പെലെയോടും മറഡോണയോടും മെസിയെയും റൊണാള്‍ഡോയെയും ഉപമിക്കല്ലേ; വിശദീകരിച്ച് ജോര്‍ജ് ജീസസ്
Football
പെലെയോടും മറഡോണയോടും മെസിയെയും റൊണാള്‍ഡോയെയും ഉപമിക്കല്ലേ; വിശദീകരിച്ച് ജോര്‍ജ് ജീസസ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st April 2023, 5:50 pm

ഫുട്ബോള്‍ ദൈവങ്ങളായ പെലെ-മറഡോണ ഫാന്‍സ് ഡിബേറ്റിനോട് സമാനമായ ഫൈറ്റുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസിയുടെയും കാര്യത്തില്‍ നടക്കാറുള്ളത്.

ആരാണ് മികച്ചതെന്ന് ചൂണ്ടിക്കാണിക്കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ലോക ചാമ്പ്യനായതിന് ശേഷം മെസിയാണ് മികച്ചതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും കണക്കുകള്‍ക്ക് പോലും ഇരുവരില്‍ ഒരാളെ ചൂണ്ടിക്കാട്ടാന്‍ സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വിഷയത്തില്‍ മുന്‍ ബെന്‍ഫിക്ക കോച്ചും പോര്‍ച്ചുഗീസ് താരവുമായിരുന്ന ജോര്‍ജ് ജീസസ് നടത്തിയ വ്യത്യസ്ത പ്രതികരണം ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍.

മറഡോണയോട് ആധുനിക ഫുട്ബോള്‍ താരങ്ങളെ സാദൃശ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വളരെ പാഷനേറ്റ് ആയിട്ടുള്ള താരമായിരുന്നെന്നും ജീസസ് പറഞ്ഞു. ക്രിസ്റ്റ്യാനോക്ക് ഫുട്‌ബോളിനോട് അല്‍പമെങ്കിലും അഭിനിവേശം ഉണ്ടെന്നും എന്നാല്‍ മെസി അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

‘പെലെയെ കുറിച്ച് പറയുന്നത് പോലെ ലോകത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് മറഡോണ. മറഡോണ പ്രതിഭയായിരുന്നു, അത് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. അദ്ദേഹം ഒരു ഫുട്ബോളറാകാന്‍ ജനിച്ചയാളാണ്. ജന്മനാ അദ്ദേഹം കഴുവുകളുള്ളയാളാണ്.

ആധുനിക ഫുട്ബോളിലെ രണ്ട് താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയുടെയും മെസിയുടെയും കാര്യം പറയുകയാണെങ്കില്‍ മെസിക്ക് യാതൊന്നും ഇല്ല. അദ്ദേഹത്തിന് ഒരു അഭിനിവേശവും ഇല്ല. മെസി മികച്ച കളിക്കാരനാണ്.

പക്ഷെ നമ്മള്‍ ജീവിതാനുഭവങ്ങളെയും അഭിനിവേശത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ മെസിയെ കുറിച്ച് അങ്ങനെയൊന്നും പറയാനില്ല. ക്രിസ്റ്റ്യാനോക്ക് കുറച്ചെങ്കിലും പാഷന്‍ ഉണ്ടെന്നാണ് എന്റെ അഭിപ്രായം. ഈ നിരയില്‍ മറഡോണ തന്നെയാണ് എല്ലാത്തിനും മുകളില്‍,’ ജീസസ് പറഞ്ഞു.

അതേസമയം, മെസിയും റൊണാള്‍ഡോയും കരിയറിലെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പി.എസ്.ജിക്കായി ഈ സീസണില്‍ 18 ഗോളും 16 അസിസ്റ്റുമാണ് മെസി നേടിയത്. ഈ വര്‍ഷാരംഭം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയ റൊണാള്‍ഡോ എട്ട് ഗോളും രണ്ട് അസിസ്റ്റും അക്കൗണ്ടിലാക്കിയിട്ടുണ്ട്.

Content Highlights: Jorge Jesus talking about Cristiano Ronaldo and Lionel Messi