ലാറ ഇതിഹാസം തന്നെ, മുള്‍ഡര്‍ ഇന്നിങ്സ് തുടരണമായിരുന്നു: ജോസ് ബട്‌ലര്‍
Sports News
ലാറ ഇതിഹാസം തന്നെ, മുള്‍ഡര്‍ ഇന്നിങ്സ് തുടരണമായിരുന്നു: ജോസ് ബട്‌ലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th July 2025, 5:51 pm

സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റെര്‍ വിയാന്‍ മുള്‍ഡര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു താരമാണ്. പ്രോട്ടിയാസിന്റെ സിംബാബ്വേ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയാണ് താരം ചര്‍ച്ച വിഷയമായത്.

334 പന്ത് നേരിട്ട് പുറത്താകാതെ 367 റണ്‍സാണ് താരം നേടിയത്. ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ 400 റണ്‍സിന്റെ ചരിത്ര റെക്കോഡ് തകര്‍ക്കാന്‍ അവസരമുണ്ടായിട്ടും ക്യാപ്റ്റന്‍ കൂടിയായ മുള്‍ഡര്‍ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. ഇങ്ങനെ റെക്കോഡിനരികെ ഡിക്ലയര്‍ ചെയ്തിരുന്നതിന്റെ കാരണം പ്രോട്ടിയാസ് നായകന്‍ വ്യക്തമാക്കിയിരുന്നു.

ബ്രയാന്‍ ലാറ ഇതിഹാസമാണെന്നും അദ്ദേഹം തന്നെ ആ റെക്കോഡ് നിലനിര്‍ത്തട്ടെയെന്നാണ് എന്നാണ് മുള്‍ഡര്‍ പ്രതികരിച്ചത്. ഇപ്പോള്‍ റെക്കോഡ് നേടാതെ ഡിക്ലയര്‍ ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍. ബ്രയാന്‍ ലാറ ഏറ്റവും മികച്ച താരമാണെന്നതില്‍ സംശയമില്ലെന്നും വിയാന്‍ മുള്‍ഡര്‍ ഇന്നിങ്സ് തുടരണമായിരുന്നുവെന്നും താരം പറഞ്ഞു.

റെക്കോഡുകള്‍ തകര്‍ക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അതിനായി ശ്രമിക്കണമെന്നും അപ്പോഴും അത്തരമൊന്ന് ലഭിക്കില്ലെന്നും ഇംഗ്ലണ്ട് ബാറ്റര്‍ കൂട്ടിച്ചേര്‍ത്തു. ഫോര്‍ ദി ലവ് ഓഫ് ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ജോസ് ബട്‌ലര്‍.

‘ബ്രയാന്‍ ലാറ ഏറ്റവും മികച്ച താരമാണെന്നതില്‍ സംശയമില്ല. രണ്ട് തവണ 400 റണ്‍സ് എടുക്കുക ചെറിയ കാര്യാമല്ല. എന്റെ അഭിപ്രായത്തില്‍ വിയാന്‍ മുള്‍ഡര്‍ ഇന്നിങ്സ് തുടരണമായിരുന്നു. അവര്‍ 900 റണ്‍സ് എടുത്തു നില്‍ക്കുകയിരുന്നില്ലല്ലോ! നിങ്ങള്‍ക്ക് ഒരു അവസരം ലഭിക്കുമ്പോള്‍ അത്തരം റെക്കോഡുകള്‍ നേടാന്‍ ശ്രമിക്കണം.

ഇത്തരം റെക്കോഡുകള്‍ ഇതിഹാസങ്ങള്‍ക്കുള്ളതെന്നാണ് മുള്‍ഡര്‍ പറഞ്ഞത്. താരത്തിനോടുള്ള ആദരവാണിത് കാണിക്കുന്നത്. പക്ഷേ, ഇങ്ങനൊരു അവസരം ഇപ്പോഴും ലഭിക്കണമെന്നില്ല. അതുകൊണ്ട് അവന്‍ 400 റണ്‍സ് നേടാന്‍ ശ്രമിക്കണമായിരുന്നു,’ ബട്‌ലര്‍ പറഞ്ഞു.

Content Highlight: Jos Butler says Wiaan Mulder should have continue his innings and break Brian Lara’s record