അഴിമതിയും നാണമില്ലായ്മയും സ്റ്റോണ്‍വാളിങ്ങും
Opinion
അഴിമതിയും നാണമില്ലായ്മയും സ്റ്റോണ്‍വാളിങ്ങും
ഫാറൂഖ്
Tuesday, 3rd January 2023, 11:27 am
പിണറായി വിജയന്റെ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കുമ്പോഴാണ് ജയരാജന്‍ തന്റെ ഭാര്യയുടെയും മകന്റെയും പേരില്‍ ഒരു റിസോര്‍ട്ട് തുടങ്ങുന്നത്. അഴിമതി, സ്വജന പക്ഷപാതം, അധികാര ദുര്‍വിനിയോഗം, കള്ളപ്പണ ഇടപാട്, വരവില്‍ കവിഞ്ഞ സ്വത്ത്, ഭൂമി തട്ടിപ്പ്, പരിസ്ഥിതി നിയമ ലംഘനം, ഭീഷണിപ്പെടുത്താല്‍, പണത്തട്ടിപ്പ്, വാഗ്ദാന ലംഘനം, സത്യപ്രതിജ്ഞ ലംഘനം തുടങ്ങി ഈ റിസോര്‍ട്ട് തുടങ്ങാന്‍ കാണിക്കാത്ത ഒരു വൃത്തികേടും ഇല്ല.

അടുത്തകാലം വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണ്‍ രാജി വെച്ചതെന്തിനാണെന്നോര്‍മ്മയുണ്ടോ? ഉണ്ടാവില്ല, കാരണം വല്യ കാര്യമുള്ള കാര്യത്തിനുമൊന്നുമല്ല രാജിവെച്ചത്. പിഞ്ചര്‍ സ്‌കാന്‍ഡല്‍ അഥവാ പിഞ്ചര്‍ വിവാദം, അതായിരുന്നു രാജിക്കുള്ള കാരണം.

സംഭവം ഇത്രയേ ഉള്ളൂ, ബോറിസ് ജോണ്‍സന്റെ ചീഫ് വിപ്പ് ആയിരുന്നു ക്രിസ് പിഞ്ചര്‍. ചീഫ് വിപ്പ് എന്ന് പറഞ്ഞാല്‍ ഇവിടുത്തെ പോലെ തന്നെയാണ് ബ്രിട്ടനിലും, പ്രത്യേകിച്ച് പണിയൊന്നുമില്ല, ഒരു സെക്രട്ടറിയും കാറും കിട്ടും. മന്ത്രി പണിക്ക് കൊള്ളില്ല എന്നാല്‍ ഒഴിവാക്കാന്‍ പറ്റുകയുമില്ല എന്ന തരത്തിലുള്ള ചില താപ്പാനകള്‍ക്ക് നല്‍കുന്നതാണ് ചീഫ് വിപ്പ് പദവി.

പിഞ്ചര്‍ ചീഫ് വിപ്പ് ആകുന്നതിന് മുമ്പ് ഒരു നിശാപാര്‍ട്ടിയില്‍ വെച്ച് കള്ളു കുടിച്ചു പാമ്പായി രണ്ടു ആണുങ്ങളെ കടന്നു പിടിച്ചിരുന്നത്രെ, ഹോമോ സെക്‌സ്വല്‍ ആയിരുന്നു പിഞ്ചര്‍, അതുകൊണ്ടാണ് ആണുങ്ങളെ കയറി പിടിച്ചത്. ഈയൊരു വിവരം പുറത്തായപ്പോള്‍ പിഞ്ചര്‍ രാജി വെച്ചു.

