ആഷസിലെ അഡ്ലെയ്ഡ് ടെസ്റ്റിന് മുന്നോടിയായി സൂപ്പര്‍ താരങ്ങളുടെ പരിക്കിനെ കുറിച്ച് പുതിയ അപ്ഡേഷന്‍ നല്‍കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ടീമിലെ സൂപ്പര്‍ ബൗളറായ ജോഷ് ഹേസല്‍വുഡിന് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. ഇത് വലിയ തിരിച്ചടിയാണ് ടീമിന് സമ്മാനിച്ചിരിക്കുന്നത്.
ഇതിനോടൊപ്പം തന്നെ ഓസീസിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയുമുണ്ട്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പരിക്കില്‍ നിന്ന് മുക്തനായിട്ടുണ്ട്. ഓസീസ് കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡാണ് ഇരുതാരങ്ങളുടെയും പരിക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ജോഷ് ഹേസല്‍വുഡ്. Photo:cricketeersupdate/x.com
ഹേസല്‍വുഡിന് കണങ്കാലിന് കൂടി പരിക്കേറ്റിട്ടുണ്ട്. ആശസിന് മുമ്പ് താരത്തിന് പേശി വലിവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ ബൗളര്‍ക്ക് മറ്റൊരു പരിക്ക് കൂടി സംഭവിച്ചിരിക്കുന്നത്. ഈ പരിക്കിനെ തുടര്‍ന്നാണ് താരത്തിന് ആഷസ് മുഴുവനായും നഷ്ടമാവുന്നത്.
പരിക്ക് കാരണം പരമ്പര നഷ്ടമാവുന്നതില്‍ ഹേസല്‍വുഡ് നിരാശാനെന്നും ഓസ്ട്രേലിയയ്ക്ക് താരത്തിന്റെ അഭാവം വലിയ തിരിച്ചടിയാണെന്നും കോച്ച് ആന്‍ഡ്രൂ മക്ഡൊണാഡ് വ്യക്തമാക്കി.
‘ഹേസല്‍വുഡിന്റെ കാര്യത്തില്‍ ഞങ്ങള്‍ നിരാശരാണ്. താരത്തിന് വീണ്ടും പരിക്ക് പറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ പരമ്പരയില്‍ ടീമിനായി താരം മികച്ച പ്രകടനം നടത്തുമെന്നാണ് കരുതിയിരുന്നത്. എന്നാലിപ്പോള്‍ ഇനി അതിന് സാധിക്കില്ല എന്നാണ് തോന്നുന്നത്,’ മക്ഡൊണാള്‍ഡ് പറഞ്ഞു.
പാറ്റ് കമ്മിൻസ് . Photo: Cricketworld/x.com
ഹേസല്‍വുഡിന്റെ പരിക്ക് കങ്കാരുക്കള്‍ക്ക് വലിയ തിരിച്ചടിയാണെങ്കിലും അഡ്ലെയ്ഡില്‍ ക്യാപ്റ്റനായി കമ്മിന്‍സ് തിരിച്ചെത്തും. അതിനായി താരം തയ്യാറെടുക്കുകയാണെന്നും മക്ഡൊണാള്‍ഡ് പറഞ്ഞു.
‘പാറ്റ് പരിശീലന സെഷനുകളില്‍ പന്തെറിയുന്നുണ്ട്. ഒരു യഥാര്‍ത്ഥ മത്സരത്തിലേത് പോലെ വിവിധ സ്‌പെല്ലുകളും അദ്ദേഹം പരിശീലിച്ചു. തിരിച്ചുവരവിന് താരം പൂര്‍ണമായും തയ്യാറാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’ മക്ഡൊണാള്‍ഡ് പറഞ്ഞു.
Content Highlight: Josh Hazelwood ruled out of remaining Ashes while Pat Cummins return as captain