| Wednesday, 18th June 2025, 8:46 pm

അഭിനയിച്ച് ഫലിപ്പിക്കാൻ ബുദ്ധിമുട്ടി, എന്നാൽ ഇന്നും ആ കഥാപാത്രവുമായി താരതമ്യം ചെയ്യും: ജോമോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമയില്‍ എത്തുന്നത്. മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ജോമോള്‍ ബാലതാരമായിരുന്നു.

1998ല്‍ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി, മയിൽപ്പീലി കാവ് എന്നിവയാണ് ജോമോളുടെ പ്രധാന ചിത്രങ്ങൾ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത ജോമോൾ പിന്നീട് ജയ് ഗണേഷ് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. കാതൽ ദി കോർ എന്ന ചിത്രത്തിന് ജ്യോതികക്ക് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. ഇപ്പോൾ നിറം സിനിമയെക്കുറിച്ചും വർഷ എന്ന കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് നടി.

ആളുകൾ ഇപ്പോഴും നിറത്തിലെ വർഷ എന്ന കഥാപാത്രവുമായി താരമത്യം ചെയ്യാറുണ്ടെന്നും അത് ആ കഥാപാത്രത്തിൻ്റെ വിജയമാണെന്നും ജോമോൾ പറയുന്നു. എന്നാൽ ആ കഥാപാത്രം അഭിനയിച്ച് ഫലിപ്പിക്കാൻ ബുദ്ധിമുട്ട് ആയിരുന്നെന്നും ചിത്രീകരണത്തിനിടെ വീഴുമ്പോൾ വേദനിക്കുമെന്നും നടി പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അവർ.

‘ഇടക്കിടക്ക് തട്ടി വീഴുന്ന ആരെ കണ്ടാലും ആളുകൾ ഇപ്പോഴും വർഷയുമായി താരതമ്യം ചെയ്യും. അതാണ് ആ കഥാപാത്രത്തിന്റെ വിജയം. വർഷയെ അഭിനയിച്ച് ഫലിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എങ്ങനെ വീഴും എന്നതായിരുന്നു ആദ്യത്തെ പ്രശ്നം. കാലൊക്കെ മനഃപ്പൂർവം ഓരോ സ്ഥലത്ത് ഉടക്കി വീഴും. വൈകുന്നേരം ഷൂട്ട് കഴിഞ്ഞ് റൂമിലെത്തുമ്പോൾ മുട്ടൊക്കെ ചതഞ്ഞ് ചുവന്നിരിക്കും. വേദനിച്ചിട്ട് ഒരു രക്ഷയുമുണ്ടാവില്ല. നന്നായി വീഴാൻ പഠിച്ചപ്പോഴേക്കും ഷൂട്ടിങ് കഴിഞ്ഞു,’ ജോമോൾ പറയുന്നു.

നിറം

കുഞ്ചാക്കോ ബോബൻ, ശാലിനി ജോഡി അഭിനയിച്ച ചിത്രമായിരുന്നു നിറം. കമൽ സംവിധാനം ചെയ്ത് 1999ൽ പുറത്തിറങ്ങിയ സിനിമ ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു.

Content Highlight: Jomol talking about Niram Movie and Character of Varsha

We use cookies to give you the best possible experience. Learn more