വില വര്‍ദ്ധനവ് 15% മുതല്‍ 39% വരെയാണെന്നത് തൊഴിലാളികളുടെ ജീവിതാവസ്ഥകളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നതാണ്.

നിലവിലുള്ള ഉപഭോക്തൃ വില സൂചികയിലുള്ള വര്‍ദ്ധനവ് കൂടി പരിഗണിച്ചുകൊണ്ട് തൊഴിലെടുക്കുന്നവരുടെ അടിസ്ഥാന വരുമാനം 18,000 മുതല്‍ 20,000 വരെയായി ഉയര്‍ത്തേണ്ടതുണ്ടെന്ന ഏഴാം ശമ്പളക്കമ്മീഷന്റെ നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയില്‍പ്പോലും പെട്ടിട്ടില്ല.

Mansukh L. Mandaviya മൻസുഖ് എൽ. മാണ്ഡവ്യ

മൻസുഖ് എൽ. മാണ്ഡവ്യ

മുമ്പെ സൂചിപ്പിച്ചതുപോലെ 44 നിയമങ്ങളിലായി പരന്നുകിടന്ന തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളെ വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക സുരക്ഷയും ക്ഷേമവും, വ്യാവസായിക ബന്ധങ്ങള്‍ എന്നിങ്ങനെ 4 ലേബര്‍ കോഡുകള്‍ക്ക് കീഴില്‍ ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ തൊഴില്‍ നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്.

തൊഴിലാളികളുടെ വേതനം, സാമൂഹ്യ സുരക്ഷ തുടങ്ങിയ മേഖലകളില്‍ കമ്പനികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടാണ് പുതിയ നിയമ ഭേദഗതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്.

അതിനേക്കൊളൊക്കെ പ്രധാനമായിരിക്കുന്ന മറ്റൊരു കാര്യം ‘സ്ഥിരം തൊഴില്‍’ എന്ന കാഴ്ചപ്പാടിനെത്തന്നെ അപ്രസക്തമാക്കുന്ന രീതിയില്‍ നിശ്ചിത കാലയളവിലേക്ക് മാത്രമായി ആരെയും നിയമിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുകയും രണ്ടാഴ്ചത്തെ മാത്രം നോട്ടീസ് നല്‍കി പിരിച്ചുവിടാന്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്.

നാല്പതില്‍ താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ തൊഴില്‍ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കുന്ന തരത്തിലുള്ള നിയമ ഭേദഗതി തൊഴില്‍ മേഖലയില്‍ വലിയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്.

1961ലെ അപ്രന്റീസ് ആക്ട് പ്രകാരം അപ്രന്റീസ് കാലാവധി ഒരു വര്‍ഷമായി നിശ്ചയിച്ചിരുന്നത് തിരുത്തിയതിലൂടെ തൊഴിലുടമയ്ക്ക് എത്രകാലം വേണമെങ്കിലും ഒരു വ്യക്തിയെ അപ്രന്റീസായി തൊഴിലെടുപ്പിക്കാമെന്ന അവസ്ഥയും സംജാതമായിട്ടുണ്ട്.

1965ലെ ബോണസ്സ് നിയമം, 1970ലെ കരാര്‍ തൊഴിലാളി നിരോധന നിയമം, 1972 ലെ ഗ്രാറ്റിയുവിറ്റി നിയമം എന്നിവയില്‍ കര്‍ശനമായ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും 1936ലെ പേയ്മെന്റ് ഓഫ് വേജസ് ആക്ട്, 1948ലെ മിനിമം വേജസ് ആക്ട്, 1976ലെ ഈക്വല്‍ റെമ്യുണറേഷന്‍ ആക്ട് എന്നിവ റദ്ദുചെയ്തുകൊണ്ടും തൊഴില്‍ മേഖലയെ പൂര്‍ണ്ണമായും നിയന്ത്രണരഹിതമാക്കി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.

content highlights: K Sahadevan writes about the national strike on July 9.

K Sahadevan
Environmentalist and anti-nuclear activist. The author has been working on various popular struggles in India for the past three decades. He writes in periodicals on topics such as environment, development, energy, environmental economics, agriculture and caste.