കോഴിക്കോട്: വയനാട് പുനരധിവാസത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ച് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍.
കോണ്‍ഗ്രസ് കണ്ടെത്തുന്ന ഭൂമിയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ മുണ്ടക്കൈ-ചൂരല്‍മലയിലെ ദുരിതബാധിതര്‍ക്കായി യു.ഡി.എഫ് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ എണ്ണം 300 ആകുമെന്ന വി.ഡി. സതീശന്റെ പ്രസ്താവന മനോരമയും മാതൃഭൂമിയും തമസ്‌കരിച്ചുവെന്ന് അനിൽകുമാർ പറഞ്ഞു.
മനോരമയും മാതൃഭൂമിയും വി.ഡി. സതീശനെ തമസ്‌ക്കരിച്ചത് എന്തിനാണെന്നും അനില്‍കുമാര്‍ ചോദിച്ചു. വയനാട് ദുരന്തബാധിതര്‍ക്കായി ഒറ്റ ശ്വാസത്തില്‍ 300 വീടുപണിത സതീശന്റെ കണക്ക് ഒരു വാര്‍ത്തയല്ലേ എന്നും അനില്‍കുമാര്‍ ചോദിക്കുന്നുണ്ട്.
ഇന്നത്തെ പത്രങ്ങള്‍ വി.ഡി. സതീശന്റെ വാര്‍ത്ത മുക്കിയെന്നും അവര്‍ക്ക് കാര്യം മനസിലായത് കൊണ്ടാണ് വാര്‍ത്ത നല്‍കാതിരുന്നതെന്നും അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ‘അങ്കമാലിയിലെ പ്രധാനമന്ത്രി’ അല്ലെങ്കില്‍ സതീശന്‍ പറയുന്നത് വേദവാക്യമാക്കുന്നവര്‍ ഇത് മറച്ചുവെക്കുമോയെന്നും അനില്‍കുമാര്‍ ചോദിച്ചു.
അതേസമയം വയനാട്ടില്‍ പ്രഖ്യാപിച്ച പല കാര്യങ്ങളും കോണ്‍ഗ്രസ് ചെയ്തുകഴിഞ്ഞുവെന്നാണ് വി.ഡി. സതീശന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. രാഹുല്‍ ഗാന്ധി ഇടപെട്ട് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറ് വീടുകളുടെ പണം കൈമാറിയെന്നും ലീഗ് പ്രഖ്യാപിച്ച നൂറ് വീടുകളുടെ നിര്‍മാണം തുടങ്ങിയെന്നും സതീശന്‍ പറഞ്ഞിരുന്നു.
അപ്പോള്‍ യു.ഡി.എഫ് പ്രഖ്യാപിച്ച നാനൂറ് വീടുകളില്‍ 200 എണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകള്‍ക്ക് വേണ്ടി വാങ്ങിയ സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ അടുത്ത ആഴ്ച നടക്കും. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ പ്ലാന്‍ അംഗീകരിച്ച് നിര്‍മാണം തുടങ്ങും. അതുകൂടി പൂര്‍ത്തിയാകുമ്പോള്‍ വീടുകളുടെ എണ്ണം 300 ആകും. വയനാട്ടില്‍ ആകെ നിര്‍മിക്കുമെന്ന് പറഞ്ഞ നാനൂറ് വീടുകളില്‍ മുന്നൂറും നിര്‍മിക്കുന്നത് കോണ്‍ഗ്രസും കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരുമാണെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചിരുന്നു.
തങ്ങള്‍ പ്രഖ്യാപിച്ച മൂന്നൂറ് വീടുകളും വയനാട്ടില്‍ വരും. യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപ അടുത്തയാഴ്ച കെ.പി.സി.സിക്ക് കൈമാറും. ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷമെടുത്തു.
കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ വെക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍, മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് തങ്ങള്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. നിയമപരമായ പരിശോധന നടത്താതെ ഭൂമി ഏറ്റെടുക്കാനാകില്ല. ഭൂമി കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ ഒരു വര്‍ഷം വൈകിയപ്പോള്‍ തങ്ങള്‍ മൂന്ന് മാസം താമസിക്കാന്‍ പാടില്ലെന്നാണോ എന്നും വി.ഡി. സതീശന്‍ ചോദിച്ചിരുന്നു.
ഇതിനെ മുന്‍നിര്‍ത്തിയാണ് കെ. അനില്‍കുമാറിന്റെ പരിഹാസം.
Content Highlight: K.Anilkumar mocks V.D.Satheesan over Wayanad rehabilitation