സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ 189ന് പുറത്തായി. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 159 റണ്‍സിനാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയെ പുറത്താക്കിയത്.
ആദ്യ ഇന്നിങ്സില്‍ കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 119 പന്തില്‍ നിന്ന് 39 റണ്‍സാണ് താരം നേടിയത്. 32.77 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ക്രീസില്‍ ഉറച്ചുനിന്നത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററാവുന്ന രണ്ടാമത്തെ താരമാകാനാണ് കെ.എല്‍. രാഹുലിന് സാധിച്ചത്. യശസ്വി ജെയ്‌സ്വാളിനും റിഷബ് പന്തിനുമൊപ്പമാണ് താരം ഈ നേട്ടം പങ്കിടുന്നത്. മാത്രമല്ല ഈ നേട്ടത്തിന് പുറമെ ടെസ്റ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാനും രാഹുലിന് സാധിച്ചിരുന്നു.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററാവുന്ന താരം, എണ്ണം (ഇന്നിങ്‌സ്) എന്ന ക്രമത്തില്‍
രോഹിത് ശര്‍മ – 13 (69 ഇന്നിങ്‌സ്)
യശസ്വി ജെയ്‌സ്വാള്‍ – 12 (50)
കെ.എല്‍. രാഹുല്‍ – 12 – (59)
റിഷബ് പന്ത് – 12 – (68)
ശുഭ്മന്‍ ഗില്‍ – 11 (73)
വിരാട് കോഹ്‌ലി – 11 (73)
അജിന്‍ക്യാ രഹാനെ – 9 (49)
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 29 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. റിഷബ് പന്തിന് പുറമെ രവീന്ദ്ര ജഡജേയും 27 റണ്‍സ് നേടി. പ്രോട്ടിയാസിനായി സൈമണ്‍ ഹാര്‍മര്‍ നാല് വിക്കറ്റ് വീഴ്ത്തി. മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ കോര്‍ബിന്‍ ബോഷും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
അതേസമയം നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സാണ് നേടിയത്. 11 റണ്‍സ് നേടിയ ഓപ്പണര്‍ റിയാന്‍ റിക്കില്‍ട്ടണും നാല് റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രവുമാണ് പുറത്തായത്. റിയാനെ കുല്‍ദീപ് യാദവ് പുറത്താക്കിയപ്പോള്‍ മാര്‍ക്രത്തെ ജഡേജയും പുറത്താക്കി. നിലവില്‍ ക്രീസിലുള്ളത് വിയാന്‍ മുള്‍ഡറും (11 റണ്‍സ്) ക്യാപ്റ്റന്‍ തെമ്പ ബാവുമയുമാണ് (നാല് റണ്‍സ്).
Content Highlight: K.L Rahul In Great Record Achievement In Test Cricket For India