ആറ് ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് സംഗീതലോകത്ത് പകരംവെക്കാനില്ലാത്ത സ്ഥാനമാണുള്ളത്.
തന്റെ ഗാനങ്ങൾ ആരാധകരുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് മറക്കാനാകാത്ത അനുഭവങ്ങൾ പങ്കുവെക്കുകയാണ് കെ.എസ്. ചിത്ര. മധുരയിൽ നടന്ന സംഗീത പരിപാടിക്കിടെ ഒരു ആരാധകൻ പറഞ്ഞ വാക്കുകൾ ഇന്നും മറക്കാനാകില്ലെന്ന് ചിത്ര പറയുന്നു. റിപ്പോർട്ടർ ടീവിയോട് സംസാരിക്കുകയായിരുന്നു ഗായിക.
‘ഒരു ദിവസം മധുര ഭാഗത്ത് ഒരു സംഗീത പരിപാടിക്ക് പോയപ്പോൾ പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒരാൾ എന്റെ മുന്നിൽ വന്ന് കൈപിടിച്ച് കരയാൻ തുടങ്ങി. ഉടൻ തന്നെ എല്ലാവരും വന്ന് അയാളെ മാറ്റി നിർത്തി. പക്ഷേ അദ്ദേഹത്തിന്റെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി, അയാൾക്ക് എന്തോ എന്നോട് പറയാനുണ്ടെന്ന് മനസിലായി.
അങ്ങനെ അദ്ദേഹം എന്റെ അടുത്ത് വന്ന് പറഞ്ഞു, അമ്മാ, ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത് നിങ്ങൾ കാരണമാണ്. ജീവിതത്തിലെ ഒരുപാട് ബുദ്ധിമുട്ടുകൾ കാരണം ഇനി ജീവിച്ചിരിക്കേണ്ട എന്ന അവസ്ഥയിൽ എത്തി ഞാൻ ആത്മഹത്യ ചെയ്യാൻ കയറിൽ തൂങ്ങാൻ നിൽക്കുമ്പോഴാണ് ‘ഓവ്വോരു പൂക്കളുമേ എന്ന നിങ്ങളുടെ പാട്ട് അടുത്ത വീട്ടിൽ നിന്നും കേട്ടത്. എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടി ആ പാട്ട് ആരോ അവിടെ വെച്ചതുപോലെയാണ് അന്ന് എനിക്ക് തോന്നിയത്,’ ചിത്ര പറഞ്ഞു.
പാട്ടിലെ വരികൾ കേട്ടപ്പോൾ മാതാപിതാക്കളുടെ മുഖം മനസിലേക്ക് വരികയും ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനം മാറ്റുകയുമായിരുന്നുവെന്നും ആരാധകൻ പറഞ്ഞതായി ചിത്ര ഓർത്തെടുത്തു. ആ അനുഭവം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും ചിത്ര പറഞ്ഞു.
‘ആ പാട്ടിന്റെ വരികളിൽ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്നുണ്ടായിരുന്നു. ആ പാട്ട് കേട്ടപ്പോൾ അദ്ദേഹത്തിന് പെട്ടെന്ന് തന്റെ മാതാപിതാക്കളുടെ മുഖം മനസിലേക്ക് വരികയും, അങ്ങനെ ചെയ്യാൻ പാടില്ലെന്നും ജീവിതം അനുഭവിച്ചു തന്നെ തീർക്കണമെന്നും തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് ഇന്ന് ഞാൻ സന്തോഷത്തോടെ ഇരിക്കുന്നു എന്നൊക്കെ പറഞ്ഞ് ആ വ്യക്തി എന്റെ കാൽ തൊട്ടു വന്ദിച്ചു. അത് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. ഒരു പാട്ടൊക്കെ കേട്ടിട്ട് ആളുകളുടെ മനസ് മാറുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്,’ ചിത്ര പറഞ്ഞു.
കെ.എസ്. ചിത്ര. Photo. Screen grab/ Youtube
ഇത്തരത്തിൽ തന്റെ പാട്ട് കേട്ട് ആത്മഹത്യയിൽനിന്ന് പിന്മാറിയ മറ്റൊരു അനുഭവവും ചിത്ര പങ്കുവെച്ചു.
‘ഇതുപോലെ ദുബായിൽ വെച്ച്, കാറിനുള്ളിൽ ഗ്യാസ് സിലിണ്ടർ വെച്ച് വണ്ടി ഓടിച്ചു പോയി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോൾ രാജഹംസമേ എന്ന പാട്ട് കേട്ട് ആത്മഹത്യയിൽ നിന്നും പിന്മാറിയ മറ്റൊരു സംഭവവുമുണ്ട്. നമ്മൾ പോലും അറിയാതെ ആളുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചു എന്നതൊക്കെ കേൾക്കുമ്പോൾ വലിയ സന്തോഷമാണ്,’ കെ.എസ്. ചിത്ര പറഞ്ഞു.