ചരിത്രകാരന്‍ ഡോ. കെ.എന്‍. പണിക്കര്‍ അന്തരിച്ചു
Kerala
ചരിത്രകാരന്‍ ഡോ. കെ.എന്‍. പണിക്കര്‍ അന്തരിച്ചു
രാഗേന്ദു. പി.ആര്‍
Monday, 9th March 2026, 3:12 pm

തിരുവനന്തപുരം: ചരിത്രകാരനും എഴുത്തുകാരനും ഇടതുപക്ഷ ചിന്തകനുമായ ഡോ. കെ.എന്‍. പണിക്കര്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മൃതദേഹം നാളെ (ചൊവ്വ) പത്ത് മണിയോടെ ജവഹര്‍ നഗറിലെ അപ്പാര്‍ട്‌മെന്റിലേക്ക് കൊണ്ടുപോകും. വൈകുന്നേരത്തോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൊതുപരിപാടികളില്‍ നിന്ന് കെ.എന്‍. പണിക്കര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ത്യന്‍ മതനിരപേക്ഷതയുടെ കാവലാളായാണ് കെ.എന്‍. പണിക്കരെ ചരിത്രം അടയാളപ്പെടുത്തുന്നത്.

ചരിത്രകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ധൈഷണികന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദല്‍ഹി ജെ.എന്‍.യുവില്‍ അധ്യാപകനായിരുന്നു.

2000 മുതല്‍ 2001 വരെ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരുന്നു. 2001 മുതല്‍ 2017 വരെ കേരള ചരിത്രഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.

2008ല്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ അധ്യക്ഷനുമായി. രാജസ്ഥാന്‍ യൂണിവേഴ്സിറ്റി, ദല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു.

പല വിദേശ സര്‍വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കേരള ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചരിത്രത്തെ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ സമീപിച്ച ചരിത്രകാരന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

1936ല്‍ കുഞ്ഞുപറമ്പില്‍ കൃഷ്ണന്‍ നായരുടെയും ഇച്ചുക്കുട്ടിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ഉഷ ഭാര്‍ഗവയാണ് പങ്കാളി.

ചാവക്കാട് ബോഡ് ഹൈസ്‌കൂളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടി.

ഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്റ്റേറ്റ്സ്: റിലീജിയന്‍ ആന്‍ഡ് പെസന്റെ അപ്‌റൈസിങ് ഇന്‍ മലബാര്‍, കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്‌നസ് ഇന്‍ മോഡേണ്‍ ഇന്ത്യ, ബ്രിട്ടീഷ് ഡിപ്ലോമസി ഇന്‍ നോര്‍ത്ത് ഇന്ത്യ, കള്‍ച്ചര്‍-ഐഡിയോളജി ആന്‍ഡ് ഹെജിമണി: ഇന്റലക്ച്വല്‍സ് ആന്‍ഡ് സോഷ്യല്‍ കോണ്‍ഷ്യസ്നെസ്സ് ഇന്‍ കൊളോണിയല്‍ ഇന്ത്യ, കമ്മ്യൂണല്‍ ത്രെട്ട്, സെക്കുലര്‍ ചലഞ്ച് എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍

Content Highlight: K.N. Panikkar passed away

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.