ഹര്‍ഷിനയ്ക്ക് നീതി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ജോലി ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി
Kerala
ഹര്‍ഷിനയ്ക്ക് നീതി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ജോലി ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി
നിഷാന. വി.വി
Monday, 25th May 2026, 6:18 pm

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി.

ഒമ്പത് വര്‍ഷത്തോളം അനുഭവിച്ച പ്രയാസത്തിന് നീതികിട്ടിയിരിക്കുകയാണെന്നാണ് ഹര്‍ഷിന പ്രതികരിച്ചത്. ആരോഗ്യമന്ത്രിയെ നേരില്‍ കണ്ടതായും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ജോലി നല്‍കുമെന്ന് ഉറപ്പ് കിട്ടിയതായും ഹര്‍ഷിന പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെയും ഹര്‍ഷിന കണ്ട് സംസാരിച്ചിട്ടുണ്ട്.
നഷ്ടപരിഹാരം നല്‍കുമെന്നും ചികിത്സയ്ക്ക് ആവശ്യമുളള തുക സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉറപ്പ് നല്‍കിയതായും ഹര്‍ഷിന പറഞ്ഞു.

കുടുംബാംഗങ്ങള്‍ക്കും സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമാണ് അവര്‍ മുഖ്യമന്ത്രിയെ കണ്ടത്.

മുന്‍ സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞെങ്കിലും അതിലും വലിയ തുക ചികിത്സയ്ക്ക് ചെലവായി എന്ന് കാണിച്ച് തുക വാങ്ങാന്‍ ഹര്‍ഷിന വിസമ്മതിക്കുകയായിരുന്നു.
2017 നവംബര്‍ 30 നായിരുന്നു ഹര്‍ഷിനയുടെ ശസ്ത്രക്രിയ നടന്നത്. അന്നാണ് വയറ്റില്‍ കത്രിക കുടുങ്ങിയത്.

പ്രസവശേഷം അസ്വസ്ഥത വിട്ടുമാറാതിരുന്ന ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് ഈ കത്രിക 2022 സെപ്റ്റംബര്‍ 17ന് നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.

മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയിലായിരുന്നു വയറ്റില്‍ കത്രികയുണ്ടായിരുന്നത്. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തി നിന്നതിലൂടെ മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി.

വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്‌തെങ്കിലും സ്വകാര്യ ആശുപത്രിയിലെ സി.ടി സ്‌കാനിങ്ങിലാണ് മൂത്രസഞ്ചിയില്‍ കത്രിക കണ്ടെത്തിയത്.

Content Highlight: Justice for Harshina; Health Minister assures job at Kozhikode Medical College

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.