കിവികള്‍ക്ക് മുന്നില്‍ അടിയറവ് പറയാത്ത പോരാട്ട വീര്യം; സ്റ്റോക്സിനെ മുട്ടുകുത്തിച്ച് ഗ്രീവ്‌സ്
Cricket
കിവികള്‍ക്ക് മുന്നില്‍ അടിയറവ് പറയാത്ത പോരാട്ട വീര്യം; സ്റ്റോക്സിനെ മുട്ടുകുത്തിച്ച് ഗ്രീവ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th December 2025, 4:02 pm

ന്യൂസിലാന്‍ഡിനെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ സമനില നേടി വെസ്റ്റ് ഇന്‍ഡീസ്. മത്സരത്തില്‍ 531 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് അവസാന ദിവസം ആറ് വിക്കറ്റ് നഷ്ടത്തില്‍ 457 റണ്‍സ് എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു. കിവികളുടെ ശക്തമായ ബൗളിങ്ങിന് മുമ്പില്‍ അവസാന ദിവസം വിന്‍ഡീസ് അടിയറവ് പറയാതെ പിടിച്ചു നിന്നു.

കിവികളുടെ ബൗളിങ്ങിന് മുന്നില്‍ ഒട്ടും പതറാതെ മികച്ച പ്രകടനം നടത്തിയത് വിന്‍ഡീസിന്റെ ബൗളിങ് ഓള്‍റൗണ്ടര്‍ ജസ്റ്റിന്‍ ഗ്രീവ്സാണ്. താരം ഇരട്ട സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. ആറാം നമ്പറില്‍ ബാറ്റിങ്ങിനെത്തി താരം 388 പന്തില്‍ 202 റണ്‍സ് നേടി പുറത്താവാതെ നിന്നു. 19 ഫോറുകളാണ് താരത്തിന്റെ ബാറ്റിങ്ങില്‍ നിന്ന് പിറന്നത്.

ജസ്റ്റിൻ ഗ്രീവ്സ് മത്സരത്തിനിടെ Photo: ICC/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ഗ്രീവ്‌സ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നാലാം ഇന്നിങ്‌സില്‍ ആറാം നമ്പറിലോ അതിന് താഴെയോ ബാറ്റിങ്ങിനെത്തി ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് 31കാരന്‍ സ്വന്തമാക്കിയത്. നേരത്തെ ടെസ്റ്റിലെ നാലാം ഇന്നിങ്‌സിലെ ഈ ബാറ്റിങ് പൊസിഷനില്‍ മികച്ച പ്രകടനം ബെന്‍ സ്റ്റോക്സിന്റെ 155 റണ്‍സായിരുന്നു. ഇപ്പോളത് ഗ്രീവ്‌സ് ഇരട്ട സെഞ്ച്വറിയായി.

ടെസ്റ്റില്‍ നാലാം ഇന്നിങ്‌സില്‍ ആറാം നമ്പറിലോ അതിന് താഴയോയുള്ള ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം

(റണ്‍സ് – താരം – ടീം – എതിരാളി – വേദി എന്നീ ക്രമത്തില്‍)

202 – ജസ്റ്റിന്‍ ഗ്രീവ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – ന്യൂസിലാന്‍ഡ്

155 – ബെന്‍ സ്റ്റോക്‌സ് – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – ലോര്‍ഡ്സ്

149* – ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ – ഹൊബാര്‍ട്ട്

മത്സരത്തിനിടെ ഷായ് ഹോപ്പ് Photo: windiescricket/x.com

താരത്തിന് പുറമെ, നാലാം ഇന്നിങ്‌സില്‍ ഷായ് ഹോപ്പും ടീമിനായി സെഞ്ച്വറി നേടി. 234 പന്തില്‍ രണ്ട് സിക്സും 15 ഫോറം അടക്കം 140 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ഇവര്‍ക്ക് ഒപ്പം കെമാര്‍ റോച്ച് 233 പന്തില്‍ 58 റണ്‍സ് നേടി പുറത്താവാതെ നിന്ന് സമനിലയില്‍ നിര്‍ണായകമായി. മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല.

ബ്ലാക്ക് ക്യാപ്സിനായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സക്കറി ഫൗള്‍ക്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മാറ്റ് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

Content Highlight: Justin Greaves becomes 1st player in Test history to score a Double century in the 4th innings while batting at No.6 or lower