ഗാന്ധി ക്ലബ് ഉദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ്
DISCOURSE
ഗാന്ധി ക്ലബ് ഉദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ്
ജുനൈദ് കൈപ്പാണി
Thursday, 19th February 2026, 1:04 pm
ഒരു യാത്രാവിവരണ ഗ്രന്ഥത്തിന് ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത് എം പി വീരേന്ദ്രകുമാർ രചിച്ച "ഹൈമവതഭൂവിൽ" എന്ന കൃതിക്കാണ്. അവാർഡ് ലഭിച്ച് പത്തു വർഷം പൂർത്തിയാകുന്ന വേളയിൽ ഹൈമതഭൂവിൽ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെ അനുസ്മരിക്കുകയാണ് ലേഖകൻ | ജുനൈദ് കൈപ്പാണി ഡൂള്‍ന്യൂസില്‍ എഴുതുന്നു

ഒരു വയനാട്ടുകാരന്‍ എം.പി. വീരേന്ദ്രകുമാറിനെ വായിക്കുന്നത് എങ്ങനെയാകും? സ്വന്തക്കാരന്‍ എന്ന സ്വാര്‍ഥതയോടെയായിരിക്കും. ജീവിതാന്ത്യം വരെ ഒരു സോഷ്യലിസ്റ്റാകാന്‍ എം.പി. വീരേന്ദ്രകുമാറിന് സ്വന്തം നാട്ടിലെ ചുറ്റുപാടുകള്‍ തന്നെ ധാരാളമായിരുന്നു.

ചേറും മനുഷ്യനും കെട്ടുപിണഞ്ഞ് ഒന്നായി കിടക്കുന്ന വയനാടന്‍ മണ്ണില്‍ ജനിച്ചുവളര്‍ന്ന് അതിന്റെ ഫലഭൂയിഷ്ഠതയില്‍ വേരാഴ്ത്തി ജീവിച്ചുമരിച്ച മഹാമനീഷിയായിരുന്നു വീരേന്ദ്രകുമാര്‍ എന്ന മലയാളികളുടെ പ്രിയപ്പെട്ട വീരന്‍ സാര്‍.

സോഷ്യലിസ്റ്റായും രാഷ്ട്രീയ നേതാവായും ജനപ്രതിനിധിയായും പ്രഭാഷകനായും എഴുത്തുകാരനായും മാധ്യമപ്രവര്‍ത്തകനായും പത്രമുതലാളിയായും ജന്മിയുടെ മകനായും ഭൂവുടമയായും പലവിധ ചമയങ്ങളിലൂടെ ആ ജീവിതം കടന്നുപോയി. ഓരോ ചമയങ്ങളിലും മൗലിക മുദ്ര ബാക്കിയാക്കി.

എം.പി. വീരേന്ദ്രകുമാർ

കേരളം വീരേന്ദ്രകുമാറില്ലാത്ത മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ അദ്ദേഹത്തെ വായിക്കുന്നതിനും അറിയുന്നതിനും ഏറെ പ്രധാന്യമുണ്ട്. വിശിഷ്യാ, അത്യധികം ധ്രുവീകരിക്കപ്പെട്ട സാമൂഹിക ചുറ്റുപാടില്‍ ഓരോ ധ്രുവങ്ങളിലുമുള്ള ദ്രംഷ്ടകള്‍ കേരളത്തിന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍.

കേരളം 2026ന് മുമ്പും ശേഷവും എന്ന ഒരു തലത്തിലേക്ക് വരെ നെടുകെ പിളര്‍ത്താനും സാധ്യതയുണ്ട്. അത്തരമൊരു ഘട്ടത്തില്‍ മലയാളികള്‍ അനുഭവിക്കുന്നസൂക്ഷ്മമായ രാഷ്ട്രീയ സാന്നിധ്യത്തിന്റെ ശൂന്യതയാണ് വീരേന്ദ്രകുമാര്‍.