അതിനു ശേഷം ബി.ബി.സി ഒരു റിപ്പോര്‍ട്ടില്‍ പിഞ്ചറിന്റെ സ്വഭാവം ബോറിസ് ജോണ്‍സന് പണ്ടേ അറിയാമായിരുന്നു എന്ന ഒരു വാര്‍ത്ത പുറത്തുവിട്ടു . 2017 ലോ മറ്റോ പിഞ്ചര്‍ വേറെയെവിടെയോ വച്ച് വെള്ളമടിച്ചു ആരോടോ തല്ലു കൊണ്ട വിവരം ജോണ്‍സണ്‍സ് അറിയാമായിരുന്നിട്ടും പിഞ്ചറെ ചീഫ് വിപ്പ് ആക്കി എന്നായിരുന്നു ബി.ബി.സി റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ട് ജോണ്‍സന്റെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് നാണക്കേടായത്രേ, നാണക്കേട് സഹിക്കാന്‍ വയ്യാതെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ജോണ്‍സണെ രാജിവെപ്പിച്ചു. അതാണ് ഒരു പ്രധാനമന്ത്രി രാജി വെച്ച കഥ.

ഇത്തരം രാജികള്‍ ബ്രിട്ടന്റെ മാത്രം കഥയല്ല. മിക്ക ജനാധിപത്യ രാജ്യങ്ങളിലും, പ്രത്യേകിച്ചു യൂറോപ്പില്‍, ഇത്തരം രാജികള്‍ സംഭവിക്കാറുണ്ട്. ധാര്‍മികത, നാണക്കേട് തുടങ്ങിയ കാരണങ്ങളാണ് നമ്മള്‍ അറിയുന്ന ഒട്ടേറെ നേതാക്കന്മാര്‍മാരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചത്.

ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജി വക്കുന്ന പതിവ് അടുത്ത കാലം വരെ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. പ്രത്യേകിച്ച് കൈക്കൂലി, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങളില്‍. ഇപ്പോഴില്ല. അതിന്റെ കാരണം ഇത്രയേയുള്ളൂ, നാണമില്ലായ്മ. നേതാക്കള്‍ക്കും നാണമില്ല അണികള്‍ക്കും നാണമില്ല എന്നതാണ് അവസ്ഥയെങ്കില്‍ പടച്ചതമ്പുരാന്‍ വിചാരിച്ചാലും ആരെയും രാജി വെയ്പ്പിക്കാന്‍ പറ്റില്ല.

കള്ളുകുടി സോഷ്യല്‍-സ്റ്റിഗ്മയായ മലബാറിലെ ചില മുസ്‌ലിം ചെറുപ്പക്കാര്‍ ആദ്യം മാഹിയില്‍ പോയി കള്ള് കുടിക്കും, നാട്ടില്‍ അറിയാതിരിക്കാന്‍ വേണ്ടി അവിടെ തന്നെ മുറിയെടുത്തു താമസിക്കും. പിന്നെ പിന്നെ മുറിയെടുക്കാതെ തിരിച്ചു വന്നാലും പ്രശ്‌നമില്ല എന്ന് തോന്നും, അത്യാവശ്യം ചിലരൊക്കെ കാണും, കണ്ടില്ല എന്ന് വെക്കും. പിന്നെ മാഹിയില്‍ പോകാതെ ലോക്കല്‍ ബാറില്‍ കയറും. കുറെ പേര്‍ കൂടെ കാണും. നാണം കുറഞ്ഞു കുറഞ്ഞു വരും. അവസാനം ബിവറേജില്‍ നിന്ന് വാങ്ങി ഏതെങ്കിലും മൂലക്കിരുന്നു മദ്യപാനം തുടങ്ങും. ആളുകള്‍ കണ്ടു കണ്ടു നാണം തീരെ ഇല്ലാതായാല്‍ മുഴുക്കുടിയനാകും. അത് പോലെയാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ മുഴു അഴിമതിക്കാരായത്.

