ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുമായാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്.
ടി-20 പരമ്പരയ്ക്കായി ജോസ് ബട്‌ലറിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീമിനെ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഇന്ത്യയും പരമ്പരകള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കും.
ഈ പരമ്പരയില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിനെ ഒരു തകര്‍പ്പന്‍ റെക്കോഡും കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്‌ക്കെതിരെ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് ബട്‌ലര്‍ കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യയ്‌ക്കെതിരെ ഇതിനോടകം തന്നെ 498 റണ്‍സ് നേടിയ ബട്‌ലറിന് അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് റണ്‍സ് സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഈ നേട്ടത്തിലെത്താം. ഇന്ത്യയ്‌ക്കെതിരെ 500 ടി-20 റണ്‍സ് നേടുന്ന അഞ്ചാമത് താരമെന്ന നേട്ടവും ആദ്യ ഇംഗ്ലണ്ട് താരമെന്ന നേട്ടവും ഇതോടൊപ്പം ബട്‌ലറിന്റെ പേരില്‍ കുറിക്കപ്പെടും.
22 ഇന്നിങ്‌സില്‍ നിന്നും 33.20 ശരാശരിയിലും 145.61 സ്‌ട്രൈക്ക് റേറ്റിലുമാണ് ബട്‌ലര്‍ 498 റണ്‍സടിച്ചത്. നാല് അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും.
അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 592
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 574
ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 524
ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 500
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 498
ജോസ് ബട്‌ലര്‍
ഇതിന് പുറമെ ഇന്ത്യ – ഇംഗ്ലണ്ട് ടി-20 മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന വിരാട് കോഹ്‌ലിയുടെ നേട്ടം മറികടക്കാനും ഈ പരമ്പരയില്‍ ബട്‌ലറിന് അവസരമൊരുങ്ങും. 21 മത്സരത്തില്‍ നിന്നും 38.11 ശരാശരിയില്‍ 648 റണ്‍സാണ് വിരാട് നേടിയത്.
ജനുവരി 22നാണ് പരമ്പരയിലെ ആദ്യ മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.