ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 150 റണ്‍സാണ് ഇന്ത്യ നേടിയത്. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത് വിജയമാണിത്. ഇതോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 97 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 54 പന്ത് നേരിട്ട ഓപ്പണര്‍ 135 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് ഫോറും 13 സിക്സറും അടക്കം 250.00 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ഒടുവില്‍ ടി-20 ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡും സ്വന്തമാക്കിയാണ് താരം കളം വിട്ടത്. മാത്രമല്ല എതിരാളികള്‍ നേടിയതിനേക്കാള്‍ 38 റണ്‍സ് അധികം അഭിഷേക് ശര്‍മ നേടിയിരുന്നു. വെറും 17 മത്സരങ്ങളിലെ 16 ഇന്നിങ്സില്‍ നിന്ന് തന്റെ രണ്ടാം സെഞ്ച്വറി നേടാനും അഭിഷേകിന് സാധിച്ചു.
ഇംഗ്ലണ്ട് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ജോസ് ബട്‌ലര്‍ ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മയെക്കുറിച്ച് സംസാരിച്ചിരുന്നു. അവസാന മത്സരത്തില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് അഭിഷേക് പുറത്തെടുത്തതെന്ന് ബട്‌ലര്‍ പറഞ്ഞു. മാത്രമല്ല അഭിഷേകിനെ പുറത്താക്കാന്‍ വേണ്ടി പല പ്ലാനുകളും ചെയ്തിട്ട് ഫലമുണ്ടായില്ലെന്നും ചില സമയങ്ങളില്‍ എതിരാളിയുടെ പ്രകടനത്തെ അംഗീകരിക്കാന്‍ മാത്രമെ സാധിക്കുകയെന്നും ബട്‌ലര്‍ പറഞ്ഞു.
‘അതെ ഞങ്ങള്‍ നിരാശരാണ്. ഇന്ത്യ മികച്ച ബാറ്റിങ് പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും അഭിഷേക് ശര്‍മയ്ക്കാണ്. അതിഗംഭീര പ്രകടനമാണ് അവന്‍ പുറത്തെടുത്തത്.
മത്സരത്തിനിടയില്‍ ഞങ്ങള്‍ ആലോചിച്ചു എന്ത് ചെയ്താലാണ് അഭിഷേകിനെ പുറത്താക്കാന്‍ സാധിക്കുന്നതെന്ന്, അല്ലെങ്കില്‍ എങ്ങനെ അവനെ തടയാമായിരുന്നു എന്നൊക്കെ. പക്ഷെ അവന്റെ അടുത്ത് ഞങ്ങളുടെ ഒരു പ്ലാനും നടന്നില്ല. ഓപ്പോസിറ്റുള്ള ചില കളിക്കാരെ അംഗീകരിച്ചേ മതിയാകൂ, അവന്‍ നന്നായി കളിച്ചു,’ ജോസ് ബട്ട്ലര്‍ പറഞ്ഞു.
Content Highlight: Jos Buttler Talking About Abhishek Sharma