പിണറായി വിജയന്റെ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കുമ്പോഴാണ് ജയരാജന്‍ തന്റെ ഭാര്യയുടെയും മകന്റെയും പേരില്‍ ഒരു റിസോര്‍ട്ട് തുടങ്ങുന്നത്. അഴിമതി, സ്വജന പക്ഷപാതം, അധികാര ദുര്‍വിനിയോഗം, കള്ളപ്പണ ഇടപാട്, വരവില്‍ കവിഞ്ഞ സ്വത്ത്, ഭൂമി തട്ടിപ്പ്, പരിസ്ഥിതി നിയമ ലംഘനം, ഭീഷണിപ്പെടുത്താല്‍, പണത്തട്ടിപ്പ്, വാഗ്ദാന ലംഘനം, സത്യപ്രതിജ്ഞ ലംഘനം തുടങ്ങി ഈ റിസോര്‍ട്ട് തുടങ്ങാന്‍ കാണിക്കാത്ത ഒരു വൃത്തികേടും ഇല്ല.

നാണമുള്ള ഏതൊരു നേതാവും തന്റെ കീഴില്‍ നടന്ന ഈ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തായാല്‍ രാജിവെക്കും, പക്ഷെ പിണറായി വിജയന്‍ രാജി വെച്ചില്ല. നാണമുള്ള ഏതൊരു പാര്‍ട്ടിക്കാരനും ഈയൊരു തട്ടിപ്പിന് കൂട്ട് നിന്ന തങ്ങളുടെ പാര്‍ട്ടി നേതാവിനെ കൊണ്ട് രാജി വെയ്പ്പിക്കും, പക്ഷെ സി.പി.ഐ.എമ്മുകാര്‍ പിണറായിയെ രാജിവെപ്പിച്ചില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലിപ്പോള്‍ മറ്റെല്ലാവരും അവലംബിക്കുന്ന രീതി തന്നെ പിണറായി വിജയനും ഇക്കാര്യത്തില്‍ വിജയകരമായി പ്രയോഗിച്ചു – ‘സ്റ്റോണ്‍വാളിങ്ങ്’

യു.പി.എ ഒന്നും രണ്ടും, അഥവാ 2004 മുതല്‍ 2014 വരെ, അക്കാലത്തായിരുന്നു സമീപ ചരിത്രത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാജികളുടെ പൊടിപൂരം കണ്ടത്. കൊച്ചിയിലെ, പിന്നീട് പൊളിഞ്ഞു പാളീസായ കൊച്ചി ഐ.പി.എല്‍ ടീമില്‍ ഷെയര്‍ കിട്ടാന്‍ തന്റെ അധികാരം ദുരുപയോഗപ്പെടുത്തി എന്ന ആരോപണം വന്നപ്പോള്‍ ശശി തരൂരിനോട് രാജി വെക്കാന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടതോടെയായിരുന്നു തുടക്കം.

ആ രാജി വിഡ്ഢിത്തം കണ്ടു ജയരാജന്മാരൊക്കെ ചിരിച്ചു ചിരിച്ചു മരിക്കാതിരുന്നത് നമ്മുടെ ഭാഗ്യം. യു.പി.എ യില്‍ നിരവധി രാജികള്‍ പിന്നെയുമുണ്ടായി. നാണക്കേടിന്റെ അസുഖമുള്ളയാളായിരുന്നു അന്നത്തെ പ്രധാനമന്ത്രി. അതുകൊണ്ടു തന്നെ ആര്‍ക്കെങ്കിലും എതിരെ ആരോപണം വന്നാല്‍ അപ്പോള്‍ തന്നെ രാജി ആവശ്യപ്പെടും. സുരേഷ് കല്‍മാഡി, എ. രാജ, കനിമൊഴി, അശോക് ചവാന്‍, പി.കെ ബന്‍സാല്‍, തുടങ്ങിയവരൊക്കെ രാജിവെച്ചു. ഇവരൊന്നും അഴിമതി കാണിച്ചിരുന്നില്ലെന്ന് പിന്നീട് കോടതികള്‍ വിധിച്ചു, അത് പിന്നെ അങ്ങനെയാണല്ലോ.