കേരളത്തിലെ പ്രബലമായ രാഷ്ട്രീയ-മത-സാമൂഹിക സ്ഥാപനങ്ങള്‍ക്കും ഘടനകള്‍ക്കും സമാന്തരമായി, അത്രയോ, അതിനേക്കാളേറെയോ ശക്തമായ ബദല്‍ രാഷ്ട്രീയത്തിന്റെയും സാംസ്‌കാരിക ആലോചനകളുടെയും മതേതര ചിന്തകളുടെയും ഒരു മൃദു പൊതുമണ്ഡലം സൃഷ്ടിക്കുകയും അതിനെ കരുത്തുപിടിപ്പിക്കുകയും ചെയ്തു എന്നുവേണമെങ്കില്‍ എം.പി. വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ജീവിതത്തെ ചുരുക്കി വിശേഷിപ്പിക്കാം.

വായനാട്ടുകാരനായ ഒരു രാഷ്ട്രീയ വിദ്യാര്‍ഥിയുടെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ ആ രാഷ്ട്രീയ സാന്നിധ്യത്തിന്റെ അസാന്നിധ്യത്തെ ഓര്‍ത്തെടുക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ലേഖകൻ എം.പി വീരേന്ദ്രകുമാറിനൊപ്പം

ചെറുപ്പകാലത്തെ എന്റെ വലിയ ആഗ്രഹങ്ങളിലൊന്ന് വീരേന്ദ്രകുമാറിനെ അടുത്തുനിന്ന് കാണുകയും കേള്‍ക്കുകയും ചെയ്യുക എന്നതായിരുന്നു. ആ ആഗ്രഹം എന്നില്‍ ഉണ്ടാക്കിയ പല ഘടകങ്ങളുണ്ട്.

എന്റെ വീടിനു തൊട്ടടുത്തുള്ള പബ്ലിക് ലൈബ്രറിയായിരുന്നു അതിലൊരു ഘടകം. വീരേന്ദ്രകുമാറിന്റെ സഹപ്രവര്‍ത്തകരും സമകാലികരുമായ ധാരാളം ആളുകള്‍ അംഗങ്ങളായുള്ള ഒരു ലൈബ്രറിയായിരുന്നു അത്.

മറ്റൊന്ന്, എന്റെ പിതാവിന്റെ ശേഖരത്തിലുള്ള വീരേന്ദ്രകുമാര്‍ ലേഖനങ്ങളായിരുന്നു. ഗാട്ടും കാണാച്ചരടും, രാമന്റെ ദുഃഖം തുടങ്ങിയ എഴുത്തുകളെല്ലാം ഞാന്‍ വായിച്ചത് പുസ്തക രൂപത്തില്‍ ആയിരുന്നില്ല. ഉപ്പയുടെ ശേഖരത്തില്‍ ഒട്ടിച്ചുവെച്ച മാതൃഭൂമി ലേഖനങ്ങളില്‍ നിന്നായിരുന്നു.

അങ്ങിനെ ചെറുപ്പകാലത്തു തന്നെ എന്റെ മനസ്സില്‍ പതിഞ്ഞ ഒരു എഴുത്തുകാരന്റെ, സാംസ്‌കാരിക നായകന്റെ, പ്രഭാഷകന്റെ ചിത്രം വീരേന്ദ്രകുമാറിന്റേതായിരുന്നു. അതുകൊണ്ടുതന്നെ, കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു പഠന കാലത്ത് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ചെയര്‍മാനായിരിക്കെ ഗാന്ധി ക്ലബ്ബ് ഉദ്ഘാടനം ചെയ്യാന്‍ ആരെ വിളിക്കും എന്ന ചര്‍ച്ച വന്നപ്പോള്‍, എനിക്ക് വീരേന്ദ്രകുമാറിനെ അല്ലാതെ മറുത്തൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഞങ്ങള്‍ വീരേന്ദ്രകുമാറിനെ ക്ഷണിച്ചു.

രാഷ്ട്രീയത്തിലെയും സാംസ്‌കാരിക മേഖലയിലെയും മഹാമേരുവായ അദ്ദേഹം വയനാട്ടിലെ കുഗ്രാമത്തിലെ ഒരു സ്‌കൂളിലെ ഗാന്ധി ക്ലബ് ഉദ്ഘാടനം ചെയ്യാന്‍ വരുമോയെന്ന സന്ദേഹമുണ്ടായിരുന്നു.

