സൈനികവല്‍കൃത ഹിന്ദുരാഷ്ട്രം: മുസ്സോളിനിയുടെ ആരാധകര്‍ പണിത്തിരക്കിലാണ്
Opinion
സൈനികവല്‍കൃത ഹിന്ദുരാഷ്ട്രം: മുസ്സോളിനിയുടെ ആരാധകര്‍ പണിത്തിരക്കിലാണ്
കെ. സഹദേവന്‍
Saturday, 17th August 2019, 3:01 pm

 

ഇന്ത്യന്‍ സൈന്യത്തെ ഒരൊറ്റ സൈനിക മേധാവിയുടെ കീഴിലേക്ക് മാറ്റാനുള്ള ‘വമ്പന്‍’ പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തുകയുണ്ടായി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി.ഡി.എസ്) എന്ന പേരില്‍ കര-നാവിക-വ്യോമ സേനാ വിഭാഗങ്ങളെ നിയന്ത്രിക്കാനുള്ള അധികാരമാണ് പുതുതായി നിര്‍മ്മിക്കപ്പെട്ട തസ്തികയില്‍ ഇരിക്കുന്ന വ്യക്തിക്ക് ലഭിക്കുന്നത്. നിലവില്‍ രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപന്‍ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധിയായ രാഷ്ട്രപതിയാണ്. രാഷ്ട്രപതിയുടെ സര്‍വ്വസൈന്യാധിപ സ്ഥാനത്തെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് പ്രതിരോധ വകുപ്പിന് ഒറ്റത്തലവന്‍ എന്ന ആശയം നടപ്പിലാകാന്‍ പോകുന്നത്.

സൈന്യത്തെ ഒരൊറ്റ നേതൃത്വത്തിന്‍ കീഴിലേക്ക് കൊണ്ടുവരിക എന്നത് പുതിയ ആശയമല്ല. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകാലമായി ഇത്തരമൊരാവശ്യം സൈനികമേഖലയിലെ ഉന്നതരായ ആളുകള്‍ ഉയര്‍ത്തിവരുന്നുണ്ട്. പ്രത്യേകിച്ചും കാര്‍ഗില്‍ യുദ്ധാനന്തര നാളുകളില്‍, വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന അവസരത്തില്‍ തന്നെ, ഈയൊരു ആവശ്യം ഉന്നയിക്കാന്‍ സൈനിക മേഖലയിലെ വിദഗ്ദ്ധര്‍ തയ്യാറായി. സംഘപരിവാര്‍ അത്തരമൊരു നീക്കത്തിന് അക്കാലം തന്നെ സന്നദ്ധമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രീയ സമവായം അത്തരമൊരു ഏകീകരണത്തിന് എതിരായിരുന്നു എന്നതുകൊണ്ടുതന്നെ തങ്ങളുടെ ആശയം നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.

ലോകത്തിലെ എല്ലാ ആണവായുധ രാഷ്ട്രങ്ങളും ഇത്തരത്തില്‍ ഏക സൈന്യാധിപന്റെ കീഴില്‍ വിന്യസിക്കപ്പെട്ട സൈനികഘടനയുള്ളവയാണ്. ഇന്ത്യയില്‍ ആണവായുധങ്ങളുടെ നിയന്ത്രണം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ന്യൂക്ലിയര്‍ കമാണ്ട് അതോറിറ്റിയുടെ കൈകളിലാണെങ്കിലും നാവിക-വ്യോമ സേനകള്‍ക്ക് പ്രത്യേകം പ്രത്യേകം നിയന്ത്രണാധികാരം ഉണ്ട്. സൈനികമേഖലയില്‍ നിന്നുതന്നെയുള്ള സര്‍വ്വ സൈന്യാധിപന്റെ നിയമനം ആണവായുധ കൈകാര്യകര്‍ത്വത്തിന് കൂടുതല്‍ കേന്ദ്രീകൃത സ്വഭാവം കൈവരുത്തുന്നതിന് ഉദ്ദേശിച്ചാണ് എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. അതായത്, ഇന്ത്യ കൂടുതല്‍ വ്യക്തമായ ഭാഷയില്‍ തങ്ങളുടെ ആണവായുധശക്തിയെ സംബന്ധിച്ച് ലോകത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു എന്നുവേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍.