യു.പി.എ യിലെ അഴിമതി ആരോപണങ്ങളും രാജികളും തുടര്‍ന്നപ്പോള്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ വലിയ വികാരമുണ്ടായി. ആ ചാന്‍സില്‍ എവിടുന്നോ ഒരു അണ്ണാ ഹസാരെയും വിളിച്ചു കൊണ്ട് വന്നു അരവിന്ദ് കെജ്രിവാള്‍ അഴിമതി വിരുദ്ധരുടെ നേതാവായി. അഴിമതി ആരോപണം വന്നാല്‍ മതി, തെളിവും കോടതിവിധിയും ഒന്നും വേണ്ട, മന്ത്രിമാര്‍ രാജിവെക്കണം എന്നതായിരുന്നു കെജ്രിവാള്‍ നിലപാട്, പറ്റുമെങ്കില്‍ അപ്പോള്‍ തന്നെ തൂക്കി കൊന്നാലും മതി.

ജനലോക്പാല്‍ എന്ന സംവിധാനത്തിന് വേണ്ടി അണ്ണാ ഹസ്സാരെയെ പട്ടിണി കിടത്തുകയും ചെയ്തു. അവസാനം കെജ്രിവാള്‍ മുഖ്യമന്ത്രിയായപ്പോള്‍ ലോക്പാലുമില്ല, രാജിയുമില്ല, തൂക്കിക്കൊല്ലലുമില്ല എന്നത് പിന്നീട് നടന്ന കാര്യം. സ്വന്തം മന്തിമാര്‍ ജയിലിലാകുകയും, സന്തത സഹചാരികള്‍ കള്ളപ്പണക്കേസില്‍ കുടുങ്ങുകയും ചെയ്തപ്പോള്‍ കെജ്‌രിവാള്‍ തെളിവെവിടെ തെളിവെവിടെ എന്നും ചോദിച്ചു നടക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്, അതവിടെ നില്‍ക്കട്ടെ.

ഈ അഴിമതി സംവിധാനത്തിന്റെ ഘടന അതേപോലെ നില നിര്‍ത്താന്‍ രാഷ്ട്രീയക്കാര്‍ക്ക് കാരണമുണ്ട്, മിക്കവരുടെയും ജീവിത മാര്‍ഗ്ഗമാണത്. ഇ.ഡിയേയും വിജിലന്‍സിനെയും കാണിക്കാന്‍ റിയല്‍ എസ്റ്റേറ്റ്, ഇഞ്ചി കൃഷി, എന്‍.ആര്‍.ഐക്കാരായ മക്കള്‍ തുടങ്ങി പല വരുമാന മാര്‍ഗങ്ങളും കാണുമെങ്കിലും അഴിമതിയാണ് മിക്ക നേതാക്കന്മാരുടെയും വരുമാനം.

മിക്കവരും ജീവിതത്തില്‍ വേറെ ഒരു ജോലിയും ചെയ്തിട്ടില്ല. മിക്കവരും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് നേരെ യുവജന പ്രസ്ഥാനത്തിലേക്കും അവിടുന്ന് പ്രധാന നേതാക്കളായും പ്രൊമോഷന്‍ കിട്ടിയവരാണ്. അതിനിടയില്‍ എന്തെങ്കിലും ജോലി പരിശീലിക്കാനോ ചെയ്യാനോ സമയം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ അഴിമതി നിലനിര്‍ത്തുന്ന കാര്യത്തില്‍ എല്ലാവരും ഒരുമിക്കും, അന്നം മുടങ്ങുന്ന കാര്യമാണ്.

2004 മുതല്‍ 2014 വരെ, അഥവാ യു.പി.എ ഒന്നും രണ്ടും, മന്‍മോഹന്‍ സിംഗിന്റെ നാണവും, അതുകൊണ്ടുള്ള രാജികളും കണ്ട രാഷ്ട്രീയക്കാരും ഒരു കാര്യം ഉറപ്പിച്ചു, ഇങ്ങനെ മുമ്പോട്ട് പോകാന്‍ കഴിയില്ല. അഴിമതി തുടര്‍ന്നോട്ടെ പക്ഷെ രാജി വേണ്ട. അതുകൊണ്ട് തന്നെ 2014 ന് ശേഷം അഴിമതി ഇഷ്ടം പോലെ ഉണ്ടെങ്കിലും രാജിയില്ല. അതാണ് ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ വിപ്ലവം കൊണ്ടുണ്ടായ ആകെ നേട്ടം.

