| Wednesday, 25th June 2025, 8:54 am

തിയേറ്ററില്‍ പൊട്ടിയ ആ പടം ഒ.ടി.ടി.യില്‍ ഹിറ്റായി; കമല്‍ സാറിന്റെ അഭിപ്രായം വളരെ സന്തോഷം നല്‍കി: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച് ചെറിയ വേഷങ്ങളിലൂടെ മലയാളത്തിന്റെ മുന്‍നിരയിലേക്കെത്തിയ നടനാണ് ജോജു ജോര്‍ജ്. കോമഡി റോളും ക്യാരക്ടര്‍ റോളുകളും തനിക്ക് ചേരുമെന്ന് തെളിയിച്ച ജോജു വില്ലന്‍ വേഷങ്ങളിലൂടെയും ഞെട്ടിച്ചു.

എം.ജി കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരട്ട. ജോജുവാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നത് സാക്ഷല്‍ കമല്‍ഹാസന്‍ വരെ അദ്ദേഹത്തിന്റെ ഇരട്ടയിലെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. ഇപ്പോള്‍ ഇരട്ട സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജോജു ജോര്‍ജ്.

ഇരട്ടയില്‍ താന്‍ എല്ലാ സിനിമകളിലും അഭിനയിക്കുന്നതുപോലെ അഭിനയിച്ച് തീര്‍ത്തതാണെന്നും എന്നാല്‍ ഏത് സിനിമ ചെയ്യുമ്പോഴും അതിനായി തന്റേതായ പ്രിപ്പറേഷന്‍ എടുക്കാറുണ്ടെന്നും ജോജു ജോര്‍ജ് പറയുന്നു. എന്നാല്‍ ഇരട്ട തിയേറ്ററില്‍ ആരും ശ്രദ്ധിക്കാതെ പോയ സിനിമയാണെന്നും പരാജയപ്പെട്ട സിനിമയാണെന്നും അദ്ദേഹം പറയുന്നു.

കുറച്ച് റിവ്യൂവേഴ്‌സ് മാത്രം നല്ല അഭിപ്രായ പറഞ്ഞ സിനിമയാണ് ഇരട്ടയെന്നും തിയേറ്ററില്‍ സിനിമ ഒട്ടും വര്‍ക്ക് ഔട്ട് ആയില്ലെന്നും ജോജു കൂട്ടിച്ചേര്‍ത്തു. ഒ.ടി.ടി.യില്‍ വന്നതിന് ശേഷമാണ് സിനിമ ചര്‍ച്ച ചെയ്യപ്പെട്ടതെന്നും കമല്‍ഹാസനൊക്കെ നല്ല അഭിപ്രായം പറഞ്ഞത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.

‘സത്യം പറഞ്ഞാല്‍ സാധാരണ പടം പോലെ അതും അങ്ങ് അഭിനയിച്ച് തീര്‍ത്തതാണ്. പക്ഷേ ഏത് പടം ചെയ്യുമ്പോഴും എനിക്ക് എന്റേതായിട്ടുള്ള പ്രിപ്പേറേഷന്‍ ഉണ്ട്. എന്റേതായ ഒരു ഡിസൈന്‍ ഉണ്ട്. അതുപോലെ തന്നെയാണ് ആ പടവും ഞാന്‍ ചെയ്തത്. പക്ഷേ ആ പടവും ഇറങ്ങിയപ്പോള്‍ നിങ്ങള്‍ പറയുന്നതുപോലെ ഒരാള്‍ പോലും മൈന്‍ഡ് ചെയ്യാത്ത ഒരു സിനിമയായിരുന്നു. തിയേറ്ററില്‍ പൊട്ടിയ പടമായിരുന്നു അത്. കുറെ റിവ്യുവേഴ്‌സ് ആ സിനിമയെ കുറിച്ച് നല്ലത് പറഞ്ഞു എന്നല്ലാതെ ഇരട്ട തിയേറ്ററില്‍ വര്‍ക്ക് ഔട്ട് ആയില്ല.

ശരിക്കും നമ്മളുടെ ചിന്താഗതി വരെ തെറ്റാണെന്ന് ചിന്തിച്ചിരുന്ന സമയമാണ് അത്. കാരണം അത് ഞാന്‍ തിയേറ്ററില്‍ വര്‍ക്കാകും എന്ന് വിശ്വസിച്ചിരുന്ന ഒരു സിനിമയാണ്. പക്ഷേ ആ സിനിമ ഇറങ്ങി, ഒ.ടി.ടി.യില്‍ ഹിറ്റായപ്പോഴാണ് ഡിസ്‌കഷന്‍ വന്നത്. പിന്നീട് ഹിറ്റായി കഴിഞ്ഞപ്പോള്‍ കമല്‍ സാറൊക്കെ പറഞ്ഞതാണ് എനിക്ക് ഏറ്റവും സന്തോഷം തന്നത്. തൃപ്തിയായെന്ന് ഞാന്‍ പറഞ്ഞത് അതുകൊണ്ടാണ്. ഇനിയിപ്പോള്‍ ഇതില്‍ കൂടുതല്‍ ആര് പറഞ്ഞില്ലെങ്കിലും പ്രശ്‌നമില്ല എന്ന് തോന്നിയത് അതുകൊണ്ടാണ്,’ ജോജു ജോര്‍ജ് പറയുന്നു.

Content Highlight: Joju George   says that iratta movie  was a flop in theater

We use cookies to give you the best possible experience. Learn more