ഇന്ത്യയെ ഒരു സൈനികവല്‍കൃത രാഷ്ട്രമാക്കി മാറ്റണമെന്നത് ഹിന്ദുത്വ പ്രത്യയശാസ്ത്ര വക്താക്കളുടെ ദീര്‍ഘകാല സ്വപ്നമായിരുന്നു. അതിലേക്കുള്ള ചവിട്ടുപടിയായി വേണം ഇതിനെ കണക്കാക്കാന്‍. ഹിന്ദുരാഷ്ട്ര വാദത്തിന്റെ നൂറാം വാര്‍ഷികം പൂര്‍ത്തിയാകാന്‍ കേവലം മൂന്ന് വര്‍ഷം മാത്രം ബാക്കി നില്‍ക്കെ സൈനികവല്‍കൃത ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിലേക്ക് ഒരു ചുവടുകൂടി അടുത്തിരിക്കുകയാണ് ഇന്ത്യ. ആയുധ ആധുനികവല്‍ക്കരണത്തിന് (Weapon Modernisation) ബജറ്റില്‍ ഒരു ലക്ഷം കോടി രൂപ വകയിരുത്തിയും ആണവായുധത്തിന്റെ കാര്യത്തില്‍ ആദ്യപ്രഹരം (Preemptive strike) നല്‍കാവുന്ന തരത്തിലുള്ള സാങ്കേതികവിദ്യകള്‍-cantsiered missile mated to nuclear warheads സ്വന്തമാക്കിയും അയല്‍രാജ്യങ്ങളെ വെല്ലുവിളിക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ ആണവായുധം ‘ആദ്യം പ്രയോഗിക്കില്ല’ (No First Use NFU) എന്ന ഇന്ത്യന്‍ ആണവതത്വ (India’s Nuclear Dotcrine) ത്തിലെ അടിസ്ഥാനപ്രമാണം തിരുത്തുമെന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയും ഇന്ത്യയുടെ മാറി വരുന്ന സൈനിക-പ്രതിരോധ നയത്തിന്റെ സൂചനകളായിത്തന്നെ വിലയിരുത്തേണ്ടതുണ്ട്.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നുമുതല്‍ ഇന്ത്യയുടെ സാമ്പത്തിക-വ്യാവസായിക-കാര്‍ഷിക മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല; അത്തരമേതെങ്കിലും വിഷയം ചര്‍ച്ചയാകാതിരിക്കാനുള്ള എല്ലാ നടപടികളും അവര്‍ സ്വീകരിച്ചുവരുന്നുമുണ്ട്. അതേസമയം 2023 ആകുമ്പോഴേക്കും ഹിന്ദുരാഷ്ട്ര നിര്‍മ്മാണം സാധ്യമായിരിക്കണമെന്ന സംഘപരിവാര്‍ സംഘടനകളുടെ അന്ത്യശാസനത്തിന് വഴങ്ങിക്കൊണ്ട് അതിനനുസൃതമായ രീതിയില്‍ നിയമനിര്‍മ്മാണങ്ങളും നയരൂപീകരണങ്ങളും നടത്തിവരികയാണ് മോദി-അമിത് ഷാ കൂട്ടുകെട്ട്.

ഭരണഘടന അനുവദിച്ച് നല്‍കിയ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, സൈന്യത്തെ ഒരൊറ്റ നേതൃത്വത്തിന്‍ കീഴില്‍ കൊണ്ടുവരല്‍, ആണവായുധ തത്വത്തില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം എന്നിവ രാജ്യത്തെ പൊതുവില്‍ വന്‍തോതിലുള്ള അരക്ഷിതാവസ്ഥയിലേക്കും അസ്വസ്ഥതകളിലേക്കും തള്ളിവിടും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

‘സൈനികവല്‍കൃത ഹിന്ദുരാഷ്ട്ര’മെന്ന ആര്‍.എസ്.എസ് സ്വപ്നത്തിന് അടിത്തറ പാകിയത് ഇറ്റാലിയന്‍ ഫാസിസ്റ്റായ ബെനിറ്റോ മുസ്സോളിനിയായിരുന്നു. ആര്‍.എസ്.എസ് നേതാവും ഹെഡ്ഗേവാറിന്റെ മാര്‍ഗ്ഗദര്‍ശിയുമായ ബി.എസ്. മുഞ്ജേ, മുസ്സോളിനിയുടെ ‘ഒപേര നാഷണല്‍ ബലില്ല’ എന്ന സൈനിക സംഘടനയില്‍ ആകൃഷ്ടനായിരുന്നു. ഇറ്റലിയെ സൈനികമായി പുനഃസംഘടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുവാക്കള്‍ക്ക് വേണ്ടി ഉണ്ടാക്കിയ സംഘടനയായിരുന്നു ONB (Opera National Balilla).