2014 ന് ശേഷം വന്ന ഏറ്റവും വലിയ അഴിമതി ആരോപണമായിരുന്നു റാഫേല്‍. മുന്‍ കരാറിന്റെ ഏകദേശം ഇരട്ടിയോളം വിലക്ക് എന്‍.ഡി.എ സര്‍ക്കാര്‍ റാഫേല്‍ വിമാനം വാങ്ങാന്‍ തീരുമാനിക്കുകയും, ആ വിമാനങ്ങള്‍ ബാംഗ്ലൂരിലെ എച്ച്.എ.എല്‍ നിര്‍മിക്കാമെന്ന വ്യവസ്ഥ മാറ്റി ഫ്രാന്‍സില്‍ തന്നെ നിര്‍മിക്കാന്‍ സമ്മതിക്കുകയും ചെയ്തതില്‍ വലിയ അഴിമതി ഉണ്ടെന്നായിരുന്നു ആരോപണം.

ആ പണം കമ്മീഷന്‍ ആയി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ബി.ജെ.പി നേതാക്കളുടെ മക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടില്‍ എത്തിയിരിക്കും എന്ന് സ്വാഭാവികമായും അറിയാമായിരുന്ന രാഹുല്‍ ഗാന്ധി ഈ ആരോപണം ഏറ്റുപിടിച്ചു. അനില്‍ അംബാനിയുടെ തട്ടിക്കൂട്ട് കമ്പനിക്ക് മൈന്റെനന്‍സ് കോണ്‍ട്രാക്ട് കൂടി കിട്ടിയപ്പോള്‍ സംഗതി ഉറപ്പായി. അനില്‍ അംബാനി പിന്നീട് പൊളിഞ്ഞു പാളീസായി, ആ പൈസ അങ്ങനെയും പോയി.

പക്ഷെ മന്‍മോഹന്‍ സിങ് ആരോപണങ്ങളെ നേരിട്ട പോലെയല്ല മോദി നേരിട്ടത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അദ്ദേഹം ആരോപണം മൈന്‍ഡ് ചെയ്തില്ല. ആരോപണങ്ങള്‍ക്ക് ഒരുത്തരവും ഒരിടത്തും പറഞ്ഞില്ല. പത്രക്കാരോട് പണ്ടേ സംസാരിക്കാറില്ല, പാര്‍ലമെന്റില്‍ വരുന്നത് ഒരു ദിവസമാണ്, അന്നൊരു നെടുങ്കന്‍ പ്രസംഗമങ്ങ് നടത്തും, മിക്കവാറും നെഹ്റുവിനെ കുറിച്ചാകും പ്രസംഗം, രാജ്യത്തെ ഒരു വിഷയവും പരാമര്‍ശിക്കില്ല. പ്രധാന നേതാക്കളും മന്ത്രിമാരും ആരോപണത്തെ പറ്റി മിണ്ടില്ല.

ഇംഗ്ലീഷുകാര്‍ സ്റ്റോണ്‍ വാളിങ്ങ് എന്ന് വിളിക്കുന്ന ടെക്നിക്ക്. റാഫേലിലും തുടര്‍ന്ന് വന്ന മറ്റ് നിരവധി ആരോപങ്ങളിലും ഈ ടെക്നിക്ക് വന്‍വിജയമായി. ചൈന ഇന്ത്യയുടെ അതിര്‍ത്തിക്കിപ്പുറം കയറി ഗ്രാമങ്ങള്‍ നിര്‍മിച്ചപ്പോള്‍ പോലും മോദി സര്‍ക്കാര്‍ സ്റ്റോണ്‍ വാളിങ്ങ് നടത്തി രക്ഷപ്പെട്ടു. ഒന്നും മിണ്ടില്ല, ഒന്നും പറയില്ല.

