പ്രിയ രാഹുല്‍ ഗാന്ധി, നിങ്ങളുടെ വര്‍ഗീയതെക്കെതിരായ നിലപാടില്‍ സംശയമില്ല, പക്ഷേ കോര്‍പ്പറേറ്റുകളുടെ കാര്യത്തിലോ
DISCOURSE
പ്രിയ രാഹുല്‍ ഗാന്ധി, നിങ്ങളുടെ വര്‍ഗീയതെക്കെതിരായ നിലപാടില്‍ സംശയമില്ല, പക്ഷേ കോര്‍പ്പറേറ്റുകളുടെ കാര്യത്തിലോ
കെ. സഹദേവന്‍
Tuesday, 13th September 2022, 9:09 pm

പ്രിയ രാഹുല്‍ ഗാന്ധി, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റിനെതിരായി കോണ്‍ഗ്രസില്‍ താങ്കള്‍ നയിക്കുന്ന ഒറ്റയാള്‍ പോരാട്ടത്തെ വളരെ താല്‍പര്യപൂര്‍വം നോക്കിക്കാണുന്ന ഒരാളാണ് ഞാന്‍.
താങ്കള്‍ നടത്തുന്ന ‘ഭാരത് ജോഡോ’ യാത്രക്ക് ഇക്കാര്യത്തില്‍ ചില ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയട്ടെ എന്നാശിക്കുന്നു.

ഫാസിസത്തിനെതിരായ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന താങ്കളോട് തല്‍ക്കാലം ചോദ്യങ്ങളൊന്നും അരുതെന്ന് എന്റെ ചില സുഹൃത്തുക്കള്‍ പറയുന്നു. അവരൊക്കെയും നല്ല സുഹൃത്തുക്കളാണ്. ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരെ ശക്തമായ നിലപാടുള്ളവര്‍. അവരുടെ ആത്മാര്‍ത്ഥതയെ തരിമ്പും അവിശ്വസിക്കുന്നില്ല.

എന്നിരുന്നാലും ചോദ്യങ്ങളും സംവാദങ്ങളും ഇല്ലാതെ എന്ത് ജനാധിപത്യം? അഭിലാഷ ചിന്തകള്‍ കൊണ്ടുമാത്രം ഫാസിസത്തെ നേരിടാനാകില്ലല്ലോ! അതുകൊണ്ട് താങ്കള്‍ ചോദ്യങ്ങളെ നേരിട്ടേ പറ്റൂ.

ഭാരത് ജോഡോ യാത്രക്കിടയില്‍ വിവിധ ജനകീയ സമര കേന്ദ്രങ്ങള്‍ താങ്കള്‍ സന്ദര്‍ശിക്കുമെന്ന് കേള്‍ക്കുന്നു. തീര്‍ച്ചയായും അത് നല്ലൊരുകീഴ് വഴക്കമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍ ഇതിലും നല്ല വഴിയെന്ത്?

എങ്കില്‍ താങ്കള്‍ ഉറപ്പായും ചെല്ലേണ്ട ഒരു സ്ഥലമുണ്ട്. ഛത്തീസ്ഗഢിലെ ഹാസ്‌ദേവ് അരന്ദില്‍. താങ്കളുടെ പാര്‍ട്ടി ഭരണത്തിലുള്ള സംസ്ഥാനമാണത്. ആരും താങ്കളെ തടയില്ല.

ഹാസ്‌ദേവ് അരന്ദ് ഇന്ത്യയിലെ തന്നെ ഏറ്റവും സമൃദ്ധമായ വനപ്രദേശമാണ്. 17,00,000 ഹെക്ടര്‍ വരുന്ന ഈ വന ഭൂമിയിലെ 1,879 ച.കീമീറ്റര്‍ പ്രദേശം(23 കോള്‍ ബ്ലോക്കുകള്‍) അദാനി എന്റര്‍പ്രൈസസിന് ഖനനം ചെയ്യാന്‍ അനുമതി നല്‍കിയത് താങ്കളുടെ സര്‍ക്കാരാണ്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഹാസ് ദേവ് അരന്ദിലെ ഗോണ്ട് ആദിവാസികള്‍ നടത്തുന്ന പ്രക്ഷോഭത്തെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടും 2011ല്‍ 12 ഓളം ഗ്രാമസഭകള്‍ ചേര്‍ന്ന് ഖനനപദ്ധതിക്കെതിരായി പാസാക്കിയ പ്രമേയത്തെ തള്ളിക്കളഞ്ഞു കൊണ്ടും ആണ് ഇക്കഴിഞ്ഞ ഏപ്രില്‍ ആറിന് ഛത്തീസ്ഗഢ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതിക്ക് അന്തിമ അനുമതി നല്‍കിയത്.

കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനിലെ രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റഡുമായി ചേര്‍ന്ന് അദാനി എന്റര്‍പ്രൈസസാണ് ഈ കല്‍ക്കരി ഖനന പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.

രാജ്യത്തെ പൊതുസമ്പത്ത് മുഴുവന്‍ തന്റെ ഉറ്റ സുഹൃത്തും സംഘപരിവാര്‍ ഫണ്ടറുമായ അദാനിക്ക് കാഴ്ചവെച്ചു കൊണ്ടാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് താങ്കള്‍ക്ക് അറിയാത്തതല്ലല്ലോ. അദാനി -അംബാനിമാരുമായുള്ള മോദിയുടെ കൊള്ളക്കൊടുക്കലുകളെക്കുറിച്ച് താങ്കള്‍ എത്ര തവണ ശബ്ദമുയര്‍ത്തിയിരിക്കുന്നു.

അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഇത്തരം കരാറുകളും പദ്ധതികളും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്, അവയ്ക്ക്പിന്നിലെ വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കുകയും തിരുത്തുകയും ചെയ്യാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഈ യാത്രയില്‍ ഇത്തരത്തില്‍ പല സംഘര്‍ഷങ്ങളെ താങ്കള്‍ക്ക് എതിരിടേണ്ടി വരും എന്നതുറപ്പാണ്. എങ്കില്‍കൂടിയും അത്തരമൊരു അനിവാര്യതയെ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്ന താങ്കളെ ആത്മാര്‍ത്ഥമായും അഭിവാദ്യം ചെയ്യുന്നു. ഗൗരവതരങ്ങളായ പല ചോദ്യങ്ങളെയും നേരിടാന്‍ താങ്കള്‍ തയ്യാറാകുക. ആശംസകള്‍.

CONTENT HIGHLIGHTS:  k sahadevan write up about rahul gandhi’s bharat jodo yatra

കെ. സഹദേവന്‍
പരിസ്ഥിതി ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, കാര്‍ഷിക മേഖല, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.