| Tuesday, 1st July 2025, 1:11 pm

ഡിപ്രഷന്‍ സ്റ്റാര്‍ എന്ന് എന്നെ വിളിക്കാറുണ്ട്; വേദിയിലിരുത്തി എന്നെ അങ്ങനെ വിളിച്ചിട്ടുണ്ട്: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

20 വര്‍ഷത്തിലധികമായി സിനിമാലോകത്തിന്റെ ഭാഗമാണ് ജോജു ജോര്‍ജ്. ചെറിയ വേഷങ്ങളില്‍ ഒരുപാട് കാലം നിറഞ്ഞുനിന്ന ജോജു പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്കും അവിടന്ന് നായകവേഷത്തിലേക്കും കൂടുമാറി. 2021ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ജോജു സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ജോജു ഭാഗമായിട്ടുണ്ട്.

ജോസഫ്, ഇരട്ട, നായാട്ട് എന്നിങ്ങനെ മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇരട്ടയിലെ ജോജുവിന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍ വരെ അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. തന്നെ ഡിപ്രഷന്‍ സ്റ്റാറെന്ന് പലരും വിളിക്കാറുണ്ടെന്ന് ജോജു പറയുന്നു. വേദിയില്‍ വെച്ച് തന്നെ അങ്ങനെ അഭിസംബോധന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ലഭിക്കുന്ന പ്രൊജക്റ്റിനനുസരിച്ചാണ് സിനിമ ചെയ്യാന്‍ കഴിയുകയെന്നും ജോജു കൂട്ടിച്ചേര്‍ത്തു. തനിക്ക് അപ്രിസിയേഷന്‍ കിട്ടിയ മൂന്ന് സിനിമകളിലും താന്‍ പൊലീസ് വേഷമാണ് കൈകാര്യം ചെയ്തതെന്നും തനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയതും ആ സിനിമകളില്‍ തന്നെയാണെന്നും അദ്ദേഹം പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.

‘എന്നെ കുറെ പേര് ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെയാണ് വിളിക്കുന്നത്. അങ്ങനെയൊക്കെ അഡ്രസ് ചെയ്ത് എന്നെ പറയാറുണ്ട്. വേദിയില്‍ ഇരുത്തി പറഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്. പിന്നെ നമ്മള്‍ക്ക് പ്രൊജക്റ്റ് കിട്ടുന്നതിനനുസരിച്ചാണ് സിനിമ ചെയ്യുക. നിങ്ങള്‍ തന്നെ ആലോചിച്ച് നോക്കൂ, ജോസഫില്‍ പൊലീസ്, നായാട്ടില്‍ പൊലീസ് ,ഇരട്ടയില്‍ രണ്ട് പൊലീസ്. എനിക്ക് അപ്രിസിയേഷന്‍ കിട്ടിയ മൂന്ന് പടങ്ങളിലും ഞാന്‍ പൊലീസാണ്. ഈ മൂന്നെണ്ണത്തിനും എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഇതൊക്കെ പൊലീസ് വേഷത്തിനാണ് കിട്ടിയത്,’ ജോജു ജോര്‍ജ് പറഞ്ഞു.

Content Highlight: joju George  says that many people call him the Depression Star.

We use cookies to give you the best possible experience. Learn more