മോദി സര്‍ക്കാര്‍ വിജയിപ്പിച്ചു കാണിച്ചു കൊടുത്തത് കൊണ്ട് മറ്റു പാര്‍ട്ടിക്കാരും ഇതേ ടെക്നിക്കുമായി ഇറങ്ങി. അഴിമതിയെ പറ്റി പിണറായിയോട് ചോദിച്ചാല്‍ പിണറായി കാലാവസ്ഥയെ പറ്റി പറയും. അഴിമതി ചര്‍ച്ച ചെയ്യുന്ന ചാനലിലേക്ക് പാര്‍ട്ടിക്കാരാരും വരില്ല, മന്ത്രിമാര്‍ രണ്ടാഴ്ച പത്രക്കാരെ കാണുകയേ ഇല്ല, കണ്ടാലും മിണ്ടില്ല, ജയരാജന്‍ മൈക്കിന്റെയും കാമറയുടെയും മുമ്പില്‍ എന്തിനാണെന്നറിയാതെ അഞ്ചു മിനുട്ട് ചിരിക്കും, പക്ഷെ സംസാരിക്കില്ല.

മറ്റു പാര്‍ട്ടികളിലും വ്യത്യാസമൊന്നുമില്ല, കെ. സുരേന്ദ്രന്‍ മകന് അവിഹിതമായി ജോലി വാങ്ങിച്ചു കൊടുത്തതിനെ പറ്റിയോ ഇരുപത്തഞ്ചു കോടിയെ പറ്റിയോ ഇതുവരെ സംസാരിച്ചിട്ടില്ല, പാര്‍ട്ടിക്കാര്‍ക്കും അതില്‍ പരാതിയൊന്നുമില്ല. കോണ്‍ഗ്രസ്സുകാരുടെ നേര്‍ക്ക് ഇപ്പോള്‍ അധികാരമൊന്നുമില്ലാത്തത് കൊണ്ട് ആരോപണങ്ങള്‍ വരുന്നില്ല, അതുകൊണ്ട് മാത്രം അവര്‍ക്ക് സ്റ്റോണ്‍വാളിങ്ങ് ചെയ്യേണ്ടിയും വരുന്നില്ല.

ഈ ടെക്‌നിക്ക് പക്വതയുള്ള ജനാധിപത്യവും നാണമുള്ള ജനങ്ങളുമുള്ള രാജ്യങ്ങളില്‍ നടക്കില്ല, അതുകൊണ്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊക്കെ രാജിവെക്കേണ്ടി വരുന്നത്. നേതാക്കന്മാര്‍ അഴിമതി കാണിക്കുമ്പോള്‍ അണികള്‍ക്ക് നാണം വരും, അവര്‍ ചോദ്യം ചോദിക്കും. നാട്ടുകാരും സ്വന്തം പാര്‍ട്ടിക്കാരും പത്രക്കാരും നിര്‍ത്തിപ്പോരിക്കും, നിന്ന നില്‍പ്പില്‍ രാജി എഴുതി വാങ്ങിക്കും.

ഇന്ത്യയില്‍ സ്റ്റോണ്‍വാളിങ്ങ് നടക്കും, കാരണം സ്വന്തം നേതാക്കന്മാരെ രാജാവിനെ പോലെ കാണുകയും അവരെ വിഗ്രവല്‍ക്കരിച്ചു ആരാധിക്കുകയും ചെയ്യുന്ന അണികളാണ് ഇന്ത്യയില്‍. പഴയ രാജഭരണത്തിന്റെ നൊസ്റ്റാള്‍ജിയയുമായി ജീവിക്കുന്നവര്‍, പൗരന്മാരല്ല, പ്രജകള്‍.

Content Highlight: K Farook Writeup about political Leaders Bribery and Stonewalling

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