മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ വെനസ്വേലയിൽ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്
Venezuela
മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ വെനസ്വേലയിൽ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്
ശ്രീലക്ഷ്മി എ.വി.
Tuesday, 6th January 2026, 12:25 pm

കാരാക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു.എസ് ബന്ദിയാക്കിയതിന് പിന്നാലെ ഒരു ഡസനിലധികം മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.

മഡുറോ അനുകൂല മാർച്ചുകളും പുതിയ നിയമസഭയുടെ സത്യപ്രതിജ്ഞയും റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു.എസ് ബന്ദിയാക്കിയതിന് പിന്നാലെയാണ് സംഭവം.

അറസ്റ്റിലായവരിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന 11 പേരും ദേശീയ മാധ്യമത്തിൽ പ്രവർത്തിക്കുന്ന ഒരാളും ഉൾപ്പെട്ടിട്ടുണ്ടെന്ന് നാഷണൽ യൂണിയൻ ഓഫ് പ്രസ് വർക്കേഴ്സ് എസ്.എൻ.ടി.പി റിപ്പോർട്ട് ചെയ്തു.

ഒരു സ്പാനിഷ് പൗരനെയും കൊളംബിയക്കാരനെയും വെനസ്വേലയ്ക്കും കൊളംബിയയ്ക്കും ഇടയിലുള്ള അതിർത്തിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. ആശയവിനിമയം നടത്താതെ മണിക്കൂറുകളോളം തടങ്കലിൽ വയ്ക്കുകയും, പിന്നീട് കൊളംബിയൻ പ്രദേശത്തേക്ക് തിരികെ വിടുകയും ചെയ്തുവെന്നും സംഘടന റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വെനസ്വേലയുടെ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയങ്ങൾ പ്രതികരിച്ചിട്ടില്ല.

ഇന്നലെ ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കിയ മഡുറോ, തനിക്കെതിരായി ചുമത്തിയ കുറ്റങ്ങൾ നിഷേധിച്ചിരുന്നു. അമേരിക്കയുടെ വാദങ്ങൾ തള്ളുകയും താൻ നിരപരാധിയും മാന്യനുമാണെന്നും മഡുറോ പറഞ്ഞിരുന്നു.

താൻ സമ്പൂർണ അധികാരമുള്ള രാജ്യത്തിന്റെ പ്രസിഡന്റാണെന്നും മറ്റൊരു രാജ്യത്തുകൊണ്ടുപോയി തന്നെ വിചാരണ ചെയ്യുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും മഡൂറോ വ്യക്തമാക്കി. കേസിലെ അടുത്ത വാദം മാർച്ച് 17നാണെന്നും റിപ്പോർട്ടുകളുണ്ട്.

വെനസ്വേലയിലെ അമേരിക്കൻ നടപടികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഈ നടപടികളെ ചെറുക്കുമെന്ന് വെനസ്വേലൻ സർക്കാർ അറിയിച്ചു.

ശനിയാഴ്ച പുലർച്ചെയായിരുന്നു മഡുറോയെയും പങ്കാളിയെയും യു.എസ് ബന്ദികളാക്കിയത്. മയക്കുമരുന്ന് കടത്ത്, തീവ്രവാദ സംഘടനകളുമായി പ്രവർത്തിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഫെഡറൽ കുറ്റങ്ങളാണ് മഡുറോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Content Highlight: Journalists reportedly detained in Venezuela after Maduro taken hostage

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.