എം.പി വീരേന്ദ്രകുമാർ. Photo: MP Veerendrakumar/facebook.com

മനുഷ്യനെയും മണ്ണിനെയും ഒരുപോലെ സ്‌നേഹിക്കുകയും നിലനില്‍പിനും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുകയും പോരാടുകയും ചെയ്യുന്ന വയനാടിന്റെ ദേശീയ നേതാവിനെ അല്ലാതെ ആരെയാണ് വിദ്യാര്‍ഥികള്‍ക്ക് കേള്‍ക്കേണ്ടത് എന്ന ആത്മവിശ്വാസം മാത്രമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്.

എല്ലാ ആശങ്കകളെയും അപ്രസക്തമാക്കി അദ്ദേഹം കല്ലോടി സ്‌കൂളിലേക്ക് വന്നു. സംതൃപ്ത ജീവിതത്തിന് ഗാന്ധിയന്‍ ചിന്തകള്‍ എന്ന ശീര്‍ഷകത്തില്‍ ഘനഗംഭീര പ്രസംഗം അദ്ദേഹം നടത്തി.

ഗാന്ധിസവും സോഷ്യലിസവും തമ്മിലുള്ള രാഷ്ട്രീയ ഉള്‍വഴക്കങ്ങളെ കുറിച്ചൊന്നും ധാരണ ഉള്ളവാരായിരുന്നില്ല ഞാനോ എന്റെ സഹപാഠികളോ. ഗാന്ധി ക്ലബ്ബ് ഉദ്ഘാടനം ചെയ്യാന്‍ ഒരു സോഷ്യലിസ്റ്റിനെയാണ് വിളിച്ചത് എന്ന ധാരണപോലും ഉണ്ടായിരുന്നില്ല.

എം.പി വീരേന്ദ്രകുമാർ. Photo: MP Veerendrakumar/facebook.com

എന്നാല്‍ റാം മനോഹര്‍ ലോഹ്യയും ജയപ്രകാശ് നാരായണനുമെല്ലാം ഒഴുകിപ്പരന്ന, ഗാന്ധിയന്‍ മൂല്യങ്ങള്‍ എങ്ങനെയാണ് നടപ്പുകാലത്തും പ്രസക്തമാകുന്നത് എന്നതുമെല്ലാം ഞങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ലളിതമായി അവതരിപ്പിച്ച ആ പ്രസംഗം, ഒട്ടേറെ ആലോചനകളിലേക്കുള്ള വാതിലുകള്‍ ഞങ്ങള്‍ക്ക് തുറന്നു തന്നു.

അതൊരു പ്രസംഗമോ അതോ ക്ലാസോ അതോ രണ്ടിന്റെ മിശ്രണമോ. ഏറ്റവും ലളിതമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പോലും ഈ വലിയ രാഷ്ട്രീയ ദര്‍ശനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും വിധം ലളിതമായിട്ടാട്ടിരുന്നു അദ്ദേഹത്തിന്റെ അവതരണം. ഏതായാലും അന്നത്തെ ജെന്‍ സികളായ ഞങ്ങള്‍ക്ക് ആ വാക്ധോരണികള്‍ വലിയ ആവേശവും ഊര്‍ജവും ഉത്തേജനവും നല്‍കി.

അതില്‍ പിന്നെയാണ് വ്യക്തിപരമായി സോഷ്യലിസ്റ്റ് ആശയധാരയില്‍ ആകൃഷ്ടനാകുന്നതും പിന്നീട് ചുവടുറപ്പിക്കുന്നതും ആ പാതയില്‍ ഉറച്ചുനിന്ന് പൊതുപ്രവര്‍ത്തനം നടത്തുന്നതും. ഒരു വയനാട്ടുകാരന്‍ എന്ന നിലയില്‍ ചെറുപ്പത്തിലേ കേള്‍ക്കുന്ന ജനകീയ നേതാവിന്റെ പേരാണ് എം.പി. വീരേന്ദ്രകുമാര്‍ എന്നത്.