1931 കാലയളവില്‍ ഇറ്റലി സന്ദര്‍ശിച്ച മുഞ്ജേ അതിന്റെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടനായി രാഷ്ട്രീയ സ്വയം സേവക് എന്ന തന്റെ സ്വന്തം സംഘടനയെ ആ രീതിയില്‍ പരിഷ്‌കരിക്കുകയായിരുന്നു. എന്നുമാത്രമല്ല, ഇറ്റലി സന്ദര്‍ശനത്തിന് ആറ് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ നാസികില്‍ ഭോന്‍സാല ആര്‍മി സ്‌കൂള്‍ സ്ഥാപിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നല്‍കുകയും ചെയ്തുവരുന്നുണ്ട്. ‘ഒപേര നാഷണല്‍ ബലില്ല’യുമായി ബന്ധപ്പെട്ട് അന്നുതൊട്ടിങ്ങോട്ട് ഹിന്ദുരാഷ്ട്രത്തിന്റെ സ്വഭാവം എങ്ങിനെയായിരിക്കണമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ വളരെ കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ട്. സര്‍ സംഘചാലക് എന്ന സര്‍വ്വാധികാര്യക്കാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് ചോദ്യം ചെയ്യലുകള്‍ കൂടാതെ, അനുസരണയോടെ, പട്ടാളച്ചിട്ടയോടെ, പ്രവര്‍ത്തിക്കുന്ന സംഘടനയായി മാറിയത് മുസ്സോളിനിയുടെ സംഘടനാശൈലിയെ അനുകരിച്ചുകൊണ്ടാണ്.

ആര്‍.എസ്.എസിന്റെ സൈനിക സ്വഭാവത്തില്‍ അങ്ങേയറ്റം ഊറ്റംകൊള്ളുന്നവരാണ് സംഘപരിവാര്‍ സംഘടനകള്‍. ”ഇന്ത്യന്‍ ആര്‍മിക്ക് സൈനിക തയ്യാറെടുപ്പിന് ആറ് മാസത്തെ സമയം ആവശ്യമായി വരുമ്പോള്‍ ആര്‍എസ്എസിന് മൂന്ന് ദിവസം മാത്രം മതി”യെന്ന ആര്‍.എസ്.എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന (2018 ഫെബ്രുവരി) ഇതിനുള്ള തെളിവാണ്. ”അതിര്‍ത്തിയില്‍ യുദ്ധം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെ”ന്ന അവരുടെ പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്തുവായിക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദുത്വ സംഘടന എത്രമാത്രം സൈനികവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നാമെത്തിപ്പെടുന്നു.

യു.പിയിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ശികാര്‍പൂരില്‍ രജ്ജു ഭയ്യ സൈനിക് വിദ്യാ മന്ദിര്‍ എന്ന ആര്‍മി സ്‌കൂള്‍ സ്ഥാപിച്ചുകൊണ്ട് വ്യക്തമായ പ്രത്യയശാസ്ത്ര ബോധ്യത്തോടെ സൈനികമേഖലയെ നിയന്ത്രിക്കാനാവശ്യമായ സൈനികരെ വാര്‍ത്തെടുക്കുന്നതിനുള്ള പദ്ധതിയും അവര്‍ ആരംഭിച്ചു കഴിഞ്ഞു. ആര്‍എസ്എസിന് കീഴില്‍ സജ്ജമായിക്കൊണ്ടിരിക്കുന്ന ‘ആര്‍മി സ്‌കൂള്‍’ പദ്ധതി വിജയകരമാണെന്ന് കണ്ടാല്‍ ആര്‍എസ്എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശ്വഭാരതിയുടെ 20000 സ്‌കൂളുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനുള്ള ഉദ്ദേശമുണ്ടെന്നും അവര്‍ പറയുന്നു.

ഒരുഭാഗത്ത് ഡോ.മുഞ്ജേ ആര്‍.എസ്.എസിനെ സൈനികവല്‍ക്കരിക്കാനുള്ള പരിശീലനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നപ്പോള്‍ വേറൊരു ഭാഗത്ത് ഹിന്ദുരാഷ്ട്ര വാദത്തിന്റെ ഉപജ്ഞാതാവായ വി.ഡി.സവര്‍ക്കര്‍ സൈന്യത്തെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞിരുന്നു. 1942 വര്‍ഷത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ഇന്ത്യയില്‍ ശക്തമായിരുന്ന കാലത്ത് ഹിന്ദുമഹാസഭാ നേതാവ് സവര്‍ക്കര്‍ ബ്രിട്ടീഷ് സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന തിരക്കിലായിരുന്നു.

”ഹിന്ദുക്കളെ സൈനികവല്‍ക്കരിക്കുക; രാഷ്ട്രത്തെ ഹിന്ദുത്വവല്‍ക്കരിക്കുക” (Militarise Hindus; Hinduise Nation) എന്നതായിരുന്നു അന്ന് സവര്‍ക്കറുടെ മുദ്രാവാക്യം. ഹിന്ദുക്കളെ ബ്രിട്ടീഷ് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സവര്‍ക്കറുടെ ശ്രമത്തിന് പിന്നില്‍ വളരെ വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന അതേ അവസരത്തില്‍ ഹിന്ദു സൈനികരെ ഉപയോഗപ്പെടുത്തി ഇന്ത്യയുടെ രാഷ്ട്രീയാധികാരം കയ്യാളാം എന്നായിരുന്നു സവര്‍ക്കര്‍ ബുദ്ധി. സൈനികവല്‍ക്കൃത ഹിന്ദുരാഷ്ട്രം എന്ന ആശയം നടപ്പിലാക്കാന്‍ സംഘപരിവാറിന് സാധിച്ചില്ലെങ്കിലും രാഷ്ട്രബോധത്തെ സൈനികവല്‍ക്കരിക്കാന്‍ ഒരു കണക്കിന് സാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്.

