ജനുവരി മാസത്തിലെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ സ്പിന്നര്‍ ജോമല്‍ വാരികന്‍. വെസ്റ്റ് ഇന്‍ഡീസിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത മികച്ച പ്രകടനത്തിന് പിന്നാലെയാണ് വാരികനെ തേടി പുരസ്‌കാരമെത്തിയത്.
ജനുവരിയിലെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിന്റെ നോമിനീസില്‍ മൂന്ന് പേരും സ്പിന്നര്‍മാരായിരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
Well done to Australia batter Beth Mooney and West Indian spinner Jomel Warrican for winning the ICC Player of the Month Awards for January. Beth was pivotal in her team’s Ashes win and Jomel took 19 wickets in two Test matches at an average of just 9.00. pic.twitter.com/pKnukBvcto
പരമ്പരയില്‍ പാകിസ്ഥാന് വേണ്ടി തിളങ്ങിയ സൂപ്പര്‍ സ്പിന്നര്‍ നോമന്‍ അലി, ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ വരുണ്‍ ചക്രവര്‍ത്തി എന്നിവരായിരുന്നു പുരസ്‌കാരത്തിനായി മാറ്റുരച്ചത്.
പാകിസ്ഥാനെതിരെ രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസ് കളിച്ചത്. ഇത് 1-1ന് സമനിലയില്‍ അവസാനിക്കുകയും ചെയ്തിരുന്നു. ആദ്യ മത്സരത്തില്‍ 127 റണ്‍സിന് പരാജയപ്പെട്ട വിന്‍ഡീസ് രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിന്റെ മികച്ച വിജയവും സ്വന്തമാക്കി.
മുള്‍ട്ടാന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തിലാണ് കരിബീയിന്‍സിന്റെ ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും തകര്‍ന്നുവീണത്.
ഒരുവേള 38/7 എന്ന നിലയില്‍ നിന്ന വെസ്റ്റ് ഇന്‍ഡീസിനെ ഗുഡാകേഷ് മോട്ടിയുടെ അര്‍ധ സെഞ്ച്വറിയാണ് താങ്ങി നിര്‍ത്തിയത്. 87 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്. 40 പുറത്താകാതെ 36 റണ്‍സ് നേടിയ ജോമല്‍ വാരികനാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
പാകിസ്ഥാനായി നോമന്‍ അലി ആറ് വിക്കറ്റ് നേടി. സാജിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അബ്രാര്‍ അഹമ്മദും കാഷിഫ് അലിയും ചേര്‍ന്നാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്സിനിറങ്ങിയ പാകിസ്ഥാനും പിഴച്ചു. 154 റണ്‍സ് മാത്രമാണ് ആദ്യ ഇന്നിങ്സില്‍ ടീമിന് നേടാന്‍ സാധിച്ചത്. 75 പന്തില്‍ 49 റണ്‍സടിച്ച് മുഹമ്മദ് റിസ്വാനാണ് ടോപ് സ്‌കോറര്‍.
നാല് വിക്കറ്റുമായി ജോമല്‍ വാരികനും മൂന്ന് വിക്കറ്റുമായി ഗുഡാകേഷ് മോട്ടിയും പാകിസ്ഥാന് മേല്‍ പടര്‍ന്നുകയറി. രണ്ട് വിക്കറ്റ് വീഴ്ത്തിയ കെമര്‍ റോച്ചും മികച്ച പ്രകടനം പുറത്തെടുത്തു.
ഒമ്പത് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ വിന്‍ഡീസിനായി ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് ഓപ്പണറായി ഇറങ്ങി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 74 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്.
ടെവിന്‍ ഇംലാച്ച് (57 പന്തില്‍ 35), ആമിര്‍ ജാംഗോ (52 പന്തില്‍ 30) കെവിന്‍ സിംക്ലെയര്‍ (51 പന്തില്‍ 28) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
സാജിദ് ഖാനും നോമന്‍ അലിയും ഫോര്‍ഫര്‍ നേടിയപ്പോള്‍ അബ്രാര്‍ അഹമ്മദും കാഷിഫ് അലിയും ഓരോ വിക്കറ്റുകളും നേടി.
ഒടുവില്‍ 244 റണ്‍സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് 254 റണ്‍സിന്റെ വിജയലക്ഷ്യം പാകിസ്ഥാന് മുമ്പില്‍ വെച്ചു.
എന്നാല്‍ ആദ്യ ഇന്നിങ്സിനേക്കാള്‍ മോശം അവസ്ഥയിലാണ് പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്തത്. വിന്‍ഡീസ് ബൗളിങ് യൂണിറ്റിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പാകിസ്ഥാന്റെ ഒരു ബാറ്റര്‍ക്കും സാധിച്ചില്ല. 67 പന്തില്‍ 31 റണ്‍സ് നേടിയ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍.
ആദ്യ ഇന്നിങ്സില്‍ ഫോര്‍ഫറുമായി തിളങ്ങിയ ജോമല്‍ വാരികന്‍ രണ്ടാം ഇന്നിങ്സില്‍ ഫൈഫറുമായും മികച്ച പ്രകടനം പുറത്തെടുത്തു. കെവിന്‍ സിംക്ലെയര്‍ മൂന്ന് താരങ്ങളെ മടക്കിയപ്പോള്‍ ഗുഡാകേഷ് മോട്ടി രണ്ട് വിക്കറ്റും നേടി.
പരമ്പരയിലെ രണ്ട് മത്സരത്തില്‍ നിന്നും 19 വിക്കറ്റുകളുമായി തിളങ്ങിയ വാരികനെ തന്നെയാണ് പ്ലെയര്‍ ഓഫ് ദി സീരീസായും തെരഞ്ഞെടുത്തത്.
Content highlight: Jomel Warrican wins ICC Player of the month award