പിന്നീട് വീരേന്ദ്രകുമാറിന്റെ ലേഖനങ്ങളും പുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കുകയും വയനാട്ടിലും കണ്ണൂരും കോഴിക്കോടുമെല്ലാം പ്രഭാഷണങ്ങളും പാര്‍ട്ടി പരിപാടികളുമുണ്ടാകുമ്പോള്‍ ഒന്നുപോലും ഒഴിയാതെ നേരിട്ട് കേള്‍ക്കുകയും ചെയ്താണ് എന്റെ സോഷ്യലിസ്റ്റ് ബോധ്യങ്ങളെ അരക്കിട്ടുറപ്പിച്ചത്.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു. Photo: MP MP Veerendrakumar/facebook.com

കേരളത്തിന്റെ സോഷ്യലിസ്റ്റ് ആചാര്യന്‍ എം.പി. വീരേന്ദ്രകുമാര്‍ സ്‌കൂള്‍ പഠനകാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തയാളാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും അയത് ലളിതമായി മനസ്സിലാക്കാവുന്ന രൂപത്തില്‍ വാക്കുകളുടെ പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.

അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ഒടുവില്‍ വിട പറഞ്ഞപ്പോഴും ചായക്കടകളിലെ, വായനശാലകളിലെ, പള്ളിമുറ്റങ്ങളിലെ, ആല്‍ത്തറകളിലെ, കലുങ്ക് പാലങ്ങളിലെ പ്രായമായവരുടെ സംസാരം അദ്ദേഹത്തിന്റെ പ്രസംഗത്തെ കുറിച്ചാകും.

ഗംഭീര പ്രസംഗമായിരുന്നുട്ടൊ… എന്ന വാക്ക് ഏതൊരു പുരസ്‌കാരത്തേക്കാളും വെട്ടിത്തിളങ്ങുന്നതാണ്. പ്രായമായവരും യുവാക്കളും കൗമാരക്കാരും ബുദ്ധിജീവികളും സാഹിത്യകാരന്മാരും അക്കാദമീഷ്യന്മാരും രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളുമെല്ലാം അദ്ദേഹത്തിന്റെ ഫാന്‍സായി മാറിയതില്‍ അത്ഭുതമില്ല.

ഗാട്ടും കാണാച്ചരടും, രാമന്റെ ദുഃഖം, ഹൈമവത ഭൂവില്‍ അടക്കമുള്ള കാലാതീത ഗ്രന്ഥങ്ങള്‍ സൃഷ്ടിച്ച ഓളം ഇന്നും അടങ്ങിയിട്ടില്ലല്ലൊ.

ഗാട്ടും കാണാച്ചരടും. പുസ്തകത്തിന്‍റെ പുറംചട്ട

അദ്ദേഹത്തിന്റെ ഓരോ പുസ്തകകങ്ങളും പ്രവചനാത്മകമായ മുന്നറിയിപ്പുകളായിരുന്നു എന്നു പറയുന്നതാവും ശരി. നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ സൂക്ഷ്മമമായ അവസ്ഥകളെ കുറിച്ചുള്ള മുന്നറിയിപ്പ്. ആഗോളവത്കരണം എന്ന പ്രതിഭാസത്തെ മലയാളികള്‍ വലിയ തോതില്‍ മനസ്സിലാക്കിയത് വരേണ്ട കുമാറിന്റെ എഴുത്തിലൂടെയാണ്.

വെള്ളം വിലയ്ക്കുവാങ്ങേണ്ടിവരുന്ന മലയാളിയെ കുറിച്ചദ്ദേഹം പ്രസംഗിച്ചപ്പോള്‍ മൂക്കത്ത് വിരല്‍വെച്ച ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.

പ്ലാച്ചിമടയിൽ അന്താരാഷ്ട്ര വാട്ടർ കോൺഫറൻസുമായി ബന്ധപ്പെട്ട സമരത്തിൽ. Photo: mpveerendrakumar.in

മലയാള ഭാഷയില്‍ ഇന്നോളം എഴുതിയ ഒരു യാത്രാവിവരണത്തിന് ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത് ഹൈമവതഭൂവിലിന് ആയിരുന്നല്ലോ. 2010ലായിരുന്നു ആ അവാര്‍ഡ്.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഏറ്റുവാങ്ങുന്നു. Photo: mpveerendrakumar.in

വീരേന്ദ്രകുമാറിന്റെ മറ്റൊരു രാഷ്ട്രീയ മുന്നറിയിപ്പും ആ മുന്നറിയിപ്പിനുള്ള അദ്ദേഹത്തിന്റെ ഉത്തരവുമായിരുന്നു ഹൈമവതഭൂവില്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഹിമാലയത്തിലേക്കുള്ള സഞ്ചാരത്തില്‍ ഇന്ത്യയൊന്നാകെ പരന്നൊഴുകി. രാഷ്ട്രീയവും സംസ്‌കാരവും പരിസ്ഥിതിയും അധ്യാത്മിക ബോധവും അങ്ങനെ തുടങ്ങി ഓരോ ഘടകങ്ങളും സസൂക്ഷ്മം വിന്യസിച്ച അഭൂതപൂര്‍വ രചനയായിരുന്നു അത്. അതും ലളിതമായ ഭാഷയില്‍!

ഹൈമവതഭൂവില്‍. Photo: Mathrubhumi Books

താന്‍ അനുഭവിച്ചറിഞ്ഞ യാത്രയുടെ സങ്കീര്‍ണഭാവങ്ങളെ നിര്‍മമതയോട് കൂടി ആവിഷ്‌കരിക്കുകയും ആ ഉത്പന്നം സാധാരണക്കാരായ ആളുകള്‍ക്ക് ലാഘവത്തോടെ വായിച്ചുതീര്‍ക്കാന്‍ സാധിക്കുകയും ചെയ്യുന്നു എന്നുള്ളത് നിസാരമായ ഒരു കാര്യമല്ല.

ഇന്ദ്രിയങ്ങളുടെ നിഗൂഢതലങ്ങളെ മലര്‍ക്കെ തുറന്നു കാട്ടാന്‍ തത്വശാസ്ത്രങ്ങളെ പലപ്പോഴും കൂട്ടുപിടിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതി. അതുവഴി വാക്കുകളുടെയും ചരിത്രസത്യങ്ങളുടെയും സൗന്ദര്യാത്മകത കൊണ്ട് കാലങ്ങളോളമായി തപം ചെയ്തുകൊണ്ടിരുന്ന പല കാഴ്ചകളുടെയും മൗനമുടയ്ക്കാന്‍ ഗ്രന്ഥകാരന് കഴിയുന്നു എന്ന് വിനീത് നായര്‍ ആ ഗ്രന്ഥത്തെ ആസ്വദിച്ചത് എത്രമേല്‍ അര്‍ഥവത്താണ്.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയെ വീണ്ടെടുക്കാനുള്ള ഒരു ഹിമാലയന്‍ യാത്രയായിരുന്നു അതെന്ന് നമുക്കിപ്പോള്‍ ബോധ്യപ്പെടും. മറ്റൊരു ഭാരതപര്യടനം!

വയനാട്ടില്‍ നിന്നും ഹിമാലയത്തിലേക്കുള്ള ദീര്‍ഘമായ ആ യാത്രയിലൂടെ, ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള ഒരു സ്രോതസ്സിനെ അദ്ദേഹം ഹിമാലയത്തില്‍ കണ്ടെത്തുകയാണ്. വീരേന്ദ്രകുമാറിലെ ഗാന്ധിയും സോഷ്യലിസ്റ്റും ഒരുമിച്ചു നടത്തുന്ന യാത്രയാണതെന്ന പ്രത്യേകത കൂടിയുണ്ട് ഹൈമതഭൂവിന്.

എം.കെ. സാനുവിൽ നിന്നും വയലാർ അവാർഡ് ഏറ്റുവാങ്ങുന്നു. Photo: mpveerendrakumar.in

വിപുലമായ ഈ ആശയപ്രപഞ്ചത്തിലേക്ക് അദ്ദേഹം എങ്ങിനെയാണ് എത്തിയതെന്ന കാര്യം ഞാനെപ്പോഴും അത്ഭുതത്തോടെ ആലോചിക്കാറുണ്ട്. ഈ സംശയം അദ്ദേഹത്തോട് തന്നെ ഞാന്‍ ചോദിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ വായിച്ച പുസ്തകങ്ങളും താനറിഞ്ഞ ജനങ്ങളും എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ചെറുപ്രായത്തിലേയുള്ള പരന്ന വായന. മാത്രമല്ല, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അനുഭവങ്ങള്‍ അറിയാനുള്ള സന്നദ്ധതയും ത്വരയും.

വലിയൊരു ജന്മി കുടുംബത്തില്‍ ജനിച്ച് സോഷ്യലിസ്റ്റ് നേതാവായി എന്ന വൈരുധ്യത്തിനുള്ള ഉത്തരവും ഇതുതന്നെയാണ്. ആ അര്‍ഥത്തില്‍ അതൊരു വൈരുധ്യമായിരുന്നില്ല. പരസ്പരം അറിയിക്കുകയും പുതുക്കിപ്പണിയുകയും ചെയ്ത രാഷ്ട്രീയ തുടര്‍ച്ചയായിരുന്നു.

രാം മനോഹർ ലോഹ്യയ്ക്കൊപ്പം. 1963ൽ കൽപ്പറ്റയിൽ നടന്ന പരിപാടിയിൽ വെച്ച്. Photo: mpveerendrakumar.in

പിതാവ് പത്മപ്രഭാ ഗൗഡറുടെ കൈപിടിച്ചാണ് വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് മേല്‍വിലാസം പുല്‍കിയത്. സോഷ്യലിസ്റ്റ് നേതാവായിരുന്ന ഗൗഡര്‍ സ്വാതന്ത്ര്യപൂര്‍വകാലത്തേ മദ്രാസ് നിയമസഭാംഗവും ജെ.പി, ലോഹ്യ അടക്കമുള്ളവരുടെ അടുത്ത സുഹൃത്തുമായിരുന്നു. ജെ.പിയാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ വീരേന്ദ്രകുമാറിന് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുന്നത്.

സോഷ്യലിസ്റ്റ് നേതാവ് രാം വിലാസ് പസ്വാനൊപ്പം. Photo: mpveerendrakumar.in

മരണം വരെ സോഷ്യലിസ്റ്റ് മൂല്യങ്ങളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാതെ സാര്‍ഥക ജീവിതം നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

പിതാവിന്റെ ഗ്രന്ഥശേഖരവും ജനങ്ങളെ അറിയാനുള്ള വാഞ്ഛയും വീരേന്ദ്രകുമാറെന്ന നേതാവിനെ രാകിമിനുക്കിയെടുത്തു. പുളിയാര്‍മലയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമ്പോഴെല്ലാം ആ ഗ്രന്ഥശേഖരം മനസ്സില്‍ വലിയ പൂതിയുണ്ടാക്കുമായിരുന്നു.

എന്നെങ്കിലുമൊരു പുസ്തകം എഴുതാനായാല്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങളെ സാക്ഷിയാക്കി ആ ലൈബ്രറിയില്‍ വെച്ച് പ്രകാശനം ചെയ്യാന്‍ ഏറെ അഭിലഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് അതിന് സാധിച്ചില്ല.

വിയോഗാനന്തരം, എന്റെ യാത്രാനുഭവ പുസ്തകമായ ‘രാപ്പാര്‍ത്ത നഗരങ്ങള്‍‘ പുളിയാര്‍മലയിലെ ആ പുസ്തക ലോകത്തെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പ്രിയപത്‌നി ഉഷ വീരേന്ദ്രകുമാറാണ് പ്രകാശനം ചെയ്തത്.

വികേന്ദ്രീകൃത ആസൂത്രണം: ചിന്തയും പ്രയോഗവും എന്ന രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തതാവട്ടെ അദ്ദേഹത്തിന്റെ മകന്‍ എം.വി ശ്രേയാംസ് കുമാറും.

ദേശീയ രാഷ്ട്രീയത്തില്‍ 2014ന് ശേഷമുണ്ടായ പലവിധ രൂപപരിണാമങ്ങള്‍ സോഷ്യലിസ്റ്റ് സംഘടകളെയും ബാധിച്ചിരുന്നു. കേരളത്തിലും അതിന്റെ അലയൊലികളുണ്ടായി. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ പിളരുകയും ശാഖകളാകുകയും ചെയ്തു. നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നത് പതിവായി.

എന്നാല്‍, സോഷ്യലിസ്റ്റ്- ഗാന്ധിയന്‍- മതേതര ചേരിയില്‍ അണുവിട വ്യതിചലിക്കാന്‍ വിരേന്ദ്രകുമാര്‍ ഒരുക്കമല്ലായിരുന്നു. ഭരണകൂടത്തിന്റെ എന്തൊക്കെ മര്‍ദനോപാധികളുടെ ഭീഷണിയുണ്ടായാലും ആശയത്തിലും നിലപാടിലും വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം ഒരുക്കമായില്ല. സ്ഥാനമാനങ്ങള്‍ക്കോ അവസരം മുതലെടുക്കാനോ ഭിക്ഷാംദേഹി ആയിട്ടുമില്ല.

തന്റെ ചുറ്റുപാടുമുള്ള ജീവിതാനുഭവങ്ങളെ കൂടുതല്‍ തെളിച്ചത്തില്‍ മനസ്സിലാക്കാനുള്ള ഒരുപാധിയായിരുന്നു അദ്ദേഹത്തിന് വായന എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതോ തന്റെ വായനയില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തന്റെ ചുറ്റുപാടുകളില്‍ കണ്ടെത്തുകയായിരുന്നോ അദ്ദേഹം. വീരേന്ദ്ര കുമാറിന്റെ കാര്യത്തില്‍ രണ്ടും തുല്യമായ നിലക്കുള്ള ശരികളാണ്.

ഏതൊരു ഇന്ത്യക്കാരനും നടത്തേണ്ട ഭാരതപര്യടനത്തെ കുറിച്ച്, ഹൈമതഭൂവിലൂടെ നമ്മെയെല്ലാം ഓര്‍മ്മപ്പെടുത്തിയാണ് വീരേന്ദ്രകുമാര്‍ എന്നാ രാഷ്ട്രീയ ജീവിതം നമ്മോട് വിടപറഞ്ഞത്. പില്‍ക്കാലത്ത് ഹൈമതഭൂവില്‍ വായിച്ചപ്പോഴാണ് ഗാന്ധി ക്ലബ് ഉദ്ഘാടനം ചെയ്യാന്‍ ഒരു സോഷ്യലിസ്റ്റിനെ ക്ഷണിച്ചതിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ എനിക്കും മുന്‍കാല പ്രാബല്യത്തോടെ ബോധ്യപ്പെട്ടത്.

ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ നിന്നും സ്വതന്ത്ര്യത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് നയിച്ചത് ഗാന്ധിയന്‍ ദര്‍ശനങ്ങളാണെങ്കില്‍, സ്വതന്ത്ര്യാനന്തര ഇന്ത്യയെ അടിയന്തിരാവസ്ഥയില്‍ നിന്നും വീണ്ടെടുത്തത് സോഷ്യലിസ്റ്റ് ധാരയാണ്.

രാജ്യം നിര്‍ണ്ണായകമായ മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയെ നേരിടുമ്പോള്‍ ഗാന്ധിയന്‍ ധാര്‍മിക മൂല്യങ്ങളും സോഷ്യലിസ്റ്റ് രാഷ്ട്രീയ കാഴ്ചപ്പാടുകളും ചേര്‍ന്നുള്ള സാമൂഹിക ഭാവനയായിരിക്കും നമ്മെ വഴി നടത്തുക. ആ വഴി നടത്തലിലേക്കുള്ള സൂചനയായിട്ടാണ് എം.പി. വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഞാന്‍ കാണുന്നത്

 

Content Highlight: Junaid Kaippani writes about MP Veerendra Kumar

 

ജുനൈദ് കൈപ്പാണി
പൊതുപ്രവർത്തകന്‍, എഴുത്തുകാരന്‍.