ദേശീയതയെ സംബന്ധിച്ച ബോധ്യങ്ങള്‍ സൈനിക ധാര്‍ഷ്ട്യങ്ങളിലേക്ക് കടക്കുന്നത് അതുകൊണ്ടാണ്. ദേശീയതയെക്കുറിച്ചുള്ള ഏതൊരു സംവാദവും ചെന്നവസാനിക്കുന്നത് സൈന്യത്തെയും സൈനികബലത്തെയും കുറിച്ചായിരിക്കുന്നതും അതുകൊണ്ടുതന്നെ.

ഹിന്ദുരാഷ്ട്രനിര്‍മ്മാണവും സൈനികവല്‍ക്കരണവും

ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് ദശകക്കാലമായി മാധ്യമങ്ങള്‍ തൊട്ട് പ്രതിപക്ഷ പാര്‍ട്ടികളെയടക്കം സൈനികവല്‍ക്കൃത ദേശീയതാവാദത്തിന്റെ കുരുക്കില്‍ കെട്ടിയിടാന്‍ സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കശ്മീരിലെ അമിത സൈനികവല്‍ക്കരണം തൊട്ട് ആണവായുധ തത്വത്തില്‍ വരുത്താനുദ്ദേശിക്കുന്ന നയപരമായ മാറ്റങ്ങള്‍ വരെ ചോദ്യം ചെയ്യലുകള്‍ കൂടാതെ സ്വീകരിക്കപ്പെടുന്നത് അതുകൊണ്ടാണ്.

ദേശീയത, സൈനിക മേഖല എന്നതൊക്കെ തൊട്ടാല്‍ പൊള്ളുന്ന അതിവൈകാരിക വിഷയമാക്കി മാറ്റാന്‍ സാധിച്ചുവെന്നത് നാളിതുവരെയുള്ള സംഘപരിവാര്‍ ഒത്തുപിടിച്ചുള്ള ശ്രമഫലമാണ്. രാഷ്ട്രീയ വിവേകവും സമവായവും സംവാദത്തിന്റെ കേന്ദ്രബിന്ദുവായി കണക്കാക്കുന്ന സമീപനം ഇന്ത്യ കൈവിട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് സമീപകാലത്ത് ഗവണ്‍മെന്റ് കൈക്കൊണ്ടിരിക്കുന്ന തീരുമാനങ്ങളോരോന്നും.
ആണവായുധ തത്വത്തില്‍ സംഭവിക്കുന്ന മാറ്റവും അതിനനുരൂപമായ വിധത്തില്‍ സൈനിക മേഖലയെ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്നത് മേഖലയില്‍ വലിയ അസ്വസ്ഥതകള്‍ക്ക് വഴിയൊരുക്കും എന്നതില്‍ സംശയമില്ല.

ഇന്ത്യയുടെ നോ ഫസ്റ്റ് യൂസ് പോളിസിയില്‍ മാറ്റം വരുത്തിയേക്കാം എന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെ പാകിസ്ഥാനെതിരായ ഭീഷണിയായിട്ടാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത് (The Express Tribune, Aug 16, 2019). ഏഷ്യയിലെ മറ്റ് രണ്ട് ആണവായുധ രാഷ്ട്രങ്ങളായ ചൈന, ഉത്തര കൊറിയ എന്നിവരും ഇന്ത്യയുടെ പുതിയ പ്രസ്താവനയെ ആശങ്കയോടെ സമീപിക്കുവാനും അതിനനുസൃതമായ രീതിയില്‍ സൈനിക തന്ത്രജ്ഞതയില്‍ മാറ്റം വരുത്താനും തയ്യാറായേക്കും.

ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നിരുത്തരവാദപരമായ പ്രസ്താവനയുടെ പ്രതിഫലനങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ പ്രകടമാകാനിരിക്കുന്നതേയുള്ളൂ. എന്തായാലും Escalation Dynamics പോലുള്ള അപകടകരമായ അവസ്ഥ സംജാതമാകാനുള്ള സാധ്യത കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് വസ്തുത. ദക്ഷിണേഷ്യന്‍ മേഖലയുടെ സമാധാനാന്തരീക്ഷമായിരിക്കും ഇതിന് നല്‍കേണ്ടി വരുന്ന വില.

 

 

കെ. സഹദേവന്‍